ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് കാർ യാത്രികരുടെ ക്രൂരമർദനം
എറണാകുളം സൗത്ത് ചിറ്റൂരിൽ അക്ഷയ് എന്ന യുവാവിനാണ് മർദനമേറ്റത്.
കൊച്ചി: എറണാകുളം സൗത്ത് ചിറ്റൂരിൽ റോഡിലെ ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് കാർ യാത്രികരുടെ ക്രൂരമർദനം. ഞായറാഴ്ച രാത്രിയാണ് സംഭവം. കാറിൽ ഒരു കിലോമീറ്ററോളം യുവാവിനെയും പിതാവിനെയും റോഡിലൂടെ വലിച്ചുകൊണ്ടുപോയി.
അക്ഷയ് എന്ന യുവാവിനാണ് മർദനമേറ്റത്. ഇയാൾ ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ ഇയാളെ കൂട്ടാനായി സഹോദരിയും എത്തിയിരുന്നു. അമിതവേഗതയിലെത്തിയ കാർ ഇവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് അക്ഷയ് ചോദ്യം ചെയ്തു. കാർ യാത്രികർ അപ്പോൾ തന്നെ അക്ഷയിയെ മർദിക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പിന്നീട് കാറിൽ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും അക്ഷയിയുടെ വീട്ടിലെത്തി തെറിവിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. അക്ഷയിയും പിതാവും ഇവരുമായി സംസാരിക്കുമ്പോഴാണ് ഇരുവരെയും കാറിൽ ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയത്.
നാട്ടുകാർ കാർ തടഞ്ഞ് പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസുകാർ കാർ യാത്രക്കാരെ വിട്ടയക്കുകയായിരുന്നു. അക്ഷയും കുടുംബവും ചേരാനെല്ലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായിട്ടില്ല. പ്രതികൾ ഉന്നത ബന്ധമുള്ളവരായതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞതെന്ന് അക്ഷയിയുടെ ബന്ധുക്കൾ പറഞ്ഞു.