എന്തു കൊണ്ട് ഇത്രയും വലിയ മഴ? വിദഗ്ധർ പറയുന്നു
"പണ്ട് ഒരു ദിവസം 10-12 സെന്റീമിറ്റർ മഴ കിട്ടുന്ന സ്ഥലത്ത് ഇന്ന് രണ്ടു മൂന്നു മണിക്കൂർ കൊണ്ട് ഇത്തരം വലിയ മഴ ലഭിക്കുന്നു"
അപ്രതീക്ഷിതമായി മിന്നൽ വേഗത്തിൽ പെയ്ത തെക്കൻ ജില്ലകളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചിരിക്കുകയാണ്. മഴയെത്തുടർന്ന് വിവിധ മേഖലയിൽ ഉണ്ടായ അപകടത്തിൽ ഇതുവരെ എട്ടു പേർ മരിച്ചു. 17 പേർ മണ്ണിനടിയിലാണ്. ചെറിയ സമയത്തിനുള്ളിൽ വലിയ മഴ പെയ്തതാണ് ദുരന്തമുണ്ടാകാനുള്ള കാരണം. 2019ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന് സമാനമായ പ്രതിഭാസമാണ് ഇന്നലെ കോട്ടയത്തെ കൂട്ടിക്കലിലും മറ്റും ഉണ്ടായത്. ഇതേക്കുറിച്ച് മീഡിയവൺ സ്‌പെഷ്യൽ എഡിഷൻ ചർച്ചയിൽ വിദഗ്ധർ പ്രതികരിക്കുന്നത് ഇങ്ങനെ;
കാരണം ലഘുമേഘ വിസ്‌ഫോടനം: ഡോ.എസ് അഭിലാഷ്
'അറബിക്കടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് കേരളത്തിലേക്ക് അടുത്തുവന്ന സമയത്ത് തെക്കൻ ജില്ലകൾ തൊട്ട് വടക്കൻ ജില്ലകളായ കണ്ണൂർ വരെ ഈ സമയത്ത് മഴ ലഭിച്ചു. കേരളം മുഴുവൻ മേഘാവൃതമായിരുന്നെങ്കിലും വലിയ മഴ പെയ്തത് കോട്ടയം, ഇടുക്കി അതിർത്തികളിലാണ്. കോട്ടയം പേരുമേട് തുടങ്ങി കുട്ടിക്കാനം, പെരുവന്താനം വഴി തൃശൂരിന്റെ കിഴക്കൻ മേഖല വരെ നീണ്ടു നിൽക്കുന്ന വലിയൊരു ബെൽറ്റിലാണ് മഴമേഘങ്ങൾ കേന്ദ്രീകരിച്ചത്.
പീരുമേട്, വണ്ടിപ്പെരിയാർ, പൂഞ്ഞാർ അടക്കമുള്ള സ്ഥലങ്ങളിൽ ശനിയാഴ്ച രാവിലെ മൂന്നു മണിക്കൂറിൽ മാത്രം ഏകദേശം 20 സെന്റീമീറ്റർ മഴ ലഭിച്ചു. ഇതിനെ ലഘുമേഘ വിസ്‌ഫോടനം എന്നാണ് പറയുന്നത്. ഒരു മണിക്കൂറിൽ പത്തു സെന്റീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനം. കേരളത്തിൽ അത് കേട്ടുകേൾവിയില്ലാത്തതാണ്.
2018ലെ പ്രളയവുമായി ഇത് താരതമ്യം ചെയ്യുന്നതിലും ഉചിതം 2019ലെ പ്രളയസമാനമായ സാഹചര്യത്തോട് ഉപമിക്കുകയാണ്. 2019ൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അടക്കം ഉരുൾപ്പൊട്ടി വെള്ളം ഉയർന്നതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴത്തേത്. ഇതിനെ മിന്നൽ പ്രളയം എന്നാണ് പറയുന്നത്. വലിയ കൂമ്പാരമേഘങ്ങളാണ് ഇതുണ്ടാക്കുന്നത്. കൂമ്പാര മേഘങ്ങൾ കേന്ദ്രീകരിക്കുന്ന മേഖലയിലാണ് ലഘുവിസ്‌ഫോടനങ്ങൾ ഉണ്ടാകുന്നത്.
