ഇന്ത്യയിലിപ്പോള്‍ പലരും നടപ്പാക്കികൊണ്ടിരിക്കുന്നത് ഗോള്‍വാള്‍ക്കര്‍ കമ്യൂണിസം - ഡോ. ടി.ടി ശ്രീകുമാര്‍

ഇന്ത്യയില്‍ ശരീഅത്ത് വിവാദം വരുന്നതിന് മുന്‍പ് ന്യുനപക്ഷ വര്‍ഗീയത എന്ന വാക്ക് ആരെങ്കിലും കേട്ടിട്ടുണ്ടോ? ആ സന്ദര്‍ഭത്തില്‍ ഇ.എം.എസ് അടക്കമുള്ള ആളുകള്‍ ഈ വാക്ക് ഉപയോഗിക്കുമ്പോളാണ് ഇങ്ങനെ ഒരു വാക്ക് രൂപം കൊള്ളുന്നത്. അതിന് മുന്‍പ് മുസ്‌ലിം വര്‍ഗീയത, ഹിന്ദു വര്‍ഗീയത തുടങ്ങിയ പദങ്ങളാണ് കേരളത്തില്‍ ഉപയോഗിച്ചത്. | പ്രഭാഷണം

Update: 2024-06-19 13:43 GMT
Advertising

(സുദേഷ് എം. രഘുവും സലീം ദേളിയും ചേര്‍ന്ന് എഡിറ്റ് ചെയ്ത്, കോഴിക്കോട് ബുക്ക്പ്ലസ്സ് പ്രസിദ്ധീകരിച്ച 'ഇസ്ലാമോഫോബിയ: പഠനങ്ങള്‍ സംവാദങ്ങള്‍' പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ഡോ. ടി.ടി ശ്രീകുമാര്‍ നടത്തിയ പ്രഭാഷണം)

ഇസ്‌ലാമിനെ, അതിനകത്തെ ദൈവശാസ്ത്രത്തെയും ദൈവിക ഭരണകൂട ആലോചനകളെയും ഭിന്നതകളെയും വൈജാത്യങ്ങളെയും എല്ലാം തമസ്‌കരിച്ചുകൊണ്ട്, അമൂര്‍ത്തമായ ഒരു ഇസ്‌ലാമിനെ മുന്നില്‍ നിര്‍ത്തി, ആ ഇസ്‌ലാമിന്റെ എല്ലാ രൂപത്തോടും ഭാവത്തോടും സാംസ്‌കാരിക സമീപനത്തോടും ഭീതിയും വെറുപ്പും ശത്രുതയും വെച്ചുപുലര്‍ത്തുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഇസ്‌ലാമോഫോബിയ എന്നത്. ഈ പ്രത്യയശാസ്ത്രത്തിന്റെ ഒരു സൗകര്യം എന്താണെന്നു വെച്ചാല്‍, ഇസ്‌ലാമിന് അകത്തുള്ള ഭിന്നതകള്‍ അതിനു പരിഗണിക്കേണ്ടതില്ല എന്നതാണ്. രാഷ്ട്രീയമായ വിപരീത വിചാരങ്ങള്‍ ഒരു മതത്തിനു അകത്ത് ഉണ്ടെങ്കില്‍ അതും പരിഗണിക്കേണ്ടതില്ല. ലോകത്തെ വിവിധ രാജ്യങ്ങളിലും സമൂഹങ്ങളിലും സംസ്‌കാരങ്ങളിലുമെല്ലാം ഇസ്‌ലാം എങ്ങനെ സമന്വയിച്ച് പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള ചരിത്രപരമായ ഉള്‍ക്കാഴ്ചകളെയും അതിന് പരിഗണിക്കേണ്ടതില്ല. ഇസ്‌ലാം എന്ന് പറഞ്ഞാല്‍ ഭയപ്പെടേണ്ട, സാമൂഹികമായി പരിത്യജിക്കേണ്ട, ഒഴിവാക്കപ്പെടേണ്ട ഒരു സംസ്‌കാരം ആണ് എന്ന് പ്രചരിപ്പിക്കുന്ന ആഗോള സംവിധാനമാണിത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

