‘ഒരു കപ്പ് കോഫിയും ബർഗറും വിപ്ലവത്തിന്റെ ഭാഗമാകുമോ?’ ബോയ്കോട്ടും കുത്തകകളും
ബ്രാൻഡിന്റെ രാഷ്ട്രീയ സമീപനവും സാമ്പത്തിക ഇടപെടലുകളും ഇന്നത്തെ വിപണിയിൽ അതിന്റെ നിലനിൽപ്പിനുള്ള നിർണായക ഘടകങ്ങളായി മാറുകയാണ്


"ഒരു കപ്പ് കോഫിയും ഒരു ബർഗറും വിപ്ലവത്തിന്റെ ഭാഗമാകുമോ?" ഇന്ന് ആഗോള വിപണിയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന പ്രതിഷേധരൂപമാണ് ബഹിഷ്കരണം (ബോയ്കോട്ട്). ഉപഭോക്താക്കളുടെ വാങ്ങൽശക്തി (Purchasing Power) ഒരു രാഷ്ട്രീയ അസ്ത്രമായി മാറുന്ന കാലഘട്ടമാണിത്. ഒരു ബ്രാൻഡിന്റെ രാഷ്ട്രീയ സമീപനവും സാമ്പത്തിക ഇടപെടലുകളും ഇന്നത്തെ വിപണിയിൽ അതിന്റെ നിലനിൽപ്പിനുള്ള നിർണായക ഘടകങ്ങളായി മാറുകയാണ്.

ടെസ്‍ല: ബോയ്കോട്ട് ഒരു രാഷ്ട്രീയ ആയുധമാകുമ്പോൾ
ഇലോൺ മസ്കിന്റെ ടെസ്‍ല ഒരിക്കൽ ബിസിനസ് ലോകത്തെ അതിഗംഭീര ബ്രാൻഡായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്താവനകളും നിലപാടുകളും ഉപഭോക്താക്കളെ കമ്പനിക്കെതിരാക്കി. ബോയ്കോട്ട് ശക്തിപ്പെട്ടു. 2011-ൽ തനിക്ക് എതിരാളിയില്ലെന്ന് പറഞ്ഞ മസ്ക്, 2023-ൽ ബിവൈഡി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാതാവായി മാറിയപ്പോൾ സ്വന്തം വാക്കുകൾ തിരുത്തേണ്ടിവന്നു. ചൈനയിൽ മാത്രം ചുരുങ്ങാതെ, ലോക വിപണിയിലേക്ക് ഇറങ്ങിയ ബിവൈഡി ഇന്നത്തെ ഇ-വാഹന വിപണിയിൽ ആഗോളതലത്തിൽ ഒന്നാമനാണ്. ഒരു കാലത്ത് ചൈനയിൽ തളർന്നുപോകുമെന്ന് പരിഹസിക്കപ്പെട്ട കമ്പനി, ഇന്ന് ലോകത്തെ ഒന്നാം നമ്പർ ഇലക്ട്രിക് കാർ ബ്രാൻഡായി മാറിയിരിക്കുന്നു. അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ടെസ്‍ലയെ സംരക്ഷിക്കണം’ എന്ന നിലപാടിലേക്ക് കടന്നപ്പോൾ, ഉപഭോക്താകളുടെ പ്രതിഷേധം രാഷ്ട്രീയമായി മാറി.വൈറ്റ് ഹൗസിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെസ്‌ലയുടെ മോഡൽ കാറുകൾ പരിശോധിച്ച് ചുവപ്പ് നിറമുള്ള മോഡൽ എസ് തിരഞ്ഞെടുക്കുകയും, ടെസ്‌ലയെയും ഇലോൺ മസ്കിനെയും പ്രശംസിക്കുകയും ചെയ്തു. ഇലോൺ മസ്കിന്റെ തീവ്രവലതുപക്ഷ രാഷ്ട്രീയ ഇടപെടലുകൾ ടെസ്‌ലയുടെ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നടപടി. ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞുകൊണ്ടിരുന്നപ്പോൾ ട്രംപ് കാർ വാങ്ങിയതോടെ ഓഹരികളിൽ പുരോഗതി രേഖപ്പെടുത്തി. പരസ്യങ്ങൾ തങ്ങൾക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച ടെസ്‌ലക്ക് വേണ്ടി അമേരിക്കൻ പ്രസിഡന്റ് തന്നെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തേണ്ട സാഹചര്യം ഇതോടെ സൃഷ്ടിക്കപ്പെട്ടു.
