യുവാവിന്റെ മരണത്തിൽ ദുരൂഹത; ഫോറൻസിക് സർജൻ പരിശോധന നടത്തി
കഴിഞ്ഞ മാസം രണ്ടിനാണ് തുമ്പമൺ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള തോട്ടിൽ ജോജനെ മരിച്ച നിലയിൽ കണ്ടെത്തിയത്
പത്തനംതിട്ട: തുമ്പമണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജോജൻ അലക്‌സിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറൻസിക് സർജൻ പരിശോധന നടത്തി. കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ജെയിംസ് കുട്ടിയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം രണ്ടിനാണ് തുമ്പമൺ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള തോട്ടിൽ ജോജനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോജൻ അലക്‌സിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുബം പരാതിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഫോറൻസിക് സർജന് പരിശോധന നടത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ മരണ കാരണം സംബന്ധിച്ച് ചില സംശയങ്ങളുണ്ടായതിനെ തുടർന്നായിരുന്നു പരിശോധന. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ തെളിവുകളും സാഹചര്യങ്ങളുമാണ് ഫോറൻസിക് സർജൻ പരിശോധിച്ചത്. ഇക്കാര്യങ്ങള് കൂടി അടിസ്ഥാനമാക്കിയാവും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കുക. എന്നാൽ ജോജന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് കുടുബം.
പെയിന്റിംഗ് തൊഴിലാളിയായ ജോജൻ അലക്‌സിനെ ജനുവരി 31ന് കാണാതാവുകയും ഫെബ്രുവരി രണ്ട് മരിച്ച നിലയിൽ കാണപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ സുഹൃത്തുക്കളിൽ ചിലരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കുടുംബം ദുരൂഹതയാരോപിച്ച് പരാതി നൽകിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവുമായി ബന്ധപ്പെട്ട് നേരത്തെ ചിലരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം മരണ കാരണം വിലയിരുത്തി തുടർ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.