ഈ ദൃശ്യങ്ങൾ കാണാനുള്ളതല്ല; ഓർമയുണ്ടായാൽ മതി
മണിപ്പൂരിൽ നടന്ന അതിക്രൂരമായ ആക്രമണത്തിന്‍റെ വീഡിയോ ഷെയർ ചെയ്ത് അനീതിക്കെതിരെ ആഞ്ഞടിക്കുന്നതിനുമുൻപ്, സമൂഹത്തിൽ ഈ ദൃശ്യം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിക്കുക
സൂചി കുത്തുന്നതിനെക്കാൾ പേടിയാണതു കണ്ടുനിൽക്കാൻ. സിനിമയിൽ പോലുമതു കാണിക്കുമ്പോൾ കണ്ണടച്ചുകളയും. ഞാൻ ഭീരുവാണെന്നല്ലേ? മണ്ടനാണെന്നല്ലേ? ഉള്ളതാ, വരവുവച്ചു. എന്‍റേത് അനാവശ്യഭീതിയാണെന്ന് അംഗീകരിക്കുമ്പോൾ പോലും, മറ്റു ചിലരെക്കാൾ ഭേദമാണെന്നു തോന്നിയിട്ടുണ്ട്. അപകടങ്ങളുടെയും ആക്രമണങ്ങളുടെയും ദുരന്തങ്ങളുടെയുമൊക്കെ കാഴ്ചകൾ കണ്ടാസ്വദിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട് നമുക്കുചുറ്റും. വാട്ട്‌സ്ആപ്പിലും എഫ്ബിയിലുമൊക്കെ ഇത്തരം കാഴ്ചകൾ പ്രചരിപ്പിക്കുന്നതു സർവ്വസാധാരണമാണ്. ഇങ്ങനെ ചെയ്യുന്നവരെ തിരുത്താൻ പലപ്പോഴും ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എനിക്കവരെ മനസിലാക്കാൻ കഴിയാത്തതുപോലെ, ഞാൻ പറയുന്നതവർക്കും മനസിലാവാറില്ല.
നടന്നുപോകുന്ന മനുഷ്യൻ കുഴഞ്ഞുവീണു മരിക്കുന്നത്, വാഹനാപകടത്തിൽ ചോരവാർന്നുമരിക്കുന്നത്, പ്രളയത്തിൽ കുഞ്ഞുങ്ങൾ ഒലിച്ചുപോകുന്നത്.. ഇതുപോലുള്ള ദൃശ്യങ്ങള്‍ കണ്ടിട്ടുവേണോ മനുഷ്യർക്ക് വിനയാന്വിതാരാവാൻ? ദൈവത്തെ സ്മരിക്കാൻ? കലാപങ്ങളിൽ ആൾക്കൂട്ടം നടത്തുന്ന ക്രൂരകൃത്യങ്ങൾ കണ്ണിമ ചിമ്മാതെ കാണുന്നതിലൂടെ, കാഴ്ചക്കാരൻ ഹിംസ വെടിയുമെന്നത്രേ വാദം! ഇങ്ങനെയുള്ള വാദങ്ങൾ മനസിലാവാറില്ലെന്നു മാത്രമല്ല, ഈ കാഴ്ചകൾ വിപരീതഫലമാവും ഉണ്ടാക്കുമെന്ന ഭയവുമുണ്ട്.
മണിപ്പൂരിൽ നടന്ന അതിക്രൂരമായ ഒരാക്രമണത്തിന്‍റെ വീഡിയോ ഇൻറർനെറ്റിൽ പ്രചരിക്കുന്നുവെന്നു കേട്ടു. അത് ഷെയർ ചെയ്തുകൊണ്ട് അനീതിക്കെതിരെ ആഞ്ഞടിക്കുന്നതിനുമുൻപ്, സമൂഹത്തിൽ ഈ വിഷ്വൽ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ചാലോചിക്കുക. കലാപങ്ങളുടെ ഫുട്ടേജുകൾ മുൻപും ലീക്കായിട്ടുണ്ട്, കൂടെ ഒറിജിനലിനെ വെല്ലും വിധമുള്ള ഫേക്ക് വീഡിയോകളും ഒറിജിനലെന്ന മട്ടിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ആരൊക്കെയാണ് ഇതൊക്കെ പ്രചരിപ്പിച്ചതെന്നും, ആർക്കൊക്കെയാണ് ഇതുകൊണ്ടു ഗുണം ഉണ്ടായിട്ടുള്ളതെന്നും ഓർക്കുക. മനുഷ്യമനസ്സുകളെ അസ്വസ്ഥമാക്കുന്ന കലാപക്കാഴ്ചകൾ തീവ്രവാദ സംഘടനകളുടെ പണിയായുധങ്ങളാണ്.
