മോഹൻ ഭാഗവത് അല്ല, മതേതരവാദികളുടെ ജനാധിപത്യ വിരുദ്ധതയാണ് എന്നെ അസ്വസ്ഥതപ്പെടുത്തുന്നത്; വി.കെ ശ്രീരാമനെതിരെ പി.കെ പോക്കർ

ഇഷ്ടമില്ലാത്തത് നിരോധിക്കുക എന്നതാണ് ഇന്ത്യയിൽ നവ ഫാഷിസം ചെയ്തുതുടങ്ങിയതും മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചതുമെന്നും പി.കെ പോക്കർ പറഞ്ഞു.

Update: 2022-10-02 13:40 GMT
Advertising

മോഹൻ ഭാഗവത് അല്ല തന്നെ അസ്വസ്ഥതപ്പെടുത്തുന്നതെന്നും മതേതര ജനാധിപത്യവാദികളുടെ ജനാധിപത്യ വിരുദ്ധതയാണെന്നും അധ്യാപകനും എഴുത്തുകാരനുമായ ഡോ. പി.കെ പോക്കർ. താൻ ഏകാധിപതിയായാൽ കുഴിമന്തിയെന്ന വാക്ക് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്ന നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ പരാമർശത്തോടാണ് പി.കെ പോക്കറുടെ പ്രതികരണം.

'മോഹൻ ഭാഗവത് അല്ല എന്നെ അസ്വസ്ഥതപ്പെടുത്തുന്നത്. മതേതര ജനാധിപത്യവാദികളും പരസൗഹൃദം പങ്കിടുന്നവരും പ്രകടിപ്പിക്കുന്ന ആശയ ദാരിദ്ര്യവും അവരുടെ അകത്തളങ്ങളിൽ കെട്ടിക്കിടക്കുന്ന സർവാധിപത്യ പ്രവണതയും ജനാധിപത്യ വിരുദ്ധതയുമാണ്. അവരെയാണ് കേരളത്തിൽ ഭയപ്പെടേണ്ടത്'- ഡോ. പി.കെ പോക്കർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വി.കെ ശ്രീരാമനെതിരെ രം​ഗത്തെത്തിയത്. 

കാരണം മോഹൻ ഭാഗവത് ആരാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അങ്ങനെയല്ലെന്ന് കരുതുന്നവർ അവർക്കു അധികാരം കിട്ടിയാൽ ആദ്യം ചെയ്യാൻ തെരഞ്ഞെടുക്കുന്നത് ബഹുസ്വര ജീവിത നിഷേധമാണ്. ഇഷ്ടമില്ലാത്തത് നിരോധിക്കുക എന്നതാണ്. ഇന്ന് ഇന്ത്യയിൽ നവ ഫാഷിസം ചെയ്തു തുടങ്ങിയതും മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചതും ഇതേ അജണ്ടയാണ്.

നല്ല മതേതര ജനാധിപത്യവാദികൾ ആയി പൊതുസമൂഹത്തിൽ അറിയപ്പെടുന്നവർ ഇത്തരം മുൻഗണനകൾ പ്രകടിപ്പിച്ചു ജനപ്രിയരാകുമ്പോൾ, അതിനേക്കാളുപരി അവർക്കു ഹിറ്റ്ലറുടെ ജർമനി അറിയുന്നവർ കൂടിയാകുമ്പോൾ അത് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നു. വി കെ ശ്രീരാമൻ എന്ത് തിന്നും, തിന്നില്ല എന്നത് തികച്ചും വ്യക്തിപരമായ ഇഷ്ടമോ അനിഷ്ടമോ മാത്രമാണ്. എന്നാൽ അദ്ദേഹം എഴുതിയത് ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

നാളെ അത് ഫാഷിസ്റ്റുകൾക്കു സാധൂകരിക്കാനുള്ള പിന്തുണയും യുക്തിയുമായി ഉപയോഗിക്കാം. ഇഷ്ടമില്ലാത്തവ, വാക്കുകളായാലും വസ്തുക്കളായാലും വെറുക്കാതിരിക്കാനും ഒപ്പം നിലനിർത്താനുമുള്ള പരിശീലനമാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്. അതില്ലാത്ത സമൂഹത്തെ എളുപ്പം ഫാഷിസ്റ്റുകൾ കീഴടക്കും. നടക്കില്ലെന്നു കരുതിയ ഭാവനയിൽ മാത്രം ഉയർന്നുവന്ന ബ്രാഹ്മണ്യം ഇന്ന് ഇന്ത്യയിൽ ഏതാണ്ട് അവരുടെ പദ്ധതികൾ പൂർത്തീകരിച്ചുവരികയാണല്ലോ- പി.കെ പോക്കർ കുറിച്ചു.

മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാൻ കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്നാണ് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീരാമന്റെ ആവശ്യം. കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.

ഇത് വിവാദമാവുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതോടെ വിശദീകരണവുമായി വി.കെ ശ്രീരാമൻ രം​ഗത്തെത്തി. കുഴിമന്തിയെന്ന ആ ഭാഷ പ്രയോഗത്തെയാണ് വിമർശിച്ചതെന്ന് വി.കെ ശ്രീരാമൻ പറഞ്ഞു. തടിച്ച സ്ത്രീകളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് മന്തിയെന്നും മറ്റു ഭാഷയിലെ നല്ല പദങ്ങൾ മലയാളത്തിൽ അശ്ലീലമാണെങ്കിൽ അത് ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുഴിമന്തിക്ക് പകരം നല്ല പദം ഉപയോഗിച്ചിരിന്നുവെങ്കിൽ കൂടുതൽ നന്നാകുമായിരുന്നുവെന്നും ഇത് സംബന്ധിച്ച് ഭാഷാപരമായ ചർച്ചകൾ ഉയർന്നു വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഖേദം പ്രകടിപ്പിച്ചും വി.കെ ശ്രീരാമൻ രം​ഗത്തെത്തി. കുഴിമന്തിയെന്ന പേരിനോടാണ് വിയോജിപ്പെന്നും തന്റെ അനിഷ്‌ടം ചിലരെ വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News