നേതൃയോഗങ്ങൾ നിരന്തരം മാറ്റിവെക്കുന്നു, സംഘടനാ പ്രശ്‌നങ്ങൾക്ക് പരിഹാരമില്ല; സംഘടനാ സംവിധാനം കുത്തഴിയുന്നതായി ലീഗിൽ വിമർശനം

മാധ്യമങ്ങളുടെയും രാഷ്ട്രീയ കേന്ദ്രങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി ജിഫ്രി തങ്ങൾ മാറിയതോടെ ലീഗ് അനുനയശൈലി സ്വീകരിച്ചെങ്കിലും കാര്യങ്ങൾ ഇപ്പോഴും അനുകൂലമല്ല. സമസ്തയിലെ ചെറുകഷണമെങ്കിലും അടർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സിപിഎം നീക്കം തടയാൻ ലീഗ് ഒന്നും ചെയ്യുന്നില്ലെന്ന വിമർശനവും സംഘടനയിൽ ശക്തമാണ്

Update: 2022-01-02 16:11 GMT
Advertising

കോഴിക്കോട്: സംസ്ഥാന വർക്കിങ് കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങൾ നിരന്തരം മാറ്റിവെക്കുന്നതും 'ഹരിത' വിഷയം അടക്കമുള്ള സംഘടനാപ്രശ്‌നങ്ങൾ പരിഹാരമില്ലാതെ തുടരുന്നതും മുസ്‌ലിം ലീഗിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയോടെ ദുർബലമായ പാർട്ടി നേതൃത്വം നേതൃയോഗങ്ങൾ നിരന്തരം മാറ്റിവെക്കുകയാണ്.

ഒന്നര വർഷത്തിനിടെ സംസ്ഥാന വർക്കിങ് കമ്മിറ്റി ചേർന്നത് രണ്ടുതവണ മാത്രമണ്. സെക്രട്ടേറിയറ്റ് യോഗം ചേർന്നത് ഒരു വട്ടം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസം കഴിഞ്ഞാണ് വർക്കിങ് കമ്മിറ്റി ചേർന്നത്. സമൂഹമാധ്യമങ്ങൾ മുഖേന അണികൾ സൃഷ്ടിച്ച സമ്മർദമാണ് ഈ യോഗം ചേരാൻ പോലും നേതൃത്വത്തെ നിർബന്ധിച്ചത്. നാലുതവണ മാറ്റിവെച്ച ശേഷമാണ് ഈ യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച പത്തംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞെങ്കിലും ഇതു സംബന്ധിച്ച ചർച്ചക്ക് നേതൃത്വം ഇതുവരെ തയാറായിട്ടില്ല.

2021 ഡിസംബർ 22ന് പ്രവർത്തക സമിതി യോഗം വിളിച്ചെങ്കിലും അത് 2022 ജനുവരി മൂന്നാം തിയതിയിലേക്ക് മാറ്റിവെച്ചു. മൂന്നിലെ യോഗവും പൊടുന്നനെ മാറ്റിവെക്കുകയായിരുന്നു. മാറ്റിയ യോഗം ജനുവരി 20ന് ചേർന്നേക്കുമെന്ന വിവരം മാത്രമാണ് വർക്കിങ് കമ്മിറ്റി അംഗങ്ങൾക്ക് പാർട്ടി ഓഫീസിൽനിന്ന് ലഭിച്ചത്. വഖഫ് വിഷയത്തിൽ രണ്ടാംഘട്ട സമരങ്ങൾക്ക് ഡിസംബർ 16ന് ചേരുന്ന വർക്കിങ് കമ്മിറ്റി രൂപംനൽകുമെന്ന് ജനറൽ സെക്രട്ടറി പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാറ്റിവെച്ച യോഗം എന്ന് ചേരുമെന്ന് വ്യക്തമല്ലാതിരിക്കെ ജില്ലാ കമ്മിറ്റികൾ സ്വന്തം രീതിയിൽ സമരങ്ങൾ പ്രഖ്യാപിച്ച് മുന്നോട്ടുപോകുകയാണ്.

