ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കണമെന്ന് കര്‍ണാടകയോട് കേന്ദ്രസര്‍ക്കാര്‍
ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കണമെന്ന് കര്‍ണ്ണാടകയോട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപരിതലഗതാഗത വകുപ്പാണ് കര്‍ണ്ണാടക ചീഫ് സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ പിന്തുണതേടി കത്ത് നല്‍കിയത്. വിഷയത്തില്‍ ഈ മാസം എട്ടിന് സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ കത്ത്.
ബന്ദിപ്പൂരിലൂടെയുള്ള രാത്രിയാത്ര നിരോധനം സംബന്ധിച്ച് പഠിക്കാന്‍ സുപ്രീം കോടതി ജനുവരിയില്‍ സമിതിയെ നിയോഗിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിയും കേരള, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാന പ്രതിനിധികളും അടങ്ങുന്ന സമിതിയെയായിരുന്നു നിയോഗിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഇത്തരത്തില്‍ കേന്ദ്രം കര്‍ണ്ണാടക്ക് കത്ത് നല്‍കിയത്. ഒപ്പം ഈ മാസം എട്ടിന് സുപ്രീംകോടതി വിഷയം പരിഗണിക്കുന്നുമുണ്ട്.
ബന്ദിപ്പൂരിലൂടെ തമിഴ്നാട്ടിലേക്കുള്ള ദേശീയപാത 67ലുള്ള നിരോധനത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും യോജിക്കാവുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളണം. കേരളത്തിലേക്കുള്ള ദേശീയ പാത 212ലൂടെയുള്ള രാത്രി യാത്ര നിരോധനം നീക്കണമെന്നും റോഡിന് വീതി കൂട്ടണമെന്നും കത്തിനോടൊപ്പം നല്‍കിയ കരട് നിര്‍ദേശങ്ങളില്‍ പറയുന്നു. റോഡിന്‍റെ ഇരു വശങ്ങളിലും എട്ട് അടി ഉയരത്തില്‍ സ്റ്റീല്‍ വേലികള്‍ കെട്ടണം. 212ന് ബദലായുള്ള റോഡിന് ദൂരം കൂടുതലാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതിന് ആവശ്യമായ 46,000 കോടി രൂപ കേരളവും മന്ത്രാലയവും വഹിക്കണമെന്നും ഉപരതലഗതാഗത വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. കഴിഞ്ഞ മാസം 21നാണ് ഇത്തരത്തില്‍ ഒരു കത്ത് നല്‍കയിരിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന്‍റെ കത്തില്‍ ഇത് വരെ കര്‍ണ്ണാടക പ്രതികരണം അറിയിച്ചിട്ടില്ല. 9 വര്‍ഷം മുമ്പാണ് ബന്ദിപ്പൂരിലൂടെയുള്ള രാത്രി യാത്ര നിരോധനം കര്‍ണ്ണാടക ഏര്‍പ്പെടുത്തിയത്.