കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസ്സി പ്രത്യേക യോഗം വിളിച്ചു
ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ഹെഡ് ഡോ നാഗേന്ദ്ര പ്രസാദ് യോഗത്തിൽ സംബന്ധിക്കുമെന്നു എംബസ്സി അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസ്സി പ്രത്യേക യോഗം വിളിച്ചു ചേർക്കുന്നു. അക്രഡിറ്റേഷൻ പ്രശ്‌നം കാരണം ഇഖാമ പുതുക്കുന്നതിനു പ്രയാസം നേരിടുന്ന എഞ്ചിനീയർമാർ നവംബർ രണ്ട് വെള്ളിയാഴ്ച കാലത്തു പത്തരയ്ക്ക് എംബസ്സി ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്നു എംബസ്സി അറിയിച്ചു .
ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ഹെഡ് ഡോ നാഗേന്ദ്ര പ്രസാദ് യോഗത്തിൽ സംബന്ധിക്കുമെന്നു എംബസ്സി അറിയിച്ചു. അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ അനുഭവിക്കുന്ന എൻജിനീർമാരുമായി അദ്ദേഹം സംവദിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമീറുൾപ്പെടെയുള്ള ഉന്നത കുവൈത്ത് അധികാരികളുമായി ഈ വിഷയത്തിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അദ്ദേഹം യോഗത്തിൽ പങ്കു വെക്കും.
സുഷമാ സ്വരാജിന്റെ ഔദ്യോഗിക സംഘത്തിലുണ്ടായിരുന്ന ഡോ. നാഗേന്ദ്ര പ്രസാദ് മന്ത്രിയുടെ നിർദേശ പ്രകാരം കുവൈത്തിൽ തുടരുകയാണ്. ഇന്ത്യൻ എൻജിനീയർമാരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസ്സിയിൽ നടന്ന കമ്മ്യൂണിറ്റി മീറ്റിൽ സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചതോടെയാണ് നൂറുകണക്കിന് ഇന്ത്യൻ എൻജിനീയർമാർ പ്രതിസന്ധിയിലായത് .ഇന്ത്യയിൽ നിന്നുള്ള എൻജിനീയറിങ് ബിരുദ ധാരികൾക്ക് എൻ.ഓ.സി നൽകാൻ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻറെ അംഗീകാരം വേണമെന്നാണ് എഞ്ചിനീയർസ് സൊസൈറ്റിയുടെ നിലപാട്