മങ്ങിത്തുടങ്ങിയ 'മോദി പ്രഭാവം', കരുത്ത് തെളിയിച്ച് ഇൻഡ്യാ സഖ്യം - 2024ലെ ഇന്ത്യൻ രാഷ്ട്രീയം
10 വർഷത്തെ ഇടവേളക്ക് ശേഷം രാജ്യത്തിന് ഒരു പ്രതിപക്ഷനേതാവ് ഉണ്ടായ വർഷമാണ് 2024
അടുത്ത അഞ്ച് വർഷത്തേക്കുള്ള ഇന്ത്യയുടെ ജാതകം കുറിക്കപ്പെട്ട വർഷമായിരുന്നു 2024. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് ഈ വർഷമായിരുന്നു. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴ് ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ജൂൺ നാലിനായിരുന്നു ഫലപ്രഖ്യാപനം. 44 ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു. 96.8 കോടി ആളുകളാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നത്. 64.2 കോടി ആളുകൾ വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ വനിതാ വോട്ടർമാർ സമ്മതിദാനാവകാശാം വിനിയോഗിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
മങ്ങിത്തുടങ്ങിയ 'മോദി പ്രഭാവം'
400 സീറ്റ് നേടുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാമൂഴം തേടിയിറങ്ങിയ ബിജെപിയുടെ അവകാശവാദം. ഭരണഘടന ഭേദഗതി ചെയ്യുമെന്നും ഏക സിവിൽകോഡ് നടപ്പാക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. രണ്ട് തവണയായി ഒരു പതിറ്റാണ്ട് രാജ്യം ഭരിച്ച പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും മൂന്നാമൂഴം തേടി കളത്തിലിറങ്ങിയപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണമല്ലാതെ ഒന്നും പറയാനില്ലായിരുന്നു എന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗത്തിന്റെ സംവരണം കവർന്നെടുത്ത് മുസ്‌ലിംകൾക്ക് കൊടുക്കുമെന്നും ഹിന്ദുക്കളുടെ താലിമാല വരെ മുസ്‌ലിംകൾ കൈവശപ്പെടുത്തുമെന്നും പ്രധാനമന്ത്രി വിഷം ചീറ്റി. പ്രതിപക്ഷം ഒറ്റക്കെട്ടായി പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയെങ്കിലും കമ്മീഷൻ അനങ്ങിയില്ല. മോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കൾ വിദ്വേഷപ്രചാരണവുമായി തെരഞ്ഞെടുപ്പ് റാലികളിൽ നിറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിഞ്ഞതായി ഭാവിച്ചില്ല.
എന്നാൽ 400 സീറ്റ് സ്വപ്‌നം കണ്ട ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. രാമക്ഷേത്രം എന്ന സംഘ്പരിവാറിന്റെ എക്കാലത്തെയും വലിയ വാഗ്ദാനം നിറവേറ്റിയ ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വപ്‌നം കണ്ട ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ഉത്തർപ്രദേശിൽ എസ്പി-കോൺഗ്രസ് സഖ്യത്തിന് മുന്നിൽ അടിപതറിയ ബിജെപി സഖ്യം 36 സീറ്റിലേക്ക് ഒതുങ്ങി. രാമക്ഷേത്രം നിലനിൽക്കുന്ന അയോധ്യ മണ്ഡലത്തിൽ പോലും ബിജെപി തോറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പിന്നിൽ പോയി. ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിലും ബിജെപി സഖ്യത്തിന് തിരിച്ചടി നേരിട്ടു. ഇൻഡ്യാ സഖ്യം 30 സീറ്റുകളിൽ വിജയിച്ചപ്പോൾ എൻഡിഎ 17 സീറ്റിലൊതുങ്ങി.
2019ൽ ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബിജെപി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 240 സീറ്റിലൊതുങ്ങി. എൻഡിഎ സഖ്യം 290 സീറ്റ് നേടി. ഭരണഘടനാ ഭേദഗതിയടക്കം ലക്ഷ്യംവെച്ച് അങ്കത്തിനിറങ്ങിയ ബിജെപിക്ക് ഘടകകക്ഷികളുടെ പിന്തുണയോടെ മാത്രം ഭരിക്കാനുള്ള അവസരമാണ് ഇന്ത്യൻ ജനത നൽകിയത്. നിതീഷ് കുമാറിന്റെ ജെഡി(യു), ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്നീ പാർട്ടികളുടെ പിന്തുണയിലാണ് മൂന്നാം എൻഡിഎ സർക്കാർ നിലനിൽക്കുന്നത്.