'ഹരിത' ഭാരവാഹിത്വത്തിൽനിന്ന് പാർട്ടി പുറത്താക്കിയ വനിതാ നേതാക്കൾ മുൻപത്തെത്തെക്കാൾ പാർട്ടി വേദികളിൽ സജീവമാണ്. നേതൃത്വത്തിന്റെ 'താത്പര്യം' അവഗണിച്ചും ഫാത്തിമ തഹ്‌ലിയ, നജ്മ തബ്ഷീറ എന്നീ മുൻ ഹരിത നേതാക്കളെ ഹരിത, എംഎസ്എഫ്, യൂത്ത് ലീഗ്, കെഎംസിസി ഘടകങ്ങൾ പരിപാടികൾക്ക് ക്ഷണിക്കുന്നുണ്ട്. ലീഗ് വേദികളിൽ ഇരുവർക്കും ലഭിക്കുന്ന അവസരം അണികൾ 'നേതൃത്വ'ത്തിന്റെ തീരുമാനത്തിനൊപ്പമല്ലെന്ന സന്ദേശം നൽകുന്നുവെന്ന വിമർശനം പാർട്ടിയിൽ ശക്തമാണ്.


അഭിപ്രായ ഐക്യമില്ലാത്തത് പ്രതിസന്ധി

സംഘടനാവിഷയങ്ങളിൽ ഉന്നത നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമില്ലാത്തതാണ് നേതൃയോഗങ്ങൾ ചേരാനുള്ള വിമുഖതയ്ക്ക് കാരണം. പുറത്താക്കിയ ഹരിത ഭാരവാഹികളെ തിരിച്ചെടുക്കണമെന്ന നിലപാട് ഇ.ടി മുഹമ്മദ് ബഷീറും എംകെ മുനീറും ആവർത്തിക്കുമ്പോൾ സാദിഖലി തങ്ങൾ അടക്കമുള്ളവർ അതിനോട് യോജിക്കുന്നില്ല. ഇക്കാര്യത്തിൽ പാർട്ടിയുടെ വ്യവസ്ഥാപിത ഘടകങ്ങളിലൊന്നും ചർച്ച നടക്കുന്നുമില്ല.

പ്രാദേശിക സംഘടനാ പ്രശ്‌നങ്ങളിൽ പാർട്ടിയുടെ മണ്ഡലം/ജില്ലാ/സംസ്ഥാന കമ്മിറ്റികളല്ല തീരുമാനമെടുക്കുന്നത്. ജില്ലാ പ്രസിഡന്റോ സംസ്ഥാന പ്രസിഡന്റോ എടുക്കുന്ന തീരുമാനങ്ങളിൽ പലതിലും പ്രവർത്തകർ തൃപ്തരല്ല. സംഘടനാപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളിൽ നേതാക്കൾ മാധ്യമങ്ങളിൽ നടത്തുന്ന പ്രതികരണങ്ങളിൽ പലതും വൈരുധ്യം നിറഞ്ഞതാണ്. കൂടിയാലോചനയില്ലാതെ നടത്തുന്ന പ്രതികരണങ്ങൾ സംഘടനയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന പരാതി നിരന്തരം താഴേ ഘടകങ്ങളിൽനിന്ന് ഉയരുന്നുണ്ട്.

നയവും നിലപാടും എന്ത്?

സിപിഎം പാർട്ടി സമ്മേളന വേദികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ലീഗിനെ കടന്നാക്രമിക്കുന്നുണ്ടെങ്കിലും ലീഗിന്റെ ഏതെങ്കിലും ഔദ്യോഗിക വേദികളിൽ ഇത് ചർച്ച ചെയ്യപ്പെട്ടിട്ടില്ല. പല നേതാക്കൾ പല രീതിയിൽ സി.പി.എമ്മിന് മറുപടി പറയുന്നുണ്ട്. ഇക്കാര്യത്തിൽ നയപരവും രാഷ്ട്രീയപരവുമായ വ്യക്തതയോടെ പ്രതിരോധവും പ്രത്യാക്രമണവും വേണമെന്ന ആവശ്യം സാദിഖലി തങ്ങളോട് ഒന്നിലധികം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

വഖഫ് സമ്മേളനം തുറന്നുകൊടുത്ത അവസരം പാർട്ടി ഉപയോഗിച്ചില്ലെന്ന പരാതി കെഎം ഷാജിക്കുമുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശങ്ങൾ ആയുധമാക്കി സിപിഎം നടത്തുന്ന ആക്രമണം ലീഗിന് വലിയ പരിക്കുണ്ടാക്കുന്നതാണെന്ന വിലയിരുത്തലും സംഘടനയ്ക്കകത്തുണ്ട്.

