ചിന്നക്കനാലിൽ കാട്ടാനശല്യം രൂക്ഷം; വീടുകളും കൃഷിയിടങ്ങളും തകർത്തു
വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ
ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണം . ചിന്നക്കനാൽ വിലക്ക് മില്ലേനിയം കോളനിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഒറ്റയാന്റെറ ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു .
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് മില്ലേനിയം കോളനിവാസിയായ തങ്കത്തിന്റെ വീടിന് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്ന് നിർമ്മിച്ചിരുന്ന ഷെഡ് പൂർണ്ണമായും കാട്ടാന തകർത്തു. ഷെഡിനുള്ളിൽ ഉണ്ടായിരുന്ന ഉപകരണങ്ങളും നശിപ്പിച്ചു. വലിയ ശബ്ദം കേട്ട് തങ്കവും ഭാര്യയും വീടിനുള്ളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
സമീപത്തായി ഹോം സ്റ്റേ നടത്തുന്ന അശോകൻ അത്ഭുതകരമായാണ് ആനയുടെ ആക്രണത്തിൽ നിന്നും രക്ഷപെട്ടത്. ഹോം സ്റ്റേയുടെ സമീപം എത്തിയ ആന ഗേറ്റ് തകർത്ത ശേഷം തുമ്പികൈ കൊണ്ട് അശോകനെ അടിയ്ക്കാൻ ശ്രമിച്ചു. ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട് ഓടുന്നതിനിടെയാണ് അശോകന് പരുക്കേറ്റത്.
ചിന്നക്കനാൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും ആനകളെ ഉൾവനത്തിലേയ്ക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിയ്ക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഒറ്റയാനെ കൂടാതെ എട്ട് ആനകളടങ്ങുന്ന കാട്ടാന കൂട്ടം ദിവസങ്ങളായി മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശമുണ്ടാക്കിയിട്ടും നാശനഷ്ടം വിലയിരുത്താൻ പോലും ഉദ്യോഗസ്ഥർ എത്തുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.