താനൂരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി പ്രാങ്ക് ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസമാണ് മദ്രസ വിട്ടു വരുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി പ്രാങ്ക് ചെയ്തത്

Update: 2023-12-27 07:30 GMT
Editor : Jaisy Thomas | By : Web Desk

സിസി ടിവ ദൃശ്യത്തില്‍ നിന്ന്

Advertising

മലപ്പുറം: മലപ്പുറം താനൂരിൽ മദ്രസ വിട്ട് വരികയായിരുന്ന കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായി അഭിനയിച്ച് വീഡിയോ ചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ഫഖീർ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി സിസി ടിവി ദൃശ്യങ്ങൾ അടക്കം പ്രചരിച്ചതോടെ നാട്ടുകാരും പരിഭ്രാന്തരായിരുന്നു.

സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.കുട്ടികൾ ബഹളം വെച്ചതോടെ യുവാക്കൾ കടന്നുകളയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ നാട്ടുകാര്‍ ഏറെ പരിഭ്രാന്തരായി.

സംഭവത്തെ തുടർന്ന് കുട്ടികളുടെ കുടുംബം താനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്. സ്കൂട്ടറിലെത്തിയ യുവാക്കൾ കുട്ടിയുടെ അയല്‍വാസികൾ ആണെന്ന് കണ്ടെത്തിയത്. യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതല്ലെന്നും പ്രാങ്കിനു വേണ്ടിയാണ് ചെയ്തതെന്നും യുവാക്കൾ മൊഴി നൽകിയത്. സംഭവത്തിൽ താനൂർ ഫക്കീര്‍ബീച്ച് സ്വദേശി ബീരാന്‍കുട്ടി, പുരക്കല്‍ യാസീന്‍ , കോര്‍മന്‍ കടപ്പുറം കോട്ടിലകത്ത് സുല്‍ഫിക്കര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥകള്‍ വ്യാപകമായത് കൂടി കണക്കിലെടുത്താണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് താനൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത് അറിയിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News