ഇ.ഡിക്കു മുന്നിൽ നാളെയും ഹാജരാവില്ല; തോമസ് ഐസക് ഹൈക്കോടതിയിൽ

കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം

Update: 2022-08-10 15:12 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് നാളെയും ഇ.ഡിക്കു മുന്നിൽ ഹാജരാവില്ല. താൻ ചെയ്ത കുറ്റമെന്താണെന്ന് ഇ.ഡി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ ഇ.ഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലമാണ് തോമസ് ഐസക് മറുപടി നൽകിയത്. അതേസമയം ഇ.ഡിയുടെ സമൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു.

ഇ.ഡിയുടെ തുടർനടപടികൾ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.ഡി തനിക്കയച്ച രണ്ടു നോട്ടീസിലും ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇ.ഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തോമസ് ഐസകിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. മുൻപ് ഇ.ഡി നോട്ടീസയച്ചിരുന്നെങ്കിലും അത് തനിക്ക് കിട്ടിയില്ലെന്നായിരുന്നു തോമസ് ഐസകിന്റെ വിശദീകരണം. വാർത്തയിലൂടെ മാത്രമാണ് താൻ വിവരമറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസയച്ചിരുന്നെങ്കിലും അങ്ങനെ ഹാജരാവേണ്ട ആവശ്യമില്ലെന്ന രാഷ്ട്രീയ തീരുമാനം സിപിഎം നേതൃത്വത്തിനുണ്ട്.

ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ വേട്ടയാടുകയാണെന്ന് സിപിഎം നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് എന്ത് സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് മറുപടിക്കത്ത് നൽകുകയായിരുന്നു.

കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ഇ.ഡി ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്റെ പ്രതികരണം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News