മക്‌ഡൊണാൾഡ്സ് & സ്റ്റാർബക്സ്: ഗസ്സയിലെ യുദ്ധവും ആഗോള ബോയ്കോട്ട് പ്രഭാവവും
ഫലസ്തീനിയൻ പ്രക്ഷോഭകരുടെ ശക്തമായ ബോയ്കോട്ട് കാമ്പയിൻ മക്‌ഡൊണാൾഡ്സ്, സ്റ്റാർബക്സ് തുടങ്ങിയ ആഗോള ബ്രാൻഡുകൾക്ക് വൻ സാമ്പത്തിക തിരച്ചടിയാണ് സമ്മാനിച്ചത്. സ്റ്റാർബക്സിന് നിരവധി രാജ്യങ്ങളിൽ ഔട്ട്ലെറ്റുകൾ അടക്കേണ്ടിവന്നു. മക്‌ഡൊണാൾഡ്സ് വിവിധ രാജ്യങ്ങളിലെ ഔട്ട്ലെറ്റുകൾക്ക് കമ്പനിയുമായി നേരിട്ട് ബന്ധമില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും, ഉപഭോക്താക്കളുടെ പ്രതിഷേധം അതിജീവിക്കാനായില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ബോയ്കോട്ട് മിഡിൽ ഈസ്റ്റി ലേക്കും ഏഷ്യയിയിലേക്കും വ്യാപിച്ചു. ആഗോളതലത്തിൽ ഈ പ്രതിരോധമേഖല വ്യാപിക്കുന്നതിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രതിഫലങ്ങൾ നേരിടാൻ ബ്രാൻഡുകൾ തയ്യാറാണോ? അമേരിക്കയിലെ പ്രമുഖ റീടെയിലർ ‘ടാർഗറ്റ്’ നേരിട്ടത് ജിയോ-പൊളിറ്റിക്കൽ ബോയ്കോട്ട് അല്ല, എന്നാൽ അതും ശക്തമായ സാംസ്കാരിക ബോയ്കോട്ട് ആയിരുന്നു. LGBTQ+ ആകർഷക ഉൽപന്നങ്ങൾ വിൽക്കാൻ തുടങ്ങിയപ്പോൾ, സംരക്ഷണവാദികളും ഉപഭോക്താക്കളും ബോയ്കോട്ട് തുടങ്ങി. എന്നാൽ ടാർഗറ്റ് അതിൽ പിൻമാറിയപ്പോൾ, സാമൂഹ്യ നീതി വാദികളും കമ്പനിയോട് അതേശക്തിയിൽ തിരിഞ്ഞു. ഒരു ബ്രാൻഡ് ഇരുവശത്തുനിന്നും ബോയ്കോട്ട് നേരിട്ടാൽ, അതിന്റെ ആഗോള വില്പന തകർന്നില്ലെങ്കിലാണല്ലോ അതിശയം. ബോയ്കോട്ടുകൾ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾക്ക് പ്രഭാവം ചെലുത്തിയിട്ടുണ്ട്. അതിനുദാഹരണമാണ്, ഗസ്സയിലെ യുദ്ധത്തെ തുടർന്ന് സ്റ്റാർബക്സ്, മക്ഡൊണാൾഡ്സ്, കെഎഫ്‌സി പോലുള്ള ബ്രാൻഡുകൾക്കെതിരെയുള്ള ബോയ്കോട്ടുകൾ. ഈ ബഹിഷ്കരണങ്ങൾ കമ്പനികളുടെ വിൽപ്പനയിൽ വൻ ഇടിവുകൾക്ക് കാരണമായി.
കൂടാതെ, ഇലോൺ മസ്കിന്റെ ടെസ്‍ലയ്ക്കെതിരെ ബോയ്കോട്ടുകൾ ഉയർന്നുവന്നപ്പോൾ അതിനെതിരെ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ബോയ്കോട്ടുകൾ ചിലതെങ്കിലും വലിയ ആഘാതം ഉണ്ടാക്കുന്നുവെന്ന് സാരം. ഉപഭോക്താക്കളുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമാണ് ബോയ്ക്കോട്ടെങ്കിലും എല്ലാ ബോയ്കോട്ടുകളും ലക്ഷ്യത്തിലെത്തുന്നില്ല. ഒരുമിച്ച് പ്രവർത്തിക്കുനതിലുള്ള പരാജയം ചിലപ്പോൾ ബോയ്കോട്ടുകളുടെ പരാജയത്തിന് കാരണമാകുന്നു. ബോയ്കോട്ടുകൾ സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങൾക്ക് ശക്തമായ ഉപാധിയായി മാറിയിട്ടുണ്ട്. എങ്കിലും അവയുടെ ഫലപ്രാപ്തി ആസൂത്രണം, നടപ്പാക്കൽ, പൊതുജനങ്ങളുടെ പങ്കാളിത്തം എന്നിവയിൽ ആശ്രയിച്ചിരിക്കുന്നു.
ബോയ്കോട്ടുകളുടെ വ്യാപ്തിയും ആഘാതവും ഗണ്യമായി ഉയർന്നിരിക്കുന്ന പുതിയ കാലഘട്ടത്തിലാണ് ആഗോള ബ്രാൻഡുകൾ പ്രവർത്തിക്കുന്നത്. കമ്പനി എത്ര വലുതാണെങ്കിലും ഉപഭോക്താക്കളായ ജനങ്ങളുടെ ഐക്യബോധം അതിനെ ആകെയുള്ളതിലധികം സ്വാധീനിക്കാമെന്നത് ഇപ്പോൾ വ്യക്തമാണ്. കൃത്യമായ പൊതുബന്ധവും നയങ്ങളും സാമൂഹിക ഉത്തരവാദിത്തങ്ങളും വർദ്ധിപ്പിക്കുന്ന നടപടികൾ ഇല്ലാത്ത ബ്രാൻഡുകൾക്ക് ഭാവിയിൽ കടുത്ത പ്രതിസന്ധികൾ നേരിടേണ്ടി വരും. ടെസ്‌ല, സ്റ്റാർബക്സ്, മക്ഡൊണാൾഡ്സ്, കെഎഫ്സി തുടങ്ങി പ്രമുഖ ബ്രാൻഡുകൾ നേരിടുന്ന പ്രതിസന്ധികൾ, ഒരു വലിയ മാറ്റത്തിനുള്ള മുന്നൊരുക്കമാണ്. ഉപഭോക്താക്കളുടെ ബോധപൂർവമായ തെരഞ്ഞെടുപ്പ്, വമ്പൻ ബ്രാൻഡുകൾക്കുള്ള ഒരു നവസംസ്‌കാരത്തിന്റെ അവതാരികയാണ്.