വയനാട്ടിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് മുന്നിലെ തൊഴിലാളി സമരം ഒത്തുതീർന്നു

ജില്ലാ ട്രേഡ് യൂണിയൻ നേതാക്കളും നെസ്റ്റോ മാനേജ്മെന്റും നടത്തിയ ചർച്ചയിലാണ് തീരുമാനം

Update: 2022-07-15 14:40 GMT
Advertising

കല്പറ്റ:  വയനാട് കല്പറ്റയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് മുന്നിലെ ചുമട്ടുതൊഴിലാളി സമരം ഒത്തുത്തീർന്നു. നഗരസഭാ ചെയര്‍മാന്റെ അധ്യക്ഷതയിൽ ജില്ലാ ട്രേഡ് യൂണിയൻ നേതാക്കളും നെസ്റ്റോ മാനേജ്മെന്റും നടത്തിയ ചർച്ചയിലാണ് തീരുമാനം. നെസ്റ്റോയുടെ സ്വന്തം വാഹനങ്ങളിൽ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് വരുന്ന ചരക്കുകള്‍ നെസ്റ്റോയുടെ തൊഴിലാളികള്‍ക്ക് തന്നെ ഇറക്കാമെന്നും മറ്റു ചരക്കുവാഹനങ്ങളിൽ സ്ഥാപനത്തിലേക്ക് വരുന്ന ചരക്കുകൾ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് ഇറക്കാമെന്നുമുള്ള ധാരണയിലാണ് ഒത്തുതീർപ്പ്.

അതേസമയം, ഈ ധാരണകൾ നേരത്തെയും ഉണ്ടായിരുന്നെങ്കിലും നെസ്റ്റോയിലേക്ക് നെസ്റ്റോയുടെ സ്വന്തം വാഹനങ്ങളിൽ മാത്രമാണ് ചരക്കുകളെത്തുന്നതെന്നായിരുന്നു ട്രേഡ് യൂണിയനുകളുടെ ആക്ഷേപം. മറ്റു ചരക്കു വാഹനങ്ങളിൽ ചരക്കുകളെത്താത്തതിനാൽ തങ്ങൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്നാരോപിച്ചാണ് ഹൈപ്പർ മാർക്കറ്റിനു മുന്നിൽ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പന്തൽ കെട്ടി സമരമാരംഭിച്ചത്.

എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താതെയും മുൻധാരണകൾ തന്നെ വീണ്ടുമംഗീകരിച്ചുമാണ് സമരത്തിൽ നിന്ന് പിൻമാറാനുള്ള തൊഴിലാളി സംഘടനകളുടെ തീരുമാനം. മാളിൽ ഭാവിയിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന നെസ്റ്റോയുടേതല്ലാത്ത ഷോപ്പുകളിലേക്കെത്തുന്ന ചരക്കുകൾ യൂണിയനുകൾക്ക് ഇറക്കാമെന്ന കാര്യത്തിലും ചർച്ചയിൽ ധാരണയായതായി തൊഴിലാളി സംഘടനകൾ അറിയിച്ചു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News