ഇതിന്റെ ചരിത്രപരമായ രേഖകള്‍ അന്വേഷിച്ചാല്‍, യൂറോപ്പില്‍ ഏഴാം നൂറ്റാണ്ടില്‍ റീ കോണ്‍ക്വിസ്റ്റ എന്നൊരു പ്രതിഭാസം ഉണ്ടായിരുന്നു. ഐബീരിയന്‍ പെനിസ്വലയില്‍ മുസ്‌ലിംകളെ പുറത്താക്കുന്നതിനു വേണ്ടി, മുസ്‌ലിം ഭരണകൂടങ്ങളെ പുറത്താക്കുന്നതിനു വേണ്ടി യൂറോപ്പില്‍ ആരംഭിച്ച യുദ്ധങ്ങളുടെ തുടക്കം. കേവലം രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നതിനപ്പുറം സാംസ്‌കാരികമായ, മതങ്ങള്‍ തമ്മിലുള്ള യുദ്ധം എന്ന രീതിയില്‍ തുടക്കം മുതല്‍ തന്നെ ഇതിനെ സ്ഥാനപ്പെടുത്തുകയും അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ പ്രക്രിയയില്‍ തന്നെയാണ് ഇസ്‌ലാമോഫോബിയയുടെയും ആരംഭം നാം കണ്ടത്തേണ്ടത്. അത് തുടര്‍ന്ന് കൊണ്ട് 11, 12 നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കുരിശു യുദ്ധങ്ങള്‍ കടന്നുവന്നത് ഈ റീ കോണ്‍ക്വിസ്റ്റയുടെ ഇടയിലൂടെയാണ്. റീ കോണ്‍ക്വിസ്റ്റയുടെ ചരിത്രത്തിന്റെ ഒരു ഭാഗം പൂര്‍ത്തിയാവുന്നതോടെ ആ പ്രദേശത്തിലെ ഒരുപാടു പേര്‍ ഇസ്‌ലാമിലേക്ക് മാറിയിട്ടുണ്ടായിരുന്നു. ഈ മതം മാറിയവരുടെ വിശ്വാസ വിശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് സ്പാനിഷ് ഇന്‍ക്വിസിഷന്‍ എന്ന പ്രക്രിയ തന്നെ ആരംഭിക്കുന്നത്. ആഗോളതലത്തില്‍ തന്നെ മുസ്‌ലിംകളെ പാര്‍ശ്വവത്കരിച്ചു നിര്‍ത്തുന്ന ഒരു പ്രവണതയായികൊണ്ടാണ് ഈ സംവിധാനം നിലനില്‍ക്കുന്നത്. ഇതിനെ തുടര്‍ന്നാണ് രണ്ടു പ്രധാന രാഷ്ട്രീയ സംഭവങ്ങള്‍ ലോക ചരിത്രത്തില്‍ അരങ്ങേറുന്നത്. ഒന്ന് യൂറോപ്യന്‍ അധിനിവേശത്തിന്റെ ധാര ഇറങ്ങിപ്പുറപ്പെടുന്നു. ഇത് വളരെ നിഷ്‌കളങ്കമായ ഒരു മുഹൂര്‍ത്തമല്ല എന്ന് നാം മനസ്സിലാക്കണം.

തിലകന്‍, വിവേകാനന്ദന്‍, ഗാന്ധി തുടങ്ങിയവര്‍ വളര്‍ന്നു വന്നത് ഹിന്ദു അഭിമാന ബോധത്തിന്റെ ഇടയില്‍ ഉണ്ടായി വന്നിട്ടുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ്. എന്നാല്‍, 1885 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം ഇത്തരം മത പുനരുദ്ധാന സംഘടനകളുടെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്. കാരണം, 1885 ആവുമ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക ചിത്രം വലിയ തോതില്‍ മാറുന്നുണ്ട്. ഇന്ത്യന്‍ സാമ്പത്തിക ചിത്രത്തില്‍ അത് വരെ ഉണ്ടായിരുന്ന ഫ്യുഡലിസം ഒരു പരിധി വരെ മാറി മുതലാളിത്ത-മൂലധന നവ ബൂര്‍ഷ്വാസി ചലനം ഉണ്ടാവുന്നുണ്ട്.

