ലഹരി ഉപയോഗം തടയാൻ ബോധവൽക്കരണവുമായി യുവജന സംഘടനകൾ
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി മേഖല തലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികളുമായി എം.എസ്.എഫും രംഗത്തുണ്ട്.
വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ ലഹരി പടരുന്നത് തടയാൻ ബോധവൽക്കരണവുമായി യുവജന സംഘടനകൾ. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി മേഖല തലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികളുമായി എം.എസ്.എഫും രംഗത്തുണ്ട്.
മേഖലാ തലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചാണ് ഡി.വൈ.എഫ്.ഐ ലഹരിക്കെതിരായ ക്യാമ്പയിന് ഒരുങ്ങുന്നത്. വിവിധ മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തിയാവും കമ്മിറ്റികൾ രൂപീകരിക്കുക. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ലഹരിക്ക് അടിമയായവരെ കണ്ടെത്തി അവരെ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കാൻ മുൻ കൈ എടുക്കും. ഒപ്പം പ്രദേശത്തെ ലഹരി സംഘങ്ങളെ നിരീക്ഷിക്കുകയും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനും എക്സൈസിനും കൈമാറുകയും ചെയ്യും.
സ്കൂളുകളിൽ പി.ടി.എ കമ്മിറ്റികളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സമാന രീതിയിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാനും ലഹരി വിരുദ്ധ സന്ദേശം ഉയർത്തി കലാകായിക പരിപാടികൾ സംഘടിപ്പിക്കാനും ഡി.വൈ.എഫ്.ഐ തീരുമാനിച്ചിട്ടുണ്ട്. മണ്ഡലം തലത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിച്ചാണ് എം.എസ്.എഫിന്റെ പ്രവർത്തനം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും.
താഴെത്തട്ടിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഹരിയുടെ ഉപയോഗം കുറക്കാനാകുമെന്നാണ് യുവജന വിദ്യാർത്ഥി സംഘടനകളുടെ പ്രതീക്ഷ.