വാഹനം നിർത്തിയില്ലെന്നാരോപിച്ച് യുവാവിനെ പൊലീസ് മർദിച്ചതായി പരാതി
വിദേശത്തേക്ക് ജോലിക്കായി മടങ്ങിയ യുവാവ് അവശനായതോടെ തിരികെ നാട്ടിലെത്തി
തിരുവനന്തപുരം: യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. കല്ലമ്പലം സ്വദേശി നബീലിനാണ് മർദനമേറ്റത്. പൊലീസ് കൈ കാണിച്ചിട്ട് വാഹനം നിർത്തിയില്ല എന്ന് ആരോപിച്ചായിരുന്നു മർദനം. ഈ മാസം എട്ടാം തീയതിയാണ് നബീലിന് മർദനമേറ്റത്. പ്രവാസിയായ നബീൽ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് കല്ലമ്പലം ജങ്ഷനിൽ സുഹൃത്തുക്കളെ കണ്ട് യാത്ര പറയാനായി പോയതായിരുന്നു. തിരിച്ചുവരുന്ന വഴിക്ക് പൊലീസ് വാഹനത്തിന് കൈകാണിച്ചു. എന്നാൽ താൻ ഇത് കണ്ടില്ലെന്നാണ് നബീൽ പറയുന്നത്. തുടർന്ന് പൊലീസ് തന്നെ പിന്തുടർന്ന് വീട്ടിലെത്തുകയും നാളെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. സുഹൃത്തുക്കളുടെ കൂടെ സ്റ്റേഷനിൽ പിറ്റേദിവസം ഹാജരായ തന്നെ ക്രൂരമായി പൊലീസ് മർദിക്കുകയായിരുന്നെന്ന് നബീൽ പറയുന്നു.
'ലാത്തി ഉപയോഗിച്ച് കാലിലും കൈയിലും മുഖത്തും ദേഹത്തുമെല്ലാം മർദിച്ചു. പേരെന്താണെന്ന് ചോദിച്ച് കാര്യം പറയുംമുമ്പേ പൊലീസ് മർദിച്ചു'- മറ്റാരുടെയൊക്കെയോ പേര് പറഞ്ഞും മറ്റെന്തെങ്കിലും കുറ്റങ്ങൾ പറഞ്ഞായിരുന്നു മർദനമെന്നും യുവാവ് പറയുന്നു. തിരിച്ച് വീട്ടിലെത്തിയ നബീൽ സംഭവം ഭാര്യയോട് മാത്രം പറഞ്ഞു വിദേശത്തേക്ക് പോയി.
എന്നാൽ വിദേശത്ത് എത്തിയപ്പോൾ ജോലി ചെയ്യാനാകാത്ത അവസ്ഥയിലായി. അവിടെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.എന്നാൽ നാട്ടിൽ ചികിത്സിക്കുന്നതാണ് നല്ലതെന്ന നിർദേശത്തെ തുടർന്ന് വീണ്ടും നാട്ടിലെത്തി. വിമാനത്താവളത്തിലെത്തിയ നബീലിനെ ആംബുലൻസിൽ സ്‌ട്രെക്ചറിൽ കയറ്റിയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. നിലവിൽ മെഡിക്കൽകോളജിൽ ചികിത്സയിലാണ് നബീൽ. എന്നാൽ കല്ലമ്പലം ജംഗ്ഷനിൽ ഉണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് നബീലിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.