1800 300 1947 എന്ന നമ്പര്‍ നിങ്ങളുടെ ഫോണ്‍ കോണ്‍ടാക്ടിലുണ്ടോ ?
ആധാറുമായി ബന്ധപ്പെട്ട് അടുത്ത വിവാദം. ഉപഭോക്താക്കളറിയാതെ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അവരുടെ മൊബൈല്‍ ഫോണുകളിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി.
ആധാറുമായി ബന്ധപ്പെട്ട് അടുത്ത വിവാദം. ഉപഭോക്താക്കളറിയാതെ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അവരുടെ മൊബൈല്‍ ഫോണുകളിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. 1800-300-1947 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറാണ് ഉപഭോക്താക്കളുടെ അനുവദമില്ലാതെ തന്നെ അവരുടെ മൊബൈല്‍ ഫോണില്‍ കയറിക്കൂടിയത്. യു.ഐ.ഡി.എ.ഐ എന്ന പേരിലാണ് ഈ നമ്പര്‍, ഫോണിലെ കോണ്‍ടാക്ട്സില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവരുടെ മൊബൈല്‍ ഫോണുകളില്‍ വരെ ഈ നമ്പര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തങ്ങളുടെ അനുവാദമില്ലാതെ അജ്ഞാത നമ്പര്‍ ഫോണില്‍ കയറിക്കൂടിയതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ ഉപഭോക്താക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്.
പരാതി വ്യാപകമായതോടെ ഇതിന് വിശദീകരണവുമായി യു.ഐ.ഡി.എ.ഐ രംഗത്തുവന്നിട്ടുണ്ട്. ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളോടും ടെലികോം സേവന ദാതാക്കളോടും ഉപഭോക്താക്കളുടെ ഫോണില്‍ അവരറിയാതെ നമ്പര്‍ സേവ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി.
'' 18003001947 എന്ന നമ്പര്‍ യു.ഐ.ഡി.എ.ഐ യുടെ സാധുവായ ടോള്‍ ഫ്രീ നമ്പറല്ല. ആധാറിന് വേണ്ടിയുള്ള ഔദ്യോഗിക ടോള്‍ ഫ്രീ നമ്പര്‍ 1947 ആണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ നമ്പര്‍ പ്രാബല്യത്തിലുണ്ട്. ഏതെങ്കിലും ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കളോടോ ടെലികോം കമ്പനികളോടോ യു.ഐ.ഡി.എ.ഐ ഇത്തരമൊരു നമ്പര്‍ ഉപഭോക്താക്കളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഒളിച്ചുകടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണിത്.'' - യു.ഐ.ഡി.എ.ഐ ട്വീറ്റില്‍ വ്യക്തമാക്കി. ഐഫോണ്‍ 8 ലും ഐഫോണ്‍ X ലും ഈ നമ്പര്‍ കടന്നുകയറിയിട്ടുണ്ട്. ഇതേസമയം, ഐഫോണ്‍ 7 ലും എംഐ എ1 ഫോണുകളിലും ഈ നമ്പര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീം ആപ്പ്, ആധാര്‍ ആപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നവരുടെ ഫോണുകളിലും ഈ നമ്പര്‍ കയറിക്കൂടിയിട്ടുണ്ട്.
ട്രായ് ചെയർമാൻ ആർ.എസ് ശർമ്മ ആധാർ നമ്പർ ട്വിറ്ററിലുടെ പങ്കുവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം. വിവിധ മൊബൈൽ സേവനദാതക്കളുടെ സേവനം ഉപയോഗിക്കുന്ന ആധാർ കാർഡ് ഇതുവരെ എടുക്കാത്ത പലരുടെ മൊബൈലിലും യു.ഐ.ഡി.എ.ഐ യുടെ ഹെൽപ് ലൈൻ നമ്പർ വന്നതെങ്ങനെയെന്ന് ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്ധൻ എലിയട്ട് അൽഡേഴ്സൺ ചോദിച്ചു.