വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം; കൃഷി ഉപേക്ഷിക്കാനൊരുങ്ങി അഞ്ചലിലെ കര്‍ഷകര്‍
വന്യമൃഗങ്ങളുടെ ശല്യം മൂലം ഓണക്കാലം മുന്നിൽ കണ്ടുള്ള കൃഷി പോലും ഇറക്കാൻ സാധിച്ചില്ല എന്ന് കർഷകർ പറയുന്നു
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് കൊല്ലം അഞ്ചലിൽ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ച് കർഷകർ. വന്യമൃഗങ്ങളുടെ ശല്യം മൂലം ഓണക്കാലം മുന്നിൽ കണ്ടുള്ള കൃഷി പോലും ഇറക്കാൻ സാധിച്ചില്ല എന്ന് കർഷകർ പറയുന്നു.
അഞ്ചൽ മണലുവട്ടം, ഒരുനട മേഖലയിൽ കാട്ടു പന്നി, കുരങ്ങ്, മുള്ളൻ പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ് എന്ന് കർഷകർ പറയുന്നു. റബ്ബർ, വാഴ, മറ്റു കാർഷിക വിളകൾ എല്ലാം തന്നെ കൂട്ടമായി എത്തുന്ന പന്നികൾ നശിപ്പിക്കുകയാണ്. കുലച്ചു നിൽക്കുന്ന വാഴകൾ കുത്തിമറിക്കുന്നതും തൈ റബ്ബർ നശിപ്പിക്കുന്നതും തെങ്ങിലെ കരിക്കുൾപ്പെടെ പറിച്ചു താഴെ ഇടുന്നതും ഇവിടെ സ്ഥിരമാണ്. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടാൻ പല മാർഗങ്ങൾ പ്രയോഗിച്ചെങ്കിലും ഇതെല്ലാം തകർത്തുകൊണ്ടാണ് മൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.
കൃഷിപ്പണിക്ക് പോയ സ്ത്രീകൾ ഉൾപ്പെടെ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പല പ്രാവശ്യം വനം വകുപ്പിലും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടയില്ലെന്നു കർഷകർ പറയുന്നു. വനം വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ഇടപെട്ട് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.