ചായ ആവറേജ്, കൃത്യ സമയത്ത് ഭക്ഷണം, ഉച്ചയ്ക്കുള്ള ഊണിനൊപ്പം വലിയ അയലയോ അഞ്ച് മത്തി പൊരിച്ചതോ; യുട്യൂബറുടെ 'ജയില്‍ റിവ്യൂ'
കഴിഞ്ഞ നവംബര്‍ 6നാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അക്ഷജിനെ(21) എക്സൈസ് പിടികൂടുന്നത്
പാലക്കാട്: 'നാടന്‍ ബ്ലോഗര്‍' എന്ന യുട്യൂബ് ചാനല്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ ചെയ്തതിന് അറസ്റ്റിലായ യുട്യൂബറുടെ രസകരമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജയിലിലായ യുട്യൂബറുടെ ജയില്‍ ദിനചര്യകളെക്കുറിച്ചുള്ള വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ നവംബര്‍ 6നാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അക്ഷജിനെ(21) എക്സൈസ് പിടികൂടുന്നത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ചു യുട്യൂബ് ചാനൽ വഴി പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് അക്ഷജിന്റെ വീട് എക്സൈസ് റെയ്ഡ് ചെയ്യുകയായിരുന്നു. വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, നോയ്സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ലാപ്ടോപ്പ് എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നുള്ള പരിശോധനയിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷും 5 ലിറ്റർ വൈനും കൂടി യുവാവിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അക്ഷജിനെ കോടതി റിമാന്‍ഡ് ചെയ്തു. പത്തുദിവസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ അക്ഷജ് ആദ്യം ചെയ്തത് ജയിലിലെ തന്‍റെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോയിരുന്നു.
അക്ഷജിൻ്റെ വാക്കുകള്‍
രാവിലെ കൃത്യം ആറുമണിക്ക് എഴുന്നേൽക്കണം. തുടർന്ന് വരിവരിയായി നിർത്തി കണക്കെടുക്കും. രാവിലെ ആറരയ്ക്ക് തന്നെ ഒരു ചായ കിട്ടും. സാധാരണ ചായ. ഒരുപാട് പേർക്ക് കൊടുക്കുന്നതായതുകൊണ്ട് ക്വാളിറ്റിയൊന്നും നോക്കേണ്ട ആവശ്യമില്ല. ഏഴുമണിക്ക് കുളിക്കാനുള്ള സമയമാണ്. അതിനുശേഷം സെല്ലിൽ കയറണം. എട്ടുമണിക്ക് രാവിലത്തെ ഭക്ഷണം കഴിക്കാം. അതേസമയം ചപ്പാത്തി ആണെങ്കിൽ രാവിലെ എട്ടരയാകും. മൂന്ന് ചപ്പാത്തി, റവ ഉപ്പുമാവ്, ഗ്രീൻപീസ് കറി എന്നിവയാണ് ലഭിക്കുന്നത്. ഇഡ്ഡലിയാണെങ്കിൽ അഞ്ചെണ്ണം കിട്ടും. ഇഡലിക്ക് കറിയായി സാമ്പാർ ഉണ്ടാകും. അതിനുശേഷം സുഖമായി ഉറങ്ങാം.
ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് ജയിൽ ഉദ്യോഗസ്ഥർ വരും. പ്ലേറ്റുമായി പോയി ചോറ് വാങ്ങണം. നല്ല ഊണാണ് ലഭിക്കുന്നത്. മീനുണ്ടാകും. ഒരു വലിയ അയലയോ മത്തി ആണെങ്കിൽ അഞ്ചെണ്ണമോ കിട്ടും. തോരനും മറ്റു കറിയുമൊക്കെ ഉണ്ടാകും. ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ചായ ലഭിക്കും. മൂന്ന് മണിക്ക് ബ്രേക്ക്. അതുകഴിഞ്ഞ് സെല്ലിൽ തിരിച്ചു കയറണം. നാലുമണിക്ക് വൈകുന്നേരം കഴിക്കാനുള്ള ഭക്ഷണം തരും. ചോറും രസവും അച്ചാറും ആണ് പതിവ്. അത് വൈകുന്നേരം ഏഴ് മണിക്ക് കഴിക്കും. ജയിലിൽ വിനോദത്തിനായി ക്യാരംസും ചെസും ഒക്കെയുണ്ട്. എല്ലാം കഴിഞ്ഞ് രാത്രി ഒൻപത് മണിയോടെ കിടന്നുറങ്ങണം. സെക്യൂരിറ്റി പ്രശ്നങ്ങളാൽ ലൈറ്റ് ഓഫ് ചെയ്യില്ല. ഞാൻ ജയിലിൽ പോകുമെന്ന് ഒരിക്കലും കരുതിയില്ല. ഇപ്പോൾ ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞത് ആരും ജയിലിലേക്ക് പോകുവാൻ വേണ്ടിയുമല്ല.