കരുത്ത് തെളിയിച്ച് ഇൻഡ്യാ സഖ്യം
10 വർഷത്തിന് ശേഷം ഇന്ത്യക്ക് ഒരു പ്രതിപക്ഷനേതാവുണ്ടായി എന്നതാണ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയർത്തിയ ബിജെപിയുടെ സ്വപ്‌നം തകർത്ത് രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതിപക്ഷനേതാവായി. അധികാരം പിടിക്കാനായില്ലെങ്കിലും ബിജെപിയുടെ അപ്രമാദിത്വം തകർക്കാൻ കഴിഞ്ഞത് കോൺഗ്രസിനും ഇൻഡ്യാ സഖ്യത്തിനും വലിയ ആത്മവിശ്വാസം പകരുന്ന നേട്ടമായി. 2019ൽ 52 സീറ്റുകൾ മാത്രം നേടി തകർന്നടിഞ്ഞ കോൺഗ്രസ് ഇത്തവണ 99 സീറ്റ് നേടി. എക്‌സിറ്റ്‌പോളുകളെ അപ്രസക്തമാക്കി ഇൻഡ്യാ സഖ്യം 234 സീറ്റ് നേടി. വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച രാഹുൽ ഗാന്ധി രണ്ടിടത്തും വിജയിച്ചു. 2019ൽ വാരാണസിയിൽ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മോദിക്ക് ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. എന്നാൽ രാഹുൽ ഗാന്ധിക്ക് രണ്ട് മണ്ഡലങ്ങളിലും മോദിയുടെ ഇരട്ടിയിലധികം ഭൂരിപക്ഷമാണ് വോട്ടർമാർ നൽകിയത്.
പ്രിയങ്കരിയായി പ്രിയങ്കയുടെ കന്നിയങ്കം
രാഹുൽ ഗാന്ധി റായ്ബറേലി എംപിയായി തുടരാൻ തീരുമാനിച്ചതോടെ വയനാടിൽനിന്ന് രാജിവെച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്ന പ്രിയങ്കാ ഗാന്ധിയായിരുന്നു വയനാട്ടിൽ സ്ഥാനാർഥി. നവംബർ 13നായിരുന്നു വയനാട് ഉപതെരഞ്ഞെടുപ്പ്. 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വയനാട്ടിൽനിന്ന് പ്രിയങ്ക ജയിച്ചുകയറിയത്.
ആന്ധ്രയിൽ നായിഡുവിന്റെ തിരിച്ചുവരവ്
ജയിൽവാസമടക്കം അനുഭവിക്കേണ്ടിവന്ന രാഷ്ട്രീയ തിരിച്ചടിയുടെ കാലത്തെ അതിജീവിച്ച് ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ടിഡിപിയും ചന്ദ്രബാബു നായിഡുവും തിരിച്ചുവരവ് നടത്തിയ വർഷമായിരുന്നു 2024. ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിനെ തകർത്ത് ആന്ധ്ര നായിഡു തൂത്തുവാരി. സംസ്ഥാനത്തെ 175 നിയമസഭാ സീറ്റിൽ 134 സീറ്റിലും ടിഡിപി വിജയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റാണ് ടിഡിപി നേടിയത്. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ എൻഡിഎ സർക്കാരിന്റെ നിലനിൽപ്പിന് ടിഡിപിയുടെ പിന്തുണ അനിവാര്യമാണ്. ദേശീയ രാഷ്ട്രീയത്തിൽ ടിഡിപി നിർണായക ശക്തിയായി മാറിയ വർഷമാണ് 2024.
ഒഡീഷയിൽ നവീൻ പട്‌നായിക് യുഗത്തിന് അന്ത്യം
കാൽനൂറ്റാണ്ടോളം ഒഡീഷയിൽ അധികാരത്തിലിരുന്ന നവീൻ പട്‌നായിക് എന്ന രാഷ്ട്രീയ അതികായകന്റെ പതനം കണ്ട വർഷമായിരുന്നു 2024. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൂടെയായിരുന്നു ഒഡീഷയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 147 മണ്ഡലങ്ങളുള്ള ഒഡീഷയിൽ 78 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ബിജെഡി 51 സീറ്റ് നേടി. കോൺഗ്രസ് 14 സീറ്റുകളിൽ വിജയിച്ചു. സ്വതന്ത്രർ മൂന്നും സിപിഎം ഒരു സീറ്റും നേടി.
ഹരിയാനയിൽ ഭരണം നിലനിർത്തി ബിജെപി
കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഭൂരിപക്ഷം എകിസ്റ്റ്‌പോളുകളും പ്രവചിച്ച ഹരിയാനയിൽ ബിജെപി അധികാരം നിലനിർത്തി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് വലിയ മുന്നേറ്റം നടത്തിയെങ്കിലും സാവധാനം ലീഡ് തിരിച്ചുപിടിച്ച ബിജെപി മൂന്നാമതും അധികാരത്തിലെത്തി. കർഷകരോഷവും ഭരണവിരുദ്ധവികാരവും അടക്കമുള്ള അനുകൂല സാഹചര്യങ്ങൾ മുതലെടുക്കാൻ കോൺഗ്രസിനായില്ല. 90ൽ 48 സീറ്റ് നേടിയാണ് ബിജെപി ഹാട്രിക് വിജയം സ്വന്തമാക്കിയത്. കോൺഗ്രസ് 37 സീറ്റ് നേടി. നയാബ് സിങ് സൈനിയാണ് ഹരിയാന മുഖ്യമന്ത്രി
10 വർഷത്തിന് ശേഷം കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ്
2019ൽ പ്രത്യേക പദവി റദ്ദാക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന വർഷമാണ് 2024. 10 വർഷത്തിന് ശേഷമാണ് കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ ഒന്ന് വരെ മൂന്ന് ഘട്ടമായായിരുന്നു തെരഞ്ഞെടുപ്പ്.
