സംസ്ഥാനത്ത് വ്യാപക മൊബൈൽ ടവർ മോഷണം; അഴിച്ചുമാറ്റിയത് 51 ടവറുകൾ

പൂട്ടിപ്പോയ എയർസെൽ കമ്പനിയുടെ മൊബൈൽ ടവറുകളാണ് മോഷണം പോയത്

Update: 2023-02-11 02:43 GMT
Advertising

പാലക്കാട്: സംസ്ഥാനത്ത് പൂട്ടിപ്പോയ എയർസെൽ കമ്പനിയുടെ മൊബൈൽ ടവറുകൾ വ്യാപകമായി മോഷണം പോവുന്നു. കേരളത്തിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമായി 51 ടവറുകളാണ് ഊരിമാറ്റിയത്. ടവർ സ്ഥാപിച്ച ജി.ടി.എൽ ഇൻഫ്രാ സ്ട്രക്ചർ കമ്പനിയുടെ പരാതിയിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

2008 -2009 കാലഘട്ടത്തിലാണ് എയർസെൽ മൊബൈൽ കമ്പനിക്കായി 500 ടവറുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. ജി.ടി.എൽ എന്ന കമ്പനിയാണ് ടവറുകൾ നിർമ്മിച്ചത്. എയർസെൽ പ്രവർത്തനം നിർത്തിയതോടെ കുറച്ച് ടവറുകളിൽ മറ്റ് കമ്പനികളുടെ പാനലുകൾ സ്ഥാപിച്ചു. മറ്റ് ടവറുകൾ വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇത് കണ്ടെത്തിയാണ് മോഷണം. വർഷങ്ങളായി ടവർ വാടക ലഭിക്കാത്ത സ്ഥലം ഉടമകളെ കമ്പനി പ്രതിനിധികളെന്ന പേരിൽ സമീപിച്ചാണ് മോഷണം. തമിഴ്നാട്ടിലെ കോയമ്പത്തൂർ നഗരത്തിൽ നിന്ന് മാത്രം 22 ടവർ അഴിച്ചുമാറ്റി. കേരളത്തിലെ 10 ജില്ലകളിൽ നിന്നായി 29 ടവറുകൾ ഇതിനകം ഊരിയെടുത്തു.

മൊബൈൽ ടവർ സർവീസ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന തമിഴ്നാട് സേലം സ്വദേശി കൃഷ്ണകുമാറിനെയാണ് കസബ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 40 മീറ്ററിലധികം ഉയരമുള്ള ഒരു ടവറിന് 50 ലക്ഷം രൂപവരെ വിലവരും.

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News