പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിൽ
കുണ്ട്തോട് സ്വദേശി ജുനൈദലിയെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
വടകര: തൊട്ടിൽപ്പാലത്ത് 19കാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. കുണ്ട്തോട് സ്വദേശി ജുനൈദലിയെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം പ്രതി ജുനൈദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വടകരയിൽ നിന്നാണ് പ്രതിയെ കസ്റ്റെടിയിൽ എടുത്തത്.
സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നും കാണാതാവുന്നത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലിസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
വൈദ്യ പരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് പറഞ്ഞു. പൊലിസ് സ്ഥലത്തെത്തുന്നതിന്റെ ഒരു മണിക്കൂർ മുമ്പാണ് പ്രതി രക്ഷപെട്ടത്. പ്രതിക്കെതിരെ ഐപിസി 376 ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളും വീഡിയോയും പകർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടിൽനിന്ന് എംഡിഎംഎ കണ്ടെത്തിയതിലും പൊലീസ് ജുനൈദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.