സംസ്ഥാന പൊലീസ് മേധാവിയായി വൈ അനില്‍കാന്ത് ചുമതലയേറ്റു

1988 ബാച്ച് ഐ.പി.എസ് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഡി.ജി.പി വൈ അനില്‍ കാന്ത്.

Update: 2021-06-30 12:12 GMT
Advertising

സംസ്ഥാന പൊലീസ് മേധാവിയായി വൈ അനില്‍കാന്ത് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ബാറ്റെൻ കൈമാറി. 1988 ബാച്ച് ഐ.പി.എസ് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഡി.ജി.പി വൈ അനില്‍ കാന്ത്. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 33 വര്‍ഷത്തെ സർവീസിനൊടുവിലാണ് കേരള പൊലീസിന്റെ തലപ്പത്തെത്തുന്നത്. 

കല്‍പറ്റ അഡീഷണല്‍ എസ്.പിയായാണ് സര്‍വ്വീസ് ജീവിതത്തിന്‍റെ തുടക്കം. ഇടക്കാലത്ത് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയെങ്കിലും വൈകാതെ മടങ്ങിയെത്തി. പിന്നീട് ലഭിച്ചതൊക്കെ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ മേധാവി, ജയില്‍ മേധാവി, ഗതാഗത കമ്മീഷണര്‍ തുടങ്ങി സുപ്രധാന തസ്തികകളിലെ നിയമനമായിരുന്നു. 

വിജിലന്‍സ് എ.ഡി.ജി.പിയായിരിക്കെ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചു. സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നിയമനം ഏകീകരിക്കുന്നതിന് മുന്‍പ് ദക്ഷിണ, ഉത്തരമേഖലകളുടെ ചുമതല ഒരുമിച്ച് വഹിച്ചതിന്‍റെ അപൂര്‍വ്വനേട്ടവും അനില്‍ കാന്തിന്‍റെ പേരിലുണ്ട്. 

യു.പി.എസ്.സി കൈമാറിയ പേരുകളില്‍ സീനിയോരിറ്റിയില്‍ ജൂനിയറാണെങ്കിലും പ്രധാന ചുമതലകള്‍ വഹിക്കാനായതിന്‍റെ മുന്‍തൂക്കമാണ് അനില്‍ കാന്തിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കാന്‍ കാരണം. ഒപ്പം വിവാദങ്ങളില്‍ ഉള്‍പ്പെടാത്തതും അനില്‍ കാന്തിന് അനുകൂലമായി.

ദക്ഷിണ മേഖല എ.ഡി.ജി.പി ആയിരിക്കെ സോളാര്‍ കേസിന്‍റെ അന്വേഷണ മേല്‍നോട്ട ചുമതല സര്‍ക്കാര്‍ കൈമാറിയപ്പോള്‍ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് അനില്‍ കാന്ത് ആവശ്യപ്പെട്ടതും വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കാനായിരുന്നു. 2022 ജനുവരിയില്‍ വിരമിക്കുമെന്നതിനാല്‍ ഏഴ് മാസം മാത്രമാണ് അനില്‍കാന്തിന് പൊലീസ് മേധാവി സ്ഥാനത്തിരിക്കാനാവുക.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News