സെമിനാറിലേക്ക് ക്ഷണിച്ചിട്ട് വരാതെ കോൺഗ്രസിനെ എങ്ങനെ മതേതര മുന്നണിയിലേക്ക് ക്ഷണിക്കുമെന്ന് യെച്ചൂരി
സിൽവർ ലൈനിൽ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും പറയുന്നതിൽ വൈരുദ്ധ്യമില്ലെന്നും യെച്ചൂരി പറഞ്ഞു.
കണ്ണൂർ: സെമിനാറിലേക്ക് ക്ഷണിച്ചിട്ട് വരാത്ത കോൺഗ്രസിനെ എങ്ങനെ മതേതര മുന്നണിയിലേക്ക് ക്ഷണിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇടത് പാർട്ടികളുടെ ബന്ധം ശക്തിപ്പെടുത്തും. ദേശീയ തലത്തിൽ വിശാല മതേതര ഐക്യം രൂപീകരിക്കുമെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രസർക്കാർ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. മുഖ്യമന്ത്രി നടത്തിയത് ഉദ്ഘാടന പ്രസംഗമാണ്. കേരളത്തിലെ പദ്ധതികളെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. സിൽവർ ലൈനിൽ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും പറയുന്നതിൽ വൈരുദ്ധ്യമില്ലെന്നും യെച്ചൂരി പറഞ്ഞു.
അതിനിടെ പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ തർക്കം മുറുകുകയാണ്. പാർട്ടി വിപ്പ് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ് വ്യക്തമാക്കി. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ച കെ.വി തോമസിനെതിരെ നടപടി ഉറപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.