ബ്യൂട്ടി പാർലർ വിറ്റ് പണം നൽകി, ദുബൈയിൽ ജോലി വാഗ്‌ദാനം; യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് പരാതി
ദുബൈയിൽ എത്തിയ ശേഷം യുവതിയോട് മസാജ് പാർലറിൽ അടക്കം ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് വിദേശത്തു കൊണ്ടുപോയി ശാരീരികമായി മാനസികമായും പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. പറവൂർ സ്വദേശിനിയാണ് പരാതി നൽകിയത്. പള്ളുരുത്തി സ്വദേശികളായ ദമ്പതികൾക്ക് എതിരെയാണ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകിയിരിക്കുന്നത്.
മലപ്പുറത്ത് ഒരു ബ്യൂട്ടി പാർലർ നടത്തുകയായിരുന്ന യുവതി ഒരു വർഷം മുൻപാണ് പ്രതികളെ പരിചയപ്പെടുന്നത്. ബ്യൂട്ടീഷനുമായി ബന്ധപ്പെട്ട കോഴ്‌സുകൾ പഠിക്കാൻ ഇവർ എറണാകുളത്ത് വന്നപ്പോഴാണ് പള്ളുരുത്തി സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത്. തനിക്ക് ഗൾഫിൽ ബ്യൂട്ടി പാർലർ ഉണ്ടെന്നും അവിടെ കൂടുതൽ സാധ്യതയുണ്ടെന്നും പ്രലോഭിച്ച് യുവതിയെ ദുബൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മലപ്പുറത്തെ ബ്യൂട്ടി പാർലർ വിറ്റുകിട്ടിയ പണവുമായാണ് ഇവർ ദുബൈയിലേക്ക് പോയത്. എന്നാൽ, ദുബൈയിൽ എത്തിയ ശേഷം യുവതിയോട് ഇവർ മോശമായി പെരുമാറുകയും മസാജ് പാർലറിൽ അടക്കം ജോലി ചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു. തുടർന്ന് ശാരീരികമായും മാനസികമായും ഉപദ്രവങ്ങൾ നേരിട്ടു. പള്ളുരുത്തി സ്വദേശിയുടെ ഭർത്താവ് തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
അന്യസംസ്ഥാനക്കാരായ രണ്ടു സ്ത്രീകളും ഇവിടെ ജോലി ചെയ്തിരുന്നു. തങ്ങളുടെ മോശം ഫോട്ടോകൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ ജോലിക്ക് വെച്ചിരിക്കുന്നതെന്നും യുവതി വെളിപ്പെടുത്തി. തുടർന്ന് വീട്ടിൽ പോകണമെന്ന് നിരന്തരം നിർബന്ധം പിടിച്ചതിനെ തുടർന്ന് യുവതിയെ ഡിസംബർ 31ന് ഇവരെ എയർപോർട്ടിൽ കൊണ്ടുവിടുകയായിരുന്നു. എന്നാൽ, കയ്യിലുണ്ടായിരുന്ന ടിക്കറ്റിൽ ജനുവരി 31 ആണ് തീയതി രേഖപ്പെടുത്തിയിരുന്നത്.
അവിടെയുണ്ടായിരുന്ന ചില മലയാളികളുടെ സഹായത്തോടെയാണ് ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയതെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.