കുവൈത്തില്‍ ഇന്ത്യന്‍ അസോസിയേഷനുകള്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പാലിക്കേണ്ട പുതിയ നിയമങ്ങള്‍ ഇവയൊക്കെ

എംബസി രജിസ്ട്രേഷന് ചുരുങ്ങിയത് 500 മുതിർന്ന അംഗങ്ങൾ വേണമെന്നാണ് പ്രധാന നിർദേശം

Update: 2018-09-30 18:00 GMT
Advertising

കുവൈത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനകൾക്ക് എംബസി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എംബസി രജിസ്ട്രേഷന് ചുരുങ്ങിയത് 500 മുതിർന്ന അംഗങ്ങൾ വേണമെന്നാണ് പ്രധാന നിർദേശം. ഇവർ രജിസ്റ്റർ ചെയ്ത മറ്റു സംഘടനകളിൽ അംഗമാവാനും പാടില്ല.

രണ്ട് വർഷം പ്രവർത്തന പാരമ്പര്യമുള്ള സംഘടനകള്‍ക്ക് മൂന്നുവർഷത്തേക്കാണ് രജിസ്ട്രേഷന്‍ അനുവദിക്കുക. ജില്ലാ, താലൂക്ക്, സിറ്റി അസോസിയേഷനുകള്‍ റെസിഡൻറ് അസോസിയേഷനുകള്‍ അലുംനി കൂട്ടായ്മകള്‍ എന്നിവയ്ക്ക് രജിസ്ട്രേഷന്‍ നല്‍കില്ല. ഇന്ത്യൻ ഡോക്ടർമാർ, അഭിഭാഷകർ, വ്യാപാരികൾ, ചാർട്ടേഡ് അക്കൗണ്ടൻറുമാര്‍, നഴ്സുമാർ തുടങ്ങിയവരുടെ സംഘടനകൾക്ക് രജിസ്ട്രേഷൻ അനുവദിക്കും. അപേക്ഷകള്‍ പരിഗണിച്ച ശേഷം എംബസിയുടെ വിവേചനാധികാരത്തോടെയാണ് ഓരോന്നിനും അംഗീകാരം നൽകുക.

സാമൂഹിക സംഘടനകൾ എന്ന പേരിൽ രജിസ്റ്റർ ചെയ്ത ശേഷം വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. പ്രവർത്തനങ്ങൾ അംഗങ്ങളിൽ കേന്ദ്രീകരിച്ചാവണമെന്നും പൊതുജനങ്ങളിൽനിന്ന് പണം പിരിക്കരുതെന്നും നിഷ്കർഷിക്കുന്നുണ്ട്. എഴുതപ്പെട്ട ഭരണഘടനയും ബൈലോയും നിർബന്ധമാണ്. വാർഷിക ജനറൽ ബോഡി യോഗത്തിന്‍റെ റിപ്പോർട്ട് സൂക്ഷിക്കണം. ജനാധിപത്യ രീതിയിൽ ഒന്നോ രണ്ടോ വർഷം കൂടുമ്പോള്‍ ഭാരവാഹികൾ മാറണം. കുവൈത്തിലെ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം.

ഇന്ത്യൻ എംബസി രജിസ്ട്രേഷൻ സംഘടനയുടെ സാന്നിധ്യത്തിനും പ്രവർത്തനത്തിനുമുള്ള സാക്ഷ്യം മാത്രമാണെന്നും, പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം പൂർണമായും ഭാരവാഹികൾക്കായിരിക്കുമെന്നും എംബസി വ്യക്തമാക്കി. പുതിയ മാനദണ്ഡം അനുസരിച്ച് അംഗീകാരമുള്ള സംഘടനകളുടെ പട്ടിക വെട്ടിക്കുറച്ചിട്ടുണ്ട്. എംബസി വെബ്സൈറ്റ് പ്രകാരം ഇപ്പോൾ 69 സംഘടനകൾ മാത്രമാണ് ഉള്ളത്. കഴിഞ്ഞ വർഷം 250ന് മുകളിൽ സംഘടനകള്‍ ഉണ്ടായിരുന്നു.

Full View

എംബസി പട്ടികയിൽ നിന്ന് വെട്ടിയ സംഘടനകളുടെ ഭാരവാഹികൾ കൂട്ടായ്മ രൂപവത്കരിച്ച് പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്. അർഹരായ സംഘടകൾക്ക് രജിസ്ട്രേഷൻ തടയപ്പെട്ടിട്ടുണ്ടെങ്കിൽ തെളിവുകൾ സഹിതം എംബസിയുടെ സാമൂഹിക സംഘടനാ വിഭാഗവുമായി ബന്ധപ്പെടാമെന്നാണ് അധികൃതരുടെ നിലപാട്.

Tags:    

Similar News