ഇടുക്കിയിലെ വന്യജീവി ആക്രമണം ഗുരുതര പ്രശ്നം; കാട്ടാന കൊന്ന വാച്ചറുടെ കുട്ടിക്ക് ജോലി നൽകുമെന്ന് മന്ത്രി

കലക്ടറുടെ മേൽനോട്ടത്തിൽ ശാന്തൻപാറയിൽ റേഷൻ സാധനങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2023-01-31 10:07 GMT
Advertising

ഇടുക്കിജില്ലയിലെ വന്യജീവി ആക്രമണം ഗുരുതര പ്രശ്നമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ ശക്തിവേലിന്റെ കുട്ടിക്ക് ജോലി നൽകും. കലക്ടറുടെ മേൽനോട്ടത്തിൽ ശാന്തൻപാറയിൽ റേഷൻ സാധനങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വന്യജീവിപ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

നാല് പെൺമക്കളാണ് ശക്തിവേലിനുള്ളത്. മൂന്ന് പേർ കല്യാണം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നു. ഇനിയൊരു കുട്ടിയാണ് ബാക്കി. ആ കുട്ടിക്ക് അനുയോജ്യമായ തൊഴിൽ നൽകാനാണ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയിൽ തീരുമാനം- മന്ത്രി പറഞ്ഞു.

നാളെ തന്നെ ശാന്തൻപാറയിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചുകൂട്ടി ആവശ്യമെങ്കിൽ ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ റേഷൻ സാധനങ്ങൾ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വയനാട്ടിൽ നിന്നും ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ ഇടുക്കിയിലെത്തും. പ്രധാനമായും അഞ്ച് ആനകളാണ് അപകടകാരികളായിട്ടുള്ളത്. ഇവയെ നിരീക്ഷിക്കും. ശേഷം ആവശ്യമെങ്കിലും പിടികൂടുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

ആന ശല്യം രൂക്ഷമുള്ള മേഖലകളിൽ 21 കി.മീ ഘട്ടംഘട്ടമായി ഫെൻസിങ് സംവിധാനം ഏർപ്പെടുത്തും. ശക്തിവേലിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണം അന്വേഷിക്കും. ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടിയുണ്ടാവും. ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News