'കെ-റെയിൽ ഡി.പി.ആറിന് കേന്ദ്രാനുമതിയില്ലെന്നിരിക്കെ സാമൂഹികാഘാത പഠനമെന്തിന്?'; സർക്കാരിനോട് ഹൈക്കോടതി
- ഇത്രയുമധികം പ്രശ്‌നങ്ങളുണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
എറണാകുളം: സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആറിന് കേന്ദ്രാനുമതിയില്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തുന്നതെന്തിനാണെന്ന് ഹൈക്കോടതി. ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണ്. പേര് വിളിച്ചാൽ പദ്ധതിയാകില്ല. ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കിയിട്ടില്ല. എന്തിനുവേണ്ടിയാണ് സർക്കാർ ഇത്രയധികം പണം ചിലവാക്കിയതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനോട് ചോദിച്ചു. കെ-റെയിലുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയം ചില വിശദീകരണങ്ങൾ നൽകിയതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം.
സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ സംബന്ധിച്ച് റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ ഇതുവരെ കെ-റെയിൽ കോർപ്പറേഷൻ നൽകിയിട്ടില്ലെന്നായിരുന്നു റെയിൽവേ ഹൈക്കോടതിയെ അറിയിച്ചത്. കഴിഞ്ഞ തവണ സിൽവർ ലൈൻ സംബന്ധിച്ച കേസുകൾ പരിഗണിച്ചപ്പോൾ ഡി.പിആർ സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കെ-റെയിലുമായി ബന്ധപ്പെട്ട് ചില വിശദാംശങ്ങൾ കോടതി ആരാഞ്ഞത്.
ഡി.പി.ആർ അപൂർണ്ണമാണെന്ന മുൻനിലപാടിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉറച്ചു നിൽക്കുകയാണെന്നും റെയിൽവേ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ-റെയിലിനു വേണ്ടി ധാരാളം പണം ഇപ്പോൾ തന്നെ ചിലവഴിച്ചു കഴിഞ്ഞു. ഇപ്പോൾ പദ്ധതി എവിടെ എത്തി നിൽക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രത്തിന് പദ്ധതിയോട് താത്പര്യമില്ലെന്ന് പറയുന്നു. ഇത്രയുമധികം പ്രശ്‌നങ്ങളുണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നാണ് കോടതിയുടെ ചോദ്യം. ഇല്ലാത്ത പദ്ധതിക്കാണോ സാമൂഹികാഘാത പഠനം നടത്തുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ഇതുവരെ സാമൂഹിക ആഘാത പഠനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടില്ല. ഭൂമി ഏറ്റെടുപ്പിലും വിജ്ഞാപനം ഇറക്കിയിട്ടില്ല. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം എത്രത്തോളമുണ്ടെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മഞ്ഞക്കല്ലിടുന്നതിനെ കോടതി രൂക്ഷമായാണ് പരിഹസിച്ചത്. രാവിലെയാകുമ്പോൾ മഞ്ഞഞ്ഞക്കല്ലുമായി വീടിനു മുന്നിലേക്ക് ആരൊക്കെയോ കയറി വരും. ഇതൊന്നും എന്തിനാണെന്ന് ആർക്കും അറിയില്ലെന്നാണ് കോടതിയുടെ പരിഹാസം. അതിവേഗ റെയിലും ഹൈവേയും എല്ലാം വേണം. പക്ഷേ അതിനൊരു മാനദണ്ഡമുണ്ട്. തോന്നുന്ന പ്രകാരം കാര്യങ്ങൾ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. സിൽവർ ലൈൻ എന്നൊരു പദ്ധതി നിലവിലില്ല. സിൽവർ ലൈൻ നിർദിഷ്ട പദ്ധതി മാത്രമാണതെന്നാണ് കോടതിയുടെ വാദം. അതൊരു പദ്ധതിയാവണമെങ്കിൽ കേന്ദ്രാനുമതി വേണമെന്നും കേന്ദ്ര സർക്കാർ അംഗീകാരമില്ലാതെയാണ് സർക്കാർ ചില നടപടികളെടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.