കൊളോണിയലിസത്തിന്റെ ആരംഭം നാം കാണുന്നത് കൊളംബസിന്റെ യാത്രകളിലൂടെയാണ്. ഇസബെല്ലാ രാജ്ഞിയും രാജാവും കൊളംബസിന്റെ കപ്പല്‍ യാത്രക്കുള്ള പണം ഉണ്ടാക്കിയത് ഐബീരിയന്‍ പെനിസ്വലയിലെ യുദ്ധത്തില്‍ നിന്ന് മുസ്‌ലിംകളെ ആക്രമിച്ചു കീഴടക്കി അവിടുത്തെ വായന ശാലകള്‍ കത്തിച്ചു കളഞ്ഞ്, അവിടുത്തെ രത്‌ന ശേഖരങ്ങളും പണവുമെല്ലാം അപഹരിച്ച് ഉണ്ടാക്കിയ ധനശേഷിയില്‍ നിന്നുകൊണ്ടുമാണ് എന്ന് ഓര്‍ക്കണം. ഇങ്ങനെ ഇസ്‌ലാമിന് നേരെ നടന്ന കൈയേറ്റത്തിന്റെ ഭാഗമായിക്കൊണ്ട് നേടിയ സാമ്പത്തിക ശേഷിയാണ് കൊളോണിയലിസത്തിന്റെ ഇന്ധനമായത് എന്ന് ആരുടെയും ചര്‍ച്ചയില്‍ കാണുന്നില്ല. അതിനു ശേഷം കൊളോണിയലിസത്തിന്റെ ഒരു ധാര ശക്തമാവുന്നു. വാസ്‌കോഡ ഗാമ ഇന്ത്യയിലേക്ക് വരുന്നു, പലരീതിയില്‍ കൊളോണിയലിസം ലോകമെമ്പാടും പ്രചരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അപര ഭീതി (xenophobia) എന്ന അര്‍ഥത്തില്‍ യൂറോപ്പില്‍ ഇസ്‌ലാമോഫോബിയ വളരുന്നു. ഈ സന്ദര്‍ഭത്തില്‍ ഉണ്ടായ യൂറോപ്പിനെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ വികസനം. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ മൂലധനത്തിന്റെ വികസന രീതി തികച്ചും ശത്രുതാപരമായ രീതിയില്‍, ചെയ്യാന്‍ പാടില്ലാത്ത ഒന്നായിക്കൊണ്ടാണ് യൂറോപ്പ് കണ്ടത്. കുരിശുദ്ധങ്ങളുടെയും റീ കോണ്‍ക്വിസ്റ്റയുടെയും ഒരു പ്രേതത്തെ ആവാഹിച്ച് മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് ഇവര്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ വികസനത്തെ കാണുന്നത്.

മനുഷ്യന്റെ ഉള്ളില്‍ സംഘര്‍ഷം ഉണ്ടാവുക എന്നത് വളരെ സ്വാഭാവികമായും ഉണ്ടാവുന്ന സംഗതിയാണ്. മനുഷ്യന്റെ രക്തത്തില്‍ ഉള്ളതാണ് ഹിംസയുടെ അംശം. ഹോമോസാപ്പിയന്‍സും നിയാണ്ടര്‍ത്തലുകളും തമ്മില്‍ ഒരു ലക്ഷം വര്‍ഷത്തോളം യുദ്ധം ഉണ്ടായിട്ടുണ്ട് എന്നാണ് നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നത്. ബുദ്ധനും മറ്റു മത നേതാക്കന്മാരും സമാധാനത്തിന്റെ ദീപം കൊളുത്തിവെച്ചിട്ടും വെളിച്ചം കേറാത്ത മനസ്സാണ് ഹോമോസാപ്പിയന്‍സിന്റേത് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അപ്പോള്‍ അതില്‍ അല്ല അസ്വാഭാവികതയുള്ളത്, മറിച്ച് ലോകത്ത് ഉണ്ടായ സംഘര്‍ഷങ്ങളെയും സമരങ്ങളെയും മതപരമായ വിഭാഗീയതയുടെ കണ്ണിലൂടെ മാത്രം നോക്കാന്‍ ലോകത്തെ മുഴുവന്‍ പരിശീലിപ്പിക്കുന്ന ഫാക്ടറിയായി യൂറോപ്പ് മാറി എന്നുള്ളതാണ് അടിസ്ഥാനപരമായി വിമര്‍ശിക്കപ്പെടേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെമ്പാടും ഇസ്‌ലാമോഫോബിയയുടെ ബീജവാപം നടന്നിട്ടുള്ളത്.