കലാപകാരികളെ, തീവ്രവാദങ്ങളെ എതിർക്കാൻ ഇത്തരം കാഴ്ചകളുടെ പിന്തുണ വേണ്ടതുണ്ടോ? ഇല്ല, സമാധാനപൂർണ്ണമായ അന്തരീക്ഷത്തിൽ സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന ആർക്കും കലാപകാരികളെ തളിക്കളയാൻ പറ്റും. കലാപക്കാഴ്ചകൾ വളമാകുന്നത് മനസ്സിലെ കാലുഷ്യത്തിനാണ്. അതുണ്ടാക്കുന്നത് പകനിറഞ്ഞ സാമൂഹ്യാന്തരീക്ഷമാണ്. ഈ കാഴ്ചകൾ മരവിപ്പിക്കുന്നത് നേരെ ചിന്തിക്കാനുള്ള മനുഷ്യന്‍റെ കഴിവിനെയാണ്. സാഹോദര്യമനോഭാവമുള്ള സമൂഹത്തിനുണ്ടാവേണ്ടതു വികാരം കൊണ്ടല്ലാതെ, വിചാരത്താൽ നിശ്ചയിക്കപ്പെടുന്ന മുൻഗണനകളാണ്.
ഒരുവശത്ത് ജനാധിപത്യ, മതേതര മൂല്യങ്ങളെ തള്ളിക്കളയാത്ത, എന്നാൽ അഴിമതിയും കാര്യശേഷിയില്ലായ്മയും നിറഞ്ഞൊരു കൂട്ടർ. മറുവശത്ത്, ന്യൂനപക്ഷ വെറുപ്പിൽ കെട്ടിപ്പടുത്തതെങ്കിലും നിസ്വാർഥമായി രാജ്യത്തിന്‍റെ ഉന്നതിക്കായി പ്രവർത്തിക്കാൻ തയാറുള്ളവർ. ഇതിലൊരു കൂട്ടരെ രാജ്യം ഭരിക്കാൻ തിരഞ്ഞെടുക്കേണ്ട ഗതികേടിലാണ് നിങ്ങളുള്ളതെന്നു സങ്കൽപ്പിക്കുക. ഒരു ചിന്ത പോലുമില്ലാതെ രണ്ടാമത്തെ കൂട്ടരെ തള്ളിക്കളയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ മുൻഗണനകളിൽ പ്രശ്‌നമുണ്ട്. എത്ര കലാപങ്ങളുടെ നേർക്കാഴ്ച കണ്ടാലും നിങ്ങളുടെ രാഷ്ട്രീയബോധ്യം തിരുത്തപ്പെടില്ല. മറിച്ച് കലുഷിതമായ നിങ്ങളുടെ മനസ്സിനെ ശാന്തമാകാൻ അനുവദിക്കുകയാണ് വേണ്ടത്. വെറുപ്പിനാൽ നയിക്കപ്പെടുന്ന ആശയങ്ങളൊക്കെയും വിതച്ചിട്ടുള്ളത് ദുരന്തപർവ്വമാണെന്നതിനു മനുഷ്യചരിത്രത്തിലങ്ങോളമിങ്ങോളം തെളിവുകളുണ്ട്.
