യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്

Update: 2022-01-20 16:01 GMT
Editor : afsal137 | By : Web Desk
Advertising

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദേശം. കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പരാതിയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ് ടൗൺ പോലീസിന് നിർദ്ദേശം നൽകിയത്. സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, മന്ത്രി എം വി ഗോവിന്ദന്റെ പി എ പ്രശോബ്, പി ജയരാജന്റെ ഗൺ മാൻ എന്നിവർക്കെതിരെയാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചുകയറി. അതിനിടെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് മർദനമേറ്റു. ഡി.വൈ.എഫ്.ഐ നേതാക്കളാണ് മർദിച്ചതെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കൾ ഉൾപ്പെടെയുള്ളവർ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജിൽ മാക്കുറ്റി വ്യക്തമാക്കി.

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഡി.വൈ.എഫ്.ഐ ഉൾപ്പെടെ അങ്ങനെ പ്രതിഷേധിച്ചിട്ടുണ്ട്. ആ ഡി.വൈ.എഫ്.ഐയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിട്ടതെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു. ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു വിശദീകരണയോഗം. ഹാളിനുള്ളിലേക്ക് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള സംഘം ഇരച്ചെത്തുകയായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അതിനിടെ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കൾ പൊലീസിനൊപ്പം ചേർന്ന് മർദിച്ചെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ദൃശ്യങ്ങൾ പകർത്താനെത്തിയ ജയ് ഹിന്ദ് ചാനലിൻറെ റിപ്പോർട്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം ആവാമെന്നും എന്നാൽ യോഗം നടക്കുന്ന ഹാളുകൾ കയ്യേറിയുള്ള പ്രതിഷേധം ജനാധിപത്യപരമല്ലെന്നും മന്ത്രി എം.വി ഗോവിന്ദൻ പ്രതികരിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News