സംസ്ഥാനത്ത് ശക്തമായ മഴയിൽ ഇന്നും വ്യാപകനാശനഷ്ടം
കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ മതിൽ തകർന്നു
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴയിൽ ഇന്നും വ്യാപകനാശനഷ്ടം. വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ നാല് പേർ മുങ്ങി മരിച്ചു. കോട്ടയം പാലാ പയപ്പാറിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ 53 കാരൻ കരൂർ സ്വദേശി ഉറുമ്പിൽ രാജു മുങ്ങിമരിച്ചു. മലപ്പുറത്ത് കനത്തമഴക്കിടെ ബുധനാഴ്ച കാണാതായ ചേലേമ്പ്ര സ്വദേശി പ്രണവാനന്ദന്റെ മൃതദേഹം പ്രദേശത്തെ തോട്ടിൽ കണ്ടെത്തി.
കോഴിക്കോട് രണ്ട് ഇടങ്ങളിലായി രണ്ടുപേർ മുങ്ങി മരിച്ചു. ആഴ്ചവട്ടം ശിവക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാല്കാരൻ സഞ്ജയ് കൃഷ്ണയും മാത്തോട്ടത്ത് കനാലില്‍ വീണ് വയോധികയായ മേനത്ത് രാധയുമാണ് മരിച്ചത്.
തൃശ്ശൂരിൽ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ അഞ്ചങ്ങാടിയിൽ ഇരുനില കെട്ടിടത്തിന്റെ അടിത്തറ കടലെടുത്തു. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം പൊഴിയൂരിൽ കടൽ കയറി റോഡ് പൂർണമായും നശിച്ചു. സമീപത്തെ വീടുകളിലും കടൽകയറി.
കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ മതിൽ തകർന്നു. വിമാനത്താവളത്തിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകളിൽ കയറി. ശക്തമായ മഴയിലും കാറ്റിലും തൃശ്ശൂർ നഗരത്തിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ ചരിത്രപ്രസിദ്ധമായ തൃശ്ശൂരിലെ വിദ്യാർത്ഥി കോർണറിൻ്റെ അടിത്തറ തകർന്നു. മഴ കനത്തതോടെ ആലപ്പുഴ തോട്ടപ്പള്ളി പൊഴി മുറിച്ചു തുടങ്ങി. ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പൊഴിമുറിക്കൽ നടപടികൾ നാളെ ഉച്ചയോടെ പൂർത്തിയാകും.