'സ്ത്രീകൾക്ക് പുതിയ കാലത്തും ലീഗില്‍ രക്ഷയില്ല, സ്ത്രീവിരുദ്ധ നിലപാട് അപലപനീയം'; സി.പി.എം

'പാർലമെന്‍റിലും നിയമസഭയിലും ഉൾപ്പെടെ മത്സരിക്കാൻ പോലും വനിതകൾക്ക് അവസരം നൽകാറില്ല, സ്ത്രീകളെ എക്കാലത്തും രണ്ടാം കിടക്കാരായി കണ്ട ചരിത്രമാണ് ലീഗിനുള്ളത്'

Update: 2021-08-17 16:01 GMT
Editor : ijas
Advertising

പരാതി ഉന്നയിച്ചതിന്‍റെ പേരിൽ എം.എസ്.എഫിലെ വനിതാവിഭാഗം ഹരിത ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിലൂടെ മുസ്‍ലിം ലീഗിന്‍റെ സ്ത്രീവിരുദ്ധ മുഖം ഒരിക്കൽക്കൂടി പരസ്യപെട്ടതായി സി.പി.എം. സ്ത്രീത്വത്തെ അപമാനിച്ച എം.എസ്‌.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി നൽകിയതിൽ പക പോക്കാനാണ് നടപടി. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലീഗ് അതിന്‍റെ പ്രാകൃത അവസ്ഥയിൽ നിന്നും പുറത്തു വന്നിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്ത്രീകളെ എക്കാലത്തും രണ്ടാം കിടക്കാരായി കണ്ട ചരിത്രമാണ് ലീഗിനുള്ളതെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പാർലമെന്‍റിലും നിയമസഭയിലും ഉൾപ്പെടെ മത്സരിക്കാൻ പോലും വനിതകൾക്ക് അവസരം നൽകാറില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് മുസ്‍ലിം ലീഗ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങൾക്ക് വൈകുന്നേരം 6 മണി കഴിഞ്ഞാൽ പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ലീഗ് നേതൃത്വം വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സ്ത്രീ വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്നതാണ് ലീഗിന്‍റെ പൂർവകാല ചരിത്രം. 1957-ൽ വിദ്യാഭ്യാസ പരിഷ്കരണത്തിന് തുടക്കമിട്ട ഇ.എം.എസ് സർക്കാരിനെ അട്ടിമറിച്ചത് ഇതിന്‍റെ ഭാഗമായാണ്. പിന്നീട് പൊതുവിദ്യാഭ്യാസത്തിന് അവസരങ്ങൾ തുറന്നിട്ടപ്പോൾ പ്രതിലോമ മുദ്രാവാക്യവുമായി സമുദായ സംഘടനകൾക്കൊപ്പം ലീഗ് രംഗത്തെത്തി. കലാ-കായിക രംഗങ്ങളിൽ സ്ത്രീകൾ രംഗത്ത് വരുന്നതിനെ പരസ്യമായി എതിർത്തു, ഊരുവിലക്ക് പോലുള്ള പ്രാകൃത നടപടികൾ സ്വീകരിച്ചു. ഇതിനെയൊക്കെ അതിജീവിച്ചാണ് ജില്ലയിൽ സ്ത്രീകള്‍ പൊതുസമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കടന്നു വന്നത് ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നയ സമീപനങ്ങളാണ് അതിന് വഴിയൊരുക്കിയത്- സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീകൾക്ക് പുതിയ കാലത്തും ലീഗില്‍ രക്ഷയില്ലെന്ന സന്ദേശമാണ് ഹരിത ഭാരവാഹികൾക്കെതിരായ നീക്കത്തിലൂടെ വ്യക്തമാകുന്നത്. ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നടപടി തിരുത്താൻ ലീഗ് തയ്യാറാകണം. ജനാധിപത്യത്തിന്‍റെയും തുല്യ നീതിയുടെയും ജീവവായു സംഘടനയിൽ അനുവദിക്കാൻ നേതൃത്വം തയ്യാറാകണമെന്നും സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News