'മറ്റൊരു വിവാഹാലോചന വന്നത് പ്രകോപനം, സൈബർ അധിക്ഷേപം ആസൂത്രിതം'; യുവതിയുടെ മരണത്തില്‍ സഹോദരി ഭര്‍ത്താവ്
'പൊലീസിൽ പരാതി നൽകിയ ശേഷവും അരുൺ സഹോദരിയെ ശല്യം ചെയ്തു'
കോട്ടയം: കടുത്തുരുത്തിയിൽ സൈബർ അധിക്ഷേപത്തെ തുടർന്നുള്ള യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി അരുണിനെതിരെ സഹോദരി ഭർത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ് . പൊലീസിൽ പരാതി നൽകിയ ശേഷവും അരുൺ സഹോദരിയെ ശല്യം ചെയ്തു. മറ്റൊരു വിവാഹ ആലോചന വന്നതാണ് പ്രകോപനത്തിന് കാരണം. ആസൂത്രിതമായാണ് സഹോദരിക്ക് നേരെ അരുൺ സൈബർ അധിക്ഷേപം നടത്തിയതെന്നും മണിപ്പൂരിലെ സബ്കലക്ടറായ ആശിഷ് ദാസ് മീഡിയവണിനോട് പറഞ്ഞു .
ഇന്നലെ രാവിലെയാണ് കോതനെല്ലൂർ സ്വദേശിനിയായ ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായിരുന്ന അരുൺ എന്ന വ്യക്തിയുടെ സൈബർ അധിക്ഷേപത്തിൽ മനം നൊന്തായിരുന്നു മരണം. ഇയാളുടെ മോശം സ്വഭാവത്തെ തുടർന്ന് യുവതി ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. കൂടാതെ മറ്റൊരു വിവാഹാലോചന കൂടി വന്നതോടെ സൈബർ അധിക്ഷേപം ഇരട്ടിയായി. പൊലീസിൽ പരാതി നല്കിയിട്ടും ഭീഷണികൾ തുടർന്നിരുന്നു. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതമായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
അരുണിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇതര സംസ്ഥാനത്തേക്ക് ഇയാൾ കടന്നതായും സംശയമുണ്ട്. അതേസമയം, ആതിരയുടെ മൃതദേഹം സംസ്കരിച്ചു. 11 .30 ഓടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.