മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിന്‍റെ ഹരജി ഇന്ന് പരിഗണിക്കും
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജിയാണ് പരിഗണിക്കുക
തിരുവനന്തപുരം: മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കക്കേസിൽ ഡ്രൈവർ യദു നൽകിയ ഹരജി ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജിയാണ് പരിഗണിക്കുക.
മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും ക്ലീൻ ചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ടിന്മേലുള്ള വാദങ്ങളാണ് ഇന്ന് കോടതിയിൽ നടക്കുക. മേയറും എംഎൽഎയും അസഭ്യം പറഞ്ഞിട്ടില്ലെന്നും സച്ചിൻ ബസിൽ അതിക്രമിച്ച് കയറിയെന്നതിന് സാക്ഷിമൊഴികളില്ലെന്നും റിപ്പോർട്ടിലുണ്ട്. 14 രേഖകളാണ് റിപ്പോർട്ടിനൊപ്പം തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
റിപ്പോർട്ട് സമർപ്പിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് കൂടുതൽ വാദങ്ങൾ കേൾക്കാൻ ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് വാദങ്ങൾ അവസാനിച്ച ശേഷം നാളെ കോടതി വിധി പറയാനാണ് സാധ്യത.