'വിദ്യയുടെ മരണം കൊലപാതകം ആയിരുന്നോയെന്ന് സംശയമുണ്ട്': ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം
ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് വിദ്യയുടെ പിതാവ്
ആലപ്പുഴ: മാവേലിക്കരയില്‍ ആറു വയസ്സുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്കെതിരെ ഭാര്യയുടെ കുടുംബം. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ നാല് വർഷം മുമ്പ് മരിച്ചിരുന്നു. ഇത് കൊലപാതകം ആയിരുന്നോയെന്ന് സംശയമുണ്ടെന്ന് വിദ്യയുടെ അമ്മ രാജശ്രീ പറഞ്ഞു.
ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് വിദ്യയുടെ പിതാവ് ലക്ഷ്മണൻ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ താനും ഭാര്യയും മകളും മരിക്കുമെന്ന് പറഞ്ഞു. മകള്‍ മരിച്ച ശേഷവും മഹേഷിന് പണം കൊടുക്കുമായിരുന്നു. മഹേഷ് വിദ്യയെ ഉപദ്രവിച്ചിരുന്നുവെന്നും ലക്ഷ്മണൻ പറഞ്ഞു.
ആറ് വയസുകാരി നക്ഷത്രയെ പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിച്ച മഴു ഉപയോഗിച്ചാണ് ശ്രീമഹേഷ് കൊലപാതകം നടത്തിയത്. വീട്ടിലെ മരം വെട്ടാനെന്ന് പറഞ്ഞാണ് മാവേലിക്കരയില്‍ നിന്നും മഴു വാങ്ങിയത്. ഓണ്‍ലൈനില്‍ മഴു വാങ്ങാനും മഹേഷ് ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തി.
കുട്ടിക്ക് ഗെയിം കളിക്കാൻ ടാബ് നൽകി സോഫയിലിരുത്തിയ ശേഷം ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞാണ് ശ്രീമഹേഷ് കൊല നടത്തിയത്. കുട്ടി ടാബിൽ കളിക്കുന്നതിനിടെ ഇയാൾ കഴുത്തിന് പുറകിൽ വെട്ടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സുനന്ദയെയും ഇയാൾ ആക്രമിച്ചു. സംഭവ സമയം ശ്രീമഹേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
മകളെ കൂടാതെ രണ്ടു പേരെ കൂടി കൊലപ്പെടുത്താന്‍ മഹേഷ് ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന. അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൂടി കൊലപ്പെടുത്താനായിരുന്നു പദ്ധതി. വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥയോട് മഹേഷിന് പകയുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ഇവർ പിന്മാറിയത് മഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടാണെന്നും പൊലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥയെ ജോലിസ്ഥലത്തടക്കം ചെന്ന് ശ്രീമഹേഷ് ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. ശ്രീമഹേഷിനെതിരെ ഇവർ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ശ്രീമഹേഷ് നിരാശയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ ഇന്നലെ മാവേലിക്കര സബ് ജയിലിൽ വെച്ച് ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തി. വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പ്രതി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.