ശ്യാം ബെനഗലിന് വിടചൊല്ലി ചലച്ചിത്ര ലോകം; സംസ്കാരം സമയം വൈകാതെ അറിയിക്കാമെന്ന് കുടുംബം
ഇന്നലെ വൈകിട്ട് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം
മുംബൈ: അന്തരിച്ച വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗലിന് വിട ചൊല്ലി ചലച്ചിത്ര ലോകം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദാദറിൽ പൊതുദർശനം നടക്കും. ചലച്ചിത്രരംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കും. സംസ്കാരം മുംബൈയിലെ ശിവജി പാർക്കിലെ വൈദ്യുതി ശ്മശാനത്തിൽ നടക്കും.
ഇന്നലെ വൈകിട്ട് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. പത്മ ഭൂഷണും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 18 ദേശീയ പുരസ്കാരങ്ങളും നേടി. അങ്കുർ ആണ് ആദ്യ ചിത്രം.നിഷാന്ത് , മന്ഥൻ , ജുനൂൻ ,ആരോഹൻ , തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
1934 ഡിസംബർ 14 ന് സെക്കന്തരബാദിലെ ത്രിമൂൽഗരിയിലാണ് ശ്യാമിന്‍റെ ജനനം. ഛായാഗ്രാഹകനായിരുന്ന അച്ഛൻ ശ്രീധർ ബി. ബെനഗൽ നൽകിയ ക്യാമറ ഉപയോഗിച്ച് ശ്യാം ബെനഗൽ ആദ്യ ചിത്രമൊരുക്കുന്നത് തന്‍റെ പന്ത്രണ്ടാം വയസിലാണ്. ഉസ്മാനിയ സർവ്വകലാശാലക്ക് കീഴിലെ നൈസാം കലാലയത്തിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ശ്യാം ബെനഗൽ അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി എന്ന പേരിൽ ചലച്ചിത്ര കൂട്ടായ്മയും സ്ഥാപിച്ചിട്ടുണ്ട്.