'അവരു'മായി താരതമ്യം ചെയ്യുമ്പോൾ നരേന്ദ്ര മോദി അഴിമതിക്കാരനല്ലല്ലോ? ബി.ജെ.പി സർക്കാരുകൾക്ക് കാര്യക്ഷമത കൂടുതലല്ലേ? മോദിക്കുകീഴിൽ രാജ്യം സാമ്പത്തികമായി വികസിക്കുന്നുണ്ടല്ലോ? സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമായി നടപ്പിലാക്കുന്നുണ്ടല്ലോ? രാജ്യത്തിനു രാഷ്ട്രീയ സുസ്ഥിരതയുണ്ടല്ലോ? സെൻസെക്‌സ് കുതിക്കുകയാണല്ലോ? റോഡുകൾ, പാലങ്ങൾ, പാളങ്ങൾ ഒക്കെ നന്നായല്ലോ? രാജ്യത്തിന്‍റെ അന്തസ്സ് ലോകത്തിൻറെ.. മതി, മതി, മതി. മുകളിലെ അവകാശവാദങ്ങളൊക്കെ സത്യമാണെന്നു സമ്മതിച്ചാൽ പോലും മോദിയോ ബി.ജെ.പിയോ എനിക്കു സ്വീകാര്യമാവില്ല. അതിനു കാരണം അപരവൽക്കരണത്തിലൂടെ സമൂഹത്തിൽ വിഭാഗീയതയും വിദ്വേഷവും വളർത്തി, വംശഹത്യയിൽ ചെന്നവസാനിക്കുന്ന ആക്രമണപരമ്പരകളിലൂടെ മുന്നേറുന്ന ഒരു രാഷ്ട്രീയ സംവിധാനത്തിനോട് ഒരുതരത്തിലും ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നതുകൊണ്ടാണ്. അതിനോടു വിയോജിക്കാൻ മനസ്സ് അസ്വസ്ഥമാക്കുന്ന നേർക്കാഴ്ചകളുടെ പിന്തുണ എനിക്കാവശ്യമില്ല.
ഒരു ബഹുസ്വരസമൂഹത്തിൽ മതരാഷ്ട്രീയത്തെ പ്രതിരോധിക്കാനാവുക മതേതരത്വമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുമാത്രമാണ്. ഭൂരിപക്ഷവർഗീയതയ്ക്കു തിരഞ്ഞെടുപ്പിലൂടെ തന്നെ അധികാരത്തിലേക്ക് എത്താമെന്ന സാധ്യതയുള്ളതു കൊണ്ടാണതു കൂടുതൽ അപകടകാരിയാവുന്നത്. ന്യൂനപക്ഷമായതു കൊണ്ടു തന്നെ എങ്ങനെയൊക്കെ സംഘടിച്ചാലും ന്യൂനപക്ഷവർഗീയതക്ക് അത്തരത്തിലൊരു വളർച്ച സാധ്യമല്ല. എന്നു മാത്രമല്ല, ഇന്ത്യ പോലെ ഹിന്ദുത്വ എന്നതു ശക്തിയാർന്നൊരു രാഷ്ട്രീയ സിദ്ധാന്തമായിക്കഴിഞ്ഞ, മതപരമായി വിഭാഗീകരിച്ചൊരു സമുദായത്തിൽ ന്യൂനപക്ഷ വർഗീയ രാഷ്ട്രീയത്തിൻറെ പതിന്മടങ്ങുവേഗതയിൽ ഭൂരിപക്ഷ വർഗീയത വളരുകയും ചെയ്യും.