ഇക്കാര്യത്തിലും പാർട്ടിക്കകത്ത് വേണ്ടത്ര കൂടിയാലോചനയോ ചർച്ചകളോ നടക്കാത്തത് സംഘടനക്ക് കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക പ്രധാന നേതാക്കൾ പങ്കിടുന്നു. മാധ്യമങ്ങളുടെയും രാഷ്ട്രീയ കേന്ദ്രങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി ജിഫ്രി തങ്ങൾ മാറിയതോടെ ലീഗ് അനുനയശൈലി സ്വീകരിച്ചെങ്കിലും കാര്യങ്ങൾ ഇപ്പോഴും അനുകൂലമല്ല. സമസ്തയിലെ ചെറുകഷണമെങ്കിലും അടർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സിപിഎം നീക്കം തടയാൻ ലീഗ് ഒന്നും ചെയ്യുന്നില്ലെന്ന വിമർശനവും സംഘടനയിൽ ശക്തമാണ്.


പത്തംഗ സമിതി ഔദ്യോഗികമാകുന്നോ?

വർക്കിങ് കമ്മിറ്റിയോ സെക്രട്ടേറിയറ്റോ വിളിക്കാൻ തയാറല്ലാത്ത നേതൃത്വം, നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി പഠിച്ച് റിപ്പോർട്ട് നൽകാൻ മാത്രമായി നിശ്ചയിക്കപ്പെട്ട പത്തംഗ സമിതിയെ റിപ്പോർട്ട് നൽകിയ ശേഷവും വിളിച്ചുകൂട്ടുന്ന വിചിത്ര സംഭവവമുണ്ടായി. ഭരണഘടനാപരമായ ചുമതലയുള്ള കമ്മിറ്റികൾ വിളിക്കാതെ, പത്തംഗ സമിതിയെ അവരുടെ ചുമതല കഴിഞ്ഞ ശേഷവും വിളിച്ചുചേർത്തതിനെതിരെ പ്രതിഷേധവുമുണ്ടായി. കോഴിക്കോട് ലീഗ് ഹൗസിൽ വിളിച്ച പത്തംഗ സമിതിയിലേക്ക് അതിൽ അംഗമല്ലാതിരുന്ന സംസ്ഥാന സെക്രട്ടറി എംസി മായിൻഹാജി എത്തുകയും പ്രതിഷേധമറിയിക്കുകയും ചെയ്യുകയായിരുന്നു. പിഎം സാദിഖലി അടക്കമുള്ള ചില നേതാക്കളും ഈ നിലപാടിനൊപ്പം നിന്നു. പിന്നീട് യോഗം നിർത്തിവെക്കുകയാണുണ്ടായത്.

മുസ്ലിം ലീഗിനെ മുൻനിർത്തി സി.പി.എമ്മും മുഖ്യമന്ത്രിയും വർഗീയ/തീവ്രവാദ പ്രചാരണങ്ങൾ നടത്തുകയും മുസ്‌ലിം സംഘടനകൾക്കിടയിൽ വിഭജനങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയലാഭം നേടാൻ അവർ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പോലും ഗൗരവത്തിൽ അതിൽ ഇടപെടാൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. ഉത്തരവാദപ്പെട്ട കമ്മിറ്റികൾ വിളിച്ചുചേർക്കാത്തതും യോഗങ്ങൾ നിരന്തരം മാറ്റിവെക്കുന്നതും അവരെ കൂടുതൽ അസ്വസ്ഥരാക്കുകയാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News