ഇന്ത്യയുടെ സാഹചര്യം പരിശോധിച്ചാല്‍ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാവുന്നത് ഈ ആഗോള സാഹചര്യവുമായി ബന്ധപ്പെട്ടാണ്. ഇത് ഇന്ത്യയില്‍ ഉണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതാണ്. 1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചതോടെ അപ്രസക്തമായി തീര്‍ന്ന രാഷ്ട്രീയ പ്രവണതയായിരുന്നു ഹിന്ദുത്വ പുനരുദ്ധാനത്തിന്റേത്. 1887 ല്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള ഇന്ത്യയിലെ ജന്മിത്വ രാജ വംശത്തിന്റെ കലാപം അടിച്ചമര്‍ത്തപ്പെടുകയും 1860 കളില്‍ ഇന്ത്യ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ആവുകയും ചെയ്തു. ആ സമയത്ത് സ്വാഭാവികമായും സ്വത്വ നഷ്ടബോധവും അഭിമാന നഷ്ടബോധവും എത്ര സങ്കുചിതമാണെങ്കില്‍ പോലും ഇന്ത്യന്‍ ജനതക്ക് ഉണ്ടായി. എന്നാല്‍, അത് ഒരു ഹിന്ദു അഭിമാന ബോധത്തിന്റെ നഷ്ടത്തിന്റെ മാത്രം ഭാഗമായി കാണുന്ന വിവിധ സംഘടനകളുടെ പെരുപ്പം തന്നെ ഉണ്ടാക്കി. ബ്രഹ്മസമാജം, ആര്യസമാജം, പ്രാര്‍ഥനസമാജം എന്നിങ്ങനെ ഹിന്ദു പുനരുദ്ധാനത്തെ മാത്രം ലക്ഷ്യം വെച്ച് നിരവധി ഹിന്ദു സംഘടനകള്‍ ഉണ്ടായി.

ഹുന്ദിത്വധാരക്കെതിരെ ശക്തമായ ഒരു രാഷ്ട്രീയ നിലപാട് എടുക്കുന്ന മറ്റൊരാള്‍ സി.ജെ തോമസ് ആണ്. 1950 കളില്‍ തന്നെ ഇന്ത്യയില്‍ ഉണ്ടാവാനിരിക്കുന്ന ഏറ്റവും വലിയ വിപത്ത് ഹിന്ദുത്വത്തിന്റേതാണ് എന്ന് പറഞ്ഞുകൊണ്ട് ലേഖനങ്ങള്‍ എഴുതുന്നുണ്ട് അദ്ദേഹം. കമ്യൂണിസ്റ്റുകാര്‍ ഇതിനോട് പുലര്‍ത്തുന്ന നിസ്സംഗതയെ ദ്യോതിപ്പിക്കാനായി അദ്ദേഹം ധീരമായി ഉപയോഗിക്കുന്ന വാക്ക് 'ഗോള്‍വാള്‍ക്കര്‍ കമ്യൂണിസം' എന്നാണ്.

തിലകന്‍, വിവേകാനന്ദന്‍, ഗാന്ധി തുടങ്ങിയവര്‍ വളര്‍ന്നു വന്നത് ഈയൊരു ഹിന്ദു അഭിമാന ബോധത്തിന്റെ ഇടയില്‍ ഉണ്ടായി വന്നിട്ടുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ്. എന്നാല്‍, 1885 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം ഇത്തരം മത പുനരുദ്ധാന സംഘടനകളുടെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്. കാരണം, 1885 ആവുമ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക ചിത്രം വലിയ തോതില്‍ മാറുന്നുണ്ട്. ഇന്ത്യന്‍ സാമ്പത്തിക ചിത്രത്തില്‍ അത് വരെ ഉണ്ടായിരുന്ന ഫ്യുഡലിസം ഒരു പരിധി വരെ മാറി മുതലാളിത്ത-മൂലധന നവ ബൂര്‍ഷ്വാസി ചലനം ഉണ്ടാവുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ ഹിന്ദു-മുസ്‌ലിം-സിക്ക് ബൂര്‍ഷ്വാസികള്‍ക്കു ഒരുമിച്ചു ഒരു ആശയ പ്രകാശനത്തിന്റെ വേദി എന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഉയര്‍ന്നുവന്നു.