നിസ്സഹായരായതു കൊണ്ട് ന്യൂനപക്ഷത്തിലുള്ളവർ മതേതര വേഷമണിയണമെന്നല്ല. സ്വാതന്ത്ര്യമുള്ള, സമാധാനമുള്ള ഒരു പുരോഗമന സമൂഹമായി വളരാൻ മതരാഷ്ട്രമെന്ന കാലഹരണപ്പെട്ട വിധ്വംസക ആശയത്തെ തള്ളിക്കളഞ്ഞേ പറ്റൂ. പല ഇസ്‍ലാമിക രാഷ്ട്രങ്ങളെക്കാൾ സുരക്ഷയും സ്വാതന്ത്ര്യവും ഇന്ത്യന്‍ മുസ്‍ലിംകൾക്കു ഇന്ത്യയിലുണ്ട്. അതിനു പ്രധാന കാരണം ഒരു മതേതര, ജനാധിപത്യ രാജ്യമായാണ് ഇന്ത്യയെ നിർവചിച്ചിരിക്കുന്നതെന്നതാണ്. ആ ആശയാടിത്തറ തകർക്കാനാണ് ഹിന്ദുത്വ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നേരത്തെ പറഞ്ഞ ഇസ്‍ലാമിക രാജ്യങ്ങളിലെ മുസ്‍ലിം പൗരന്മാരുടെ വിധി തന്നെയാവും ഹിന്ദുരാഷ്ട്രമാവുന്ന ഇവിടത്തെ ഹിന്ദുക്കളെയും കാത്തിരിക്കുന്നത്. ഇതു മനസിലാക്കാൻ കഴിയുന്ന മനുഷ്യരെയാണ് മതേതര വിശ്വാസികളെന്ന് പറയുന്നത്. അവരെ ശക്തിപ്പെടുത്തുക, എന്തൊക്കെ കുറവുകളുണ്ടെങ്കിലും കഴിയുന്നത്ര പിന്തുണ നല്കുക.
ഹിംസയില്‍നിന്ന് പരമാവധി മാറിനടക്കുക, ശാന്തമായി തെളിമയോടെ ചിന്തിക്കുക. നമ്മുടെ മുൻഗണനകളിൽ തെറ്റില്ലെന്ന് ഉറപ്പുവരുത്തുകയാണാദ്യം ചെയ്യേണ്ടത്. ശേഷം തലച്ചോറിന്‍റെ നിർദ്ദേശപ്രകാരം INDIAക്കായി വോട്ട് ചെയ്താൽ മാത്രം മതി. അല്ലാതെ വ്യക്തികളെയും സമൂഹത്തെയും അസ്വസ്ഥമാക്കുന്ന, തീവ്രവാദത്തിന് ഊർജ്ജം പകരുന്ന കാഴ്ചകളുടെ പ്രചാരകനാവേണ്ടതില്ല. മാറ്റത്തിനായി കലാപമോ വിപ്ലവമോ ആവശ്യമുള്ള ഒരിടമായി ഇപ്പോഴും ഇന്ത്യ മാറിയിട്ടില്ല.
മണിപ്പൂരിലെ വീഡിയോ ഞാൻ കണ്ടിട്ടില്ല, പക്ഷേ അതിന്‍റെ ഭീകരത മനസിലാവാനതു കാണേണ്ട കാര്യമില്ല. ഒരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ, ഇതിനെക്കാൾ ഭീകരമായ എത്രയോ ആസൂത്രിത ആക്രമണപരമ്പരകൾ! നാളെത്ര കഴിഞ്ഞാലും അതിനൊന്നും മനസ്സിൽ മങ്ങലേൽക്കില്ല, മോദി ഇനി ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമായി വികസിപ്പിച്ചാൽ പോലും അയാൾ അസ്വീകാര്യനാവുന്നത് അതുകൊണ്ടാണ്. 75 വർഷങ്ങൾക്കുമുൻപാണ് ഇന്ത്യ എന്ന മതേതര, ജനാധിപത്യ ആശയം നിർവചിക്കപ്പെടുന്നത്. ഗാന്ധിജി, നെഹ്റു, അംബേദ്ക്കർ മുതലായ ദീർഘദൃഷ്ടിയും വിവേകവുമുള്ള പ്രതിഭാശാലികൾ വിഭാവനം ചെയ്തതാണ് ആ സങ്കൽപ്പം. ഇപ്പോഴെങ്കിലും ആ നിർവചനത്തിന് യോഗ്യരായ ജനതയായി നാം മാറിയില്ലെങ്കിൽ, ഇന്ത്യയെ ഒരു മതരാഷ്ട്രമായി പുനർനിർവചിക്കുന്നതും നമ്മൾ കാണേണ്ടി വരും.
Summary: Manipur Violence and future of the secular India