പാർട്ടി നയം അതല്ലെന്ന ഒറ്റവാക്ക് കൊണ്ട് അനിൽകുമാർ തുറന്നുവിട്ട വിവാദം അവസാനിക്കില്ല: വിസ്ഡം

മലപ്പുറം, മലപ്പുറത്തെ വിജയശതമാനം, അവിടത്തെ പെൺകുട്ടികൾ, അവരുടെ തട്ടം... തുടങ്ങിയവ സി.പി.എമ്മിന്റെ നേതാക്കളുടെ വരികളിലും വാക്കുകളിലും ഇടക്കിടക്ക് വിവാദമാകുന്നതിന്റെ അടിസ്ഥാന കാരണത്തെ ചികിത്സിക്കാൻ ഈ ഘട്ടത്തിൽ അവർ തയ്യാറാവണമെന്നും ടി.കെ അഷ്‌റഫ് പറഞ്ഞു.

Update: 2023-10-03 15:58 GMT
Advertising

കോഴിക്കോട്: പാർട്ടി നയം അതല്ലെന്ന ഒറ്റവാക്ക് കൊണ്ട് അനിൽകുമാർ തുറന്നുവിട്ട വിവാദം അവസാനിക്കില്ലെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. മതരഹിത സമൂഹമാണ് സി.പി.എം ലക്ഷ്യംവെക്കുന്നത് എന്ന യാഥാർഥ്യം മറനീക്കി പുറത്തുവന്നുവെന്നതാണ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവനയുടെ ഗൗരവം. യുക്തിവാദികളെക്കാൾ മുസ്‌ലിം സമുദായത്തെ, വിശിഷ്യാ മുസ്ലിം പെൺകുട്ടികളെ മതവിരുദ്ധരാക്കാൻ പണിയെടുക്കുന്നത് സി.പി.എമ്മാണെന്നും അതിന്റെ ക്രെഡിറ്റ് യുക്തിവാദ സംഘടനകൾക്ക് അവകാശപ്പെട്ടതല്ലെന്നു കൂടി വ്യക്തത വരുത്തുകയാണ് പ്രസംഗത്തിലൂടെ അദ്ദേഹം ചെയ്തതെന്നും വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് പറഞ്ഞു.

ഇനി മതവിരുദ്ധത തങ്ങളുടെ അജണ്ടയല്ല എന്ന വാദം ആത്മാർഥമാണെങ്കിൽ, അത് പ്രവൃത്തിയിലൂടെ തെളിയിക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ട്. യുക്തിചിന്ത, ലിംഗസമത്വം, ജന്റർ സ്‌പെക്ട്രം, ലിംഗാവബോധം, എന്നിവ ജനകീയ ചർച്ചയിലൂടെ എത്ര വിമർശന വിധേയമായിട്ടും പാഠ്യപദ്ധതി ചട്ടക്കൂടിൽ നിന്ന് ഒഴിച്ചുനിർത്താൻ അവർ തയാറായിട്ടില്ല. മതരഹിത സമൂഹസൃഷ്ടിയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നത് എന്നതുകൊണ്ടാണ് എല്ലാ ജനകീയ ചർച്ചകളെയും അട്ടിമറിച്ച് ഒന്നാമത്തെ കരടിലെ അതേ ആശയങ്ങൾ സാധാരണക്കാരന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ട് വീണ്ടും ഉൾപ്പെടുത്തിയതെന്ന് പറയാതെ വയ്യ. അതിനാൽ, വരും ദിനങ്ങളിൽ ഇത്തരം വിഷയങ്ങളിൽ സി.പി.എം എടുക്കുന്ന നിലപാടുകൾ കൂടി മുന്നിൽ വെച്ചുകൊണ്ട് മാത്രമേ അഡ്വ.അനിൽകുമാറിന്റെ പ്രസംഗത്തെ സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് തള്ളിപ്പറഞ്ഞതിനെ മുഖവിലക്കെടുക്കാൻ കഴിയൂ.

തട്ടം മാത്രമല്ല; മതത്തെ പറ്റിയുള്ള സമീപനവും മതനവീകരണ ശ്രമങ്ങളുമാണ് പ്രശ്‌നം. വിവാദത്തെ കേവലം തട്ടം ഇടുക, അതിനുള്ള വ്യക്തിസ്വാതന്ത്ര്യം എന്നിവയിൽ ഒതുക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ട് തട്ടമിടാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്ന പ്രസ്താവന കൊണ്ട് അവസാനിക്കുന്നതല്ല ഈ വിഷയം. മറിച്ച് മതത്തെയും മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അപരിഷ്‌കൃതമായും പരിഷ്‌കരിക്കേണ്ടതായും മനസിലാക്കുന്ന കമ്യൂണിസ്റ്റ് ആശയത്തിലാണ് വ്യക്തത വരുത്തേണ്ടത്. മലപ്പുറം, മലപ്പുറത്തെ വിജയശതമാനം, അവിടത്തെ പെൺകുട്ടികൾ, അവരുടെ തട്ടം... തുടങ്ങിയവ സി.പി.എമ്മിന്റെ നേതാക്കളുടെ വരികളിലും വാക്കുകളിലും ഇടക്കിടക്ക് വിവാദമാകുന്നതിന്റെ അടിസ്ഥാന കാരണത്തെ ചികിത്സിക്കാൻ ഈ ഘട്ടത്തിൽ അവർ തയ്യാറാവണമെന്നും ടി.കെ അഷ്‌റഫ് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News