അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് സുതാര്യമായെന്ന് രാജ്‌നാഥ് സിങ്

അതിനിടെ അസമിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെ തടഞ്ഞ സംഭവത്തില്‍ ലോക്‌സഭ പ്രക്ഷുബ്ദമായി. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഒരു തവണ നിര്‍ത്തിവെച്ചു.

Update: 2018-08-03 07:40 GMT
Advertising

അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് സുതാര്യമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് എതിരെ ബലപ്രയോഗമുണ്ടാകില്ല. അസമിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും മന്ത്രി അറിയിച്ചു. അസമില്‍ തൃണമൂല്‍ സംഘത്തെ പൊലീസ് തടഞ്ഞതിലുള്ള ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഒരുതവണ നിര്‍ത്തിവെച്ചു.

സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് അസം ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ട് പോകുന്നത് എന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇല്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ സമയത്താണ് പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിവെച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ചത് അന്തിമ പട്ടികയല്ല. പേരില്ലാത്തവര്‍ക്ക് ഇനിയും അവസരം ഉണ്ട്. ഇവര്‍ക്ക് എതിരെ ബലപ്രയോഗം ഉണ്ടാകില്ല. അസമിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ തത്പര കക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത് അസമിന്റെ മാത്രം പ്രശ്‌നമല്ലെന്നും ദേശീയ വിഷയമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു, അസമില്‍ സാമുദായിക സൗഹാര്‍ദം തകര്‍ത്തത് ആരാണെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ തുടര്‍ച്ചയായ നാല് ദിവസം സഭാനടപടികള്‍ തടസപ്പെട്ടതോടെയാണ് ആഭ്യന്തരമന്ത്രി രാജ്യസഭയിലെത്തി വിശദീകരണം നല്‍കിയത്.

അതിനിടെ ആറ് എംപിമാര്‍ ഉള്‍പ്പടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെ അസമിലെ സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ ലോക്‌സഭ പ്രക്ഷുബ്ദമായി. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ ഒരു തവണ നിര്‍ത്തിവെച്ചു.

Tags:    

Similar News