നാഷണൽ കോൺഫറൻസിന്റെ ബലത്തിൽ ഇൻഡ്യാ സഖ്യമാണ് കശ്മീരിൽ നേട്ടമുണ്ടാക്കിയത്. നാഷണൽ കോൺഫറൻസ് 42 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ് ആറ് സീറ്റും ബിജെപി 29 സീറ്റും നേടി. ഉമർ അബ്ദുല്ലയാണ് മുഖ്യമന്ത്രി.
മഹാരാഷ്ട്രയിൽ മഹായുതി
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം മഹായുതി സഖ്യത്തിന്റെ തിരിച്ചുവരവാണ് മഹാരാഷ്ട്രയിൽ കണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റിൽ ഒതുങ്ങിയ ബിജെപി സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ 235 സീറ്റ് നേടി.
132 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷം 57 സീറ്റും എൻസിപി അജിത് പവാർ പക്ഷം 41 സീറ്റും നേടി. ശിവസേന ഉദ്ധവ് താക്കറെ പക്ഷം 20 സീറ്റിലൊതുങ്ങി. കോൺഗ്രസ് 16 സീറ്റും എൻസിപി ശരദ് പവാർ പക്ഷം 10 സീറ്റുമാണ് നേടിയത്. ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് മുഖ്യമന്ത്രി.
ജയിലിൽ അടച്ചിട്ടും വീര്യം ചോരാതെ സോറൻ
ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ അറസ്റ്റിലാവുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിലായിരുന്നു ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഉറപ്പായതോടെ സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. മുതിർന്ന നേതാവായ ചംപായ് സോറനായിരുന്നു പുതിയ മുഖ്യമന്ത്രി.
ആറുമാസത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. ഇതിൽ അതൃപ്തനായ ചംപായ് സോറൻ ജെഎംഎം വിട്ട് ബിജെപിയിൽ ചേർന്നു. ഇതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ തിരിച്ചടികളും മറികടന്ന് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായി.
ജെഎംഎം നയിക്കുന്ന ഇൻഡ്യാ സഖ്യം 56 സീറ്റ് നേടിയാണ് തുടർഭരണം നേടിയത്. ജെഎംഎം 34 സീറ്റ് നേടിയപ്പോൾ ബിജെപി 21 സീറ്റ് നേടി. കോൺഗ്രസ് 16 സീറ്റും ആർജെഡി നാല് സീറ്റും നേടി. സിപിഐ (എംഎൽ) രണ്ട് സീറ്റ് നേടി.
മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ അറസ്റ്റ്
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. മാർച്ച് 21ന് രാത്രി ഒമ്പതിന് കെജ്‌രിവാളിന്റെ വീട്ടിൽവെച്ചായിരുന്നു അറസ്റ്റ്. പിന്നീട് ജയിലിൽവെച്ച് സിബിഐയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രണ്ട് ഏജൻസികളുടെയും കേസിൽ ജാമ്യം ലഭിച്ച് സെപ്റ്റംബർ 13നാണ് കെജ്‌രിവാൾ ജയിൽമോചിതനായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കെജ്‌രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
സെപ്റ്റംബറിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാരം രാജിവെച്ചു. അതിഷി മർലേനയാണ് പുതിയ ഡൽഹി മുഖ്യമന്ത്രി. ജനങ്ങളുടെ അഗ്നിപരീക്ഷയിൽ ജയിക്കുന്നത് വരെ മാറിനിൽക്കുകയാണ് എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. അടുത്ത വർഷം ആദ്യത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കാൻ ലക്ഷ്യമിട്ടാണ് കെജ്‌രിവാളിന്റെ രാജി.
മൻമോഹൻ ഇനി സൗമ്യമായ ഓർമ
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ലോകപ്രശ്‌സ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ് ഓർമയായി. 2024 ഡിസംബർ 26ന് 92-ാം വയസ്സിലായിരുന്നു മൻമോഹൻ സിങ്ങിന്റെ അന്ത്യം. നരസിംഹ റാവു സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങായിരുന്നു ഇന്ത്യയിൽ സാമ്പത്തിക പരിഷ്‌കാരം നടപ്പാക്കിയത്. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് ആണ് ദേശീയ ഗ്രാമീണ തോഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാനിയമം തുടങ്ങിയ സുപ്രധാന ചുവടുവെപ്പുകൾ നടത്തിയത്.