ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായ മാന്തി; യുവതി പേവിഷബാധയേറ്റ് മരിച്ചു

രോഗലക്ഷണങ്ങൾ കണ്ട ശേഷമാണ് ഇവർ ഡോക്ടറെ സമീപിച്ചത്.

Update: 2023-06-17 08:22 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി പെരേര (49) ആണ് മരിച്ചത്. തെരുവ് നായയുടെ നഖം കൊണ്ട് സ്റ്റെഫിനയ്ക്ക് മുറിവേറ്റിരുന്നു. നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് നായ മാന്തിയത്. 

ഏതാനും നാളുകൾക്ക് മുൻപ് സഹോദരന്റെ ചികിത്സക്കായി ബെംഗളൂരുവിൽ നിന്ന് എത്തിയതായിരുന്നു സ്റ്റെഫിന. ജൂൺ ഏഴിന് സഹോദരൻ ചാൾസുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തി. ജൂൺ ഒൻപതിന് സ്റ്റെഫിന ആശുപത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ സ്റ്റെഫിനയെ പ്രവേശിപ്പിച്ചു. 

ഡോക്ടർമാർ വിശദമായി അന്വേഷിച്ചപ്പോഴാണ് നായ മാന്തിയ വിവരം അറിഞ്ഞത്. ഒരാഴ്ച മുൻപ് അഞ്ചുതെങ്ങിലെ വീടിന് സമീപത്ത് വെച്ച് തെരുവുനായകൾക്ക് സ്റ്റെഫിന ഭക്ഷണം കൊടുത്തിരുന്നു. ഇതിലൊരു നായയാണ് മാന്തിയത്. പോറൽ മാത്രമേയുള്ളൂ എന്ന് കണ്ട് ഇവർ ചികിത്സ തേടിയിരുന്നില്ല. തുടർന്ന് അസുഖം മൂർച്ഛിക്കുകയായിരുന്നു. ഒൻപതാം തീയതി രോഗലക്ഷണങ്ങളോടെ കുഴഞ്ഞുവീണ സ്റ്റെഫിന ഞായറാഴ്ചയുടെ മരിച്ചു. 

സ്റ്റെഫിനയുടെ സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതേസമയം, അഞ്ചുതെങ്ങ് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇന്നലെ കാസർകോട് ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിച്ച് പറിച്ചിരുന്നു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മരപ്പണിക്കാരനാണ് പരിക്കേറ്റ മധു.

കണ്ണൂർ മട്ടന്നൂരിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന് നേർക്ക് പാഞ്ഞടുക്കുന്ന തെരുവുനായകളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തലനാരിഴക്കാണ് കുട്ടി രക്ഷപെട്ടത്. രണ്ടുദിവസം മുമ്പാണ് കണ്ണൂരിൽ ഭിന്നശേഷിക്കാരനായ നിഹാൽ എന്ന 11-കാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയത്. സമീപത്തെ വീട്ടിലേക്ക് പോയ നിഹാലിനെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ നിഹാലിനെ വീടിന്റെ പിൻഭാഗത്തുനിന്ന് അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News