ബ്രഹ്മപുരം മാലിന്യസംസ്‌കരണ കരാറിൽ നിന്നും സോൺഡയെ പുറത്താക്കുന്നു
10 ദിവസത്തിനകം കരാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി
കൊച്ചി: ബ്രഹ്മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോൺഡയെ ഒഴിവാക്കുന്നു. നിയമോപദേശം തേടിയതിന് ശേഷമാണ് കോർപ്പറേഷന്റെ തീരുമാനം. ബയോമൈനിങിൽ കരാർ പ്രകാരമുള്ള വ്യവസ്ഥകൾ സോൺഡ പാലിച്ചില്ലെന്നാണ് കോർപ്പറേഷന്റെ കണ്ടെത്തൽ. കരാറിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സോൺഡയ്ക്ക് നോട്ടീസ് നൽകി.
ബ്രപ്മപുരത്ത് തീപിടിത്തം ഉണ്ടായതിന് ശേഷം സോണ്‍ഡക്ക് നല്‍കിയ കരാർ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോൺഡയെ ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാറിന് കോർപ്പറേഷൻ കത്തയക്കുകയും ചെയ്തിരുന്നു.
കോർപ്പറേഷന്റെ ആവശ്യം കഴിഞ്ഞദിവസമാണ് സർക്കാർ അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ നിയമോപദേശം തേടുകയായിരുന്നു. തുടർന്ന് സോൺഡക്ക് കത്തയക്കുകയും പത്ത് ദിവസത്തിനകം കരാർ അവസാനിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുകയും ചെയ്തു. സോൺഡ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ പത്തു ദിവസത്തിനു ശേഷം ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും.