അഞ്ച് വീടുകൾ തകർത്തു, അരിയുൾപ്പടെ അകത്താക്കി; മറയൂരിൽ ഭീതിപരത്തി പടയപ്പ
അരിക്കൊമ്പന് പിന്നാലെ അരിയെടുക്കാൻ എത്തുന്ന പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഇടുക്കി: ഇടുക്കി മറയൂരിൽ ജനവാസ മേഖലയിൽ കാട്ടാന ആക്രമണം. പടയപ്പയെന്ന കാട്ടാന വീടുകൾ തകർത്തു. പാമ്പൻ മല സ്വദേശികളായ കറുപ്പസാമി, രാജേന്ദ്രൻ എന്നിവരുടെ വീടുകളാണ് തകർത്തത് . മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് നാട്ടുകാർ തുരത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി മറയൂരിനോട് ചേർന്നുള്ള പാമ്പൻ മലയടക്കമുള്ള പ്രദേശങ്ങളിൽ പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. രാത്രിമേഖലയിൽ ജനവാസമേഖലയിൽ ഇറങ്ങുന്ന ആന കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്നലെ അർധരാത്രിയോടെ എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങളുടെ സമീപമെത്തി ആന അഞ്ചോളം വീടുകൾ തകർത്തുവെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകളോളം ആളുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ആന വീടുകൾക്കുള്ളിൽ നിന്ന് അരി ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങളും അകത്താക്കി.
പതിനാറോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. നേരത്തെയും പടയപ്പയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. കൃഷിയിടങ്ങൾ നശിപ്പിക്കുകയും എസ്റ്റേറ്റ് തൊഴിലാളികളുടെ വാഹനം തടയുകയും ചെയ്യുന്നത് പതിവായിരുന്നു. ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് ഇന്നലെ ആനയെ തുരത്തിയത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിയതിന് പിന്നാലെ അരിയെടുക്കാൻ പടയപ്പ എത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
ആളുകളെ ഉപദ്രവിച്ചിട്ടില്ലെങ്കിലും ഈയിടെയായി പടയപ്പയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ ആനയെ ഉൾകാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.