നാലു മാസം നീണ്ട മൺസൂൺ കഴിഞ്ഞ് അണക്കെട്ടുകളും തടാകങ്ങളും നദികളും മണ്ണും പൂർണ വാട്ടർ ഹോൾഡിങ് കപ്പാസിറ്റിയിൽ നിൽക്കുന്ന വേളയിലാണ് മഴ ലഭിക്കുന്നത്. ഏതു സ്ഥലത്ത് ഇത്തരം മേഘങ്ങൾ കേന്ദ്രീകരിക്കുമെന്ന് രണ്ടു ദിവസം കൊണ്ട് പറയാനാകില്ല. മൂന്നു നാല് മണിക്കൂർ മുമ്പുള്ള റഡാർ, സാറ്റലൈറ്റ് ഇമേജുകളിൽ നിന്ന് മാത്രമേ അതു വ്യക്തമാകൂ.
2019ന് ശേഷം ഈയൊരു പ്രവണത കൂടി വരുന്നത് കേരളത്തിന് വെല്ലുവിളിയാണ്. അഥവാ, കേരളത്തിൽ ഒരു സ്ഥലവും സുരക്ഷിതമല്ല എന്ന നിലയിലേക്ക് മാറുന്നു എന്നു ചുരുക്കം. നേരത്തെ, വനങ്ങളിലാണ് ഉരുൾപ്പൊട്ടൽ ഉണ്ടായിരുന്നത്. കേരളത്തിന്റെ ലാൻഡ്‌സ്‌കേപ്പിങ് മാറിയിട്ടുണ്ട്. പണ്ട് ഒരു ദിവസം 10-12 സെന്റീമിറ്റർ മഴ കിട്ടുന്ന സ്ഥലത്ത് ഇന്ന് രണ്ടു മൂന്നു മണിക്കൂർ കൊണ്ട് ഇത്തരം വലിയ മഴ ലഭിക്കുന്നു.'
ദുരന്തസാധ്യതാ ഭൂപടം തയ്യാറാക്കണം: ഡോ. കെ.ജി താര
'കേരളത്തിൽ മിന്നൽ പ്രളയം വരുമെന്നത് പ്രതീക്ഷിക്കുന്നതാണ്. പെയ്യുന്ന മഴയെ ഉൾക്കൊള്ളാൻ നമ്മുടെ മണ്ണിന് കഴിവില്ല. വെള്ളം ഒഴുക്കിക്കളയാൻ ഡ്രൈനേജ് സംവിധാനമില്ല. മൺസൂൺ കാലത്ത് ഓരോ മണൽത്തരികളുടെ ഇടയിലുള്ള വായു അറകൾ ഏകദേശം പൂർണമായും പൂരിതാവസ്ഥയിലാണ്. അതുകൊണ്ടു തന്നെ വെള്ളത്തെ മണ്ണിന് ആഗിരണം ചെയ്യാനാകില്ല. അടിയന്തരമായി ചെയ്യേണ്ടത്, എമർജൻസി റെസ്‌പോൺസിനായി ദുരന്തസാധ്യതാ ഭൂപടം തയ്യാറാക്കുകയാണ്. മലമ്പ്രദേശത്ത് രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ ഉരുൾപ്പൊട്ടലുണ്ടാകും. സ്ലോപ്പ് ഇംപ്രൂവ്‌മെന്റ് അടക്കമുള്ള കാര്യങ്ങൾ മലഞ്ചെരിവുകളിൽ ചെയ്യണം. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്.'
ദുരന്തം ഒഴിവാക്കാനുള്ള ശ്രമം വേണം: രാജഗോപാൽ കമ്മത്ത്
'കൂട്ടിക്കലും കൊക്കയാറിനും അടുത്ത്, മൂന്നു നാലു കിലോമീറ്റർ ചുറ്റളവിൽ ഏകദേശം പന്ത്രണ്ടോളം ക്വാറികളുണ്ട്. ഇതിൽ മിക്കതും സജീവ ക്വാറികളാണ്. ക്വാറികളിൽ നിന്നുള്ള ക്ഷതം ആ മേഖലയെ ബാധിച്ചിട്ടുണ്ട്. ഓറോഗ്രാഫിക് ലിഫ്റ്റിലൂടെ എയ്‌റോസോൾസ് (ധൂളീമേഘങ്ങൾ) ധാരാളം മലമ്പ്രദേശങ്ങളിലൂടെ മുകളിലേക്ക് കയറുന്നുണ്ട്. ഇത് വലിയ മേഘഭാഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലാ വ്യതിയാനം അടക്കം നിരവധി പ്രതിഭാസങ്ങൾ ഇതിനു പിന്നിലുണ്ട്. ദുരന്തം നിവാരണം ചെയ്യുക എന്നതല്ല, ദുരന്തം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് ശ്രമിക്കേണ്ടത്.'
ചര്‍ച്ച കാണാം;