മീഡിയവൺ ഉള്ളടക്കത്തിൽ പ്രശ്‌നമുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നത് എന്തുകൊണ്ട്? പ്രമോദ് രാമൻ

ദേശസുരക്ഷ എന്ന ഉമ്മാക്കി കാട്ടി തങ്ങളുടെ ശബ്ദം തടയാൻ ശ്രമിക്കേണ്ടതില്ലെന്ന് പെഗാസസ് കേസിൽ സുപ്രിംകോടതിക്ക് പറയേണ്ടിവന്നതാണ്. ഇതേകാര്യം ഉന്നയിച്ചാണ് മീഡിയവണിനെതിരെയും വിലക്ക് പ്രയോഗിച്ചിരിക്കുന്നതെന്നും എഡിറ്റർ പ്രമോദ് രാമൻ

Update: 2022-02-20 17:04 GMT
Editor : Shaheer | By : Web Desk
Advertising

മീഡിയവണിന്റെ ഉള്ളടക്കത്തിൽ രാജ്യദ്രോഹപരമായ എന്തെങ്കിലും ഉണ്ടെങ്കിൽ കേന്ദ്ര സർക്കാർ തന്നെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എഡിറ്റർ പ്രമോദ് രാമൻ. ചാനലിനെതിരെ പ്രചരിപ്പിക്കുന്നതെല്ലാം പൊള്ളയായ കാര്യങ്ങളാണെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീഡിയവണിന്റെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടയാളാണ് ഞാൻ. അതിൽ രാജ്യദ്രോഹപരമായി, ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ കേന്ദ്ര സർക്കാരിന്റെ പൊലീസ് കടന്നുവരട്ടെ. എന്നെ അറസ്റ്റ് ചെയ്യട്ടെ. എന്തുകൊണ്ടാണ് മടിക്കുന്നത്? ദേശവിരുദ്ധ പ്രവർത്തനം, ദേശസുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ വലിയ പ്രയോഗങ്ങളെല്ലാം പ്രയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ്. എന്നെ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ അതിനർത്ഥം ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം പൊള്ളയാണെന്നാണ്-പ്രമോദ് രാമൻ വിമർശിച്ചു.

Full View

എന്തുകാരണം കൊണ്ടാണ് സംപ്രേഷണ വിലക്കെന്ന് വ്യക്തമാക്കാത്ത സർക്കാർ നാട്ടുകാർക്കിടയിൽ ചാനലിനെക്കുറിച്ച് സംശയം പരത്താനാണ് ശ്രമിക്കുന്നത്. മൗലികവകാശത്തിന്റെ ലംഘനമാണിത്. മാധ്യമസ്വാതന്ത്ര്യം രാജ്യത്തെ ഏതൊരാൾക്കും അഭിപ്രായങ്ങൾ പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ്. സർക്കാരിന് രുചിക്കാത്ത കാര്യങ്ങളുണ്ടെങ്കിൽ അതിനോട് സംവദിക്കുകയാണ് വേണ്ടത്. അല്ലാതെ വിലക്കുകയോ നിഷേധിക്കുകയോ അല്ല ചെയ്യേണ്ടത്. ദേശസുരക്ഷ എന്ന ഉമ്മാക്കി കാട്ടി തങ്ങളുടെ ശബ്ദം തടയാൻ ശ്രമിക്കേണ്ടതില്ലെന്ന് പെഗാസസ് കേസിൽ സുപ്രിംകോടതിക്ക് പറയേണ്ടിവന്നതാണ്. ഇതേകാര്യം ഉന്നയിച്ചാണ് മീഡിയവണിനെതിരെയും വിലക്ക് പ്രയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വദേശാഭിമാനിയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെയുമെല്ലാം പ്രസിദ്ധീകരണങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, അക്കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾക്ക് ഭരണഘടനാവികാസമുണ്ടായിരുന്നില്ല. ഇന്ന് നമ്മൾ ജീവിക്കുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനുകീഴിൽ, ഒരു ഭരണഘടനയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന സർക്കാരിനുകീഴിൽ ആ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പിന്മേലാണെന്നും പ്രമോദ് രാമൻ കൂട്ടിച്ചേർത്തു.

Summary: Why are you reluctant to arrest me if there is a problem with MediaOne content?, Asks Editor Pramod Raman

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News