തൊഴിലാളിയെ തോട്ടിൽ കാണാതായ സംഭവം: തിരച്ചിൽ അ‍ഞ്ച് മണിക്കൂർ പിന്നിട്ടു

തിരിച്ചിലിനായി കൂടുതൽ ജീവനക്കാരെ എത്തിക്കും

Update: 2024-07-13 12:37 GMT
Advertising

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപം തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിൽ അ‍ഞ്ച് മണിക്കൂർ പിന്നിട്ടു. ടണലിന്റെ അകത്ത് മാലിന്യം നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ആദ്യ ഭാഗത്തു കൂടി കയറാനുള്ള ശ്രമം തത്കാലം ഉപേക്ഷിച്ചു. ടണലിന്റെ മറ്റൊരു ഭാഗത്ത് കൂടി കയറാൻ കഴിയുമോ എന്ന സാധ്യതയും അഗ്നിരക്ഷാസേന തേടുന്നുണ്ട്.

ടണലിലൂടെ 30 മീറ്റർ അകത്തേക്കു പോയെങ്കിലും കനത്ത ഇരുട്ടായതിനാലും മുട്ടുകുത്തി നിൽക്കാൻ പോലും കഴിയാത്തതിനാലും പിന്മാറുകയായിരുന്നു. അതേസമയം തിരച്ചിൽ അവസാനിപ്പിക്കില്ലെന്നും രാത്രിയിലും തിരച്ചിൽ തുടരാനാണ് തീരുമാനമെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇതിനായി നഗരസഭയിൽ നിന്ന് കൂടുതൽ ജീവനക്കാരെ എത്തിക്കും. ഫയർഫോഴ്സും സ്കൂബ സംഘവും സ്ഥലത്ത് തുടരും. എന്നാൽ വെളിച്ചം നഷ്ടപ്പെട്ടാൽ പരിശോധനയെ ബാധിക്കുമോയെന്ന ആശങ്കയും അധികൃതർ‍ക്കുണ്ട്.

മാരായമുട്ടം സ്വദേശി ജോയിയെയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായത്. റെയിൽവേയുടെ നിർദ്ദേശാനുസരണം ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയിതാണ് ജോയ്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാൾ തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. മേയർ ആര്യ രാജേന്ദ്രൻ അപകടം നടന്ന സ്ഥലം സന്ദർശിച്ചു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News