എന്നാല്‍, അന്ന് അപ്രസക്തമായ ഹിന്ദു പുനരുദ്ധാരണ സംഘടനകള്‍ വീണ്ടും പുനരുദ്ധരിക്കപ്പെടുന്നത് ഖിലാഫത്ത് പ്രസ്ഥാനത്തിനോട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചേരുമ്പോളാണ്. അത് ഇവര്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ്. മുസ്‌ലിം ബൂര്‍ഷ്വാസിക്ക് സ്ഥാനം കൊടുക്കുന്നു എന്നുണ്ടെങ്കിലും അവരുടെ രാഷ്ട്രീയ ആലോചനയുമായി കണ്ണിചേരുമെന്നു ഇവര്‍ തീരെ പ്രതീക്ഷിക്കുന്നില്ല. കാരണം, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ വിഭജന രീതി എന്ന് പറയുന്നത് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള എല്ലാ സംഘര്‍ഷങ്ങളും വര്‍ഗീയതയുടെ കണ്ണില്‍ കാണാന്‍ നമ്മളെ പരിശീലിപ്പിക്കുന്നു എന്നതാണ്. വര്‍ഗീയത എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്ന communalism എന്ന വാക്കിന് ഒരു സാമൂഹിക കൂട്ടം എന്നതിനപ്പുറം യഥാര്‍ഥത്തില്‍ നിഷേധപരമായ ഒരു അര്‍ഥം ഇല്ല. മറിച്ച് ഈ ജാതിപരമായ, മതപരമായ സംഘര്‍ഷങ്ങളെ ദ്യോതിപ്പിക്കാന്‍ ഉപയോഗിക്കുന്നത്തിലൂടെയാണ് ഒരു നിഷേധപരമായ വ്യാഖാനം ഉണ്ടാവുന്നത്. അത് മുന്‍നിര്‍ത്തികൊണ്ട് ഇന്ത്യയില്‍ വര്‍ഗീയതയുണ്ടായിട്ടുണ്ട്. അത്, ഹിന്ദു-മുസ്‌ലിം വര്‍ഗീയതയാണ് എന്ന ഒരു നിര്‍മിതിയെ ആണ് പ്രധാനമായും കാണേണ്ടത്. കമ്യുണലിസം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനേക്കാള്‍ എങ്ങനെയാണ് കമ്യുണലിസം എന്ന വ്യവഹാരം ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണഘൂടം സൃഷ്ടിച്ചത് എന്നതാണ് പ്രസക്തം.

ദേശീയ നേതൃത്വം യാതൊരു കാരണ വശാലും മുസ്‌ലിം രാഷ്ട്രീയവുമായി സന്ധി ചേരുകയില്ല എന്ന ഹിന്ദു പുനരുദ്ധാന വാദികളുടെ വിശ്വാസമാണ് ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായതോടെ, അതിനോട് ചേരാന്‍ ഗാന്ധി പ്രഖ്യാപിച്ചതോടെ തകര്‍ന്നു പോയത്. അതുകൊണ്ടാണ് 1920 കളില്‍ വളരെ പെട്ടെന്ന് ഹിന്ദു മഹാസഭ, ആര്‍. എസ്.എസ് പോലുള്ള ഹിന്ദു സംഘടനകള്‍ വീണ്ടും മുളച്ചു വരുന്നത്. മുപ്പതുകളില്‍ എത്രത്തോളം ഈ ധാര ശക്തമായി വളര്‍ന്നു വന്നിട്ടുണ്ട് എന്നതിനുള്ള ഉദാഹരണത്തിന് കേരളത്തില്‍ ഉണ്ടായ സംവാദങ്ങള്‍ നോക്കിയാല്‍ മതി. കേരളത്തില്‍ എം. ഗോവിന്ദന്‍ അല്ലാതെ മറ്റാരും തന്നെ ഹിന്ദുത്വത്തെ ഒരു പ്രശ്‌നമായി കണ്ടിരുന്നില്ല. അദ്ദേഹമാണ് 1930 കളില്‍ തന്നെ ഇന്ത്യയില്‍ നാളെ ശക്തി പ്രാപിക്കാന്‍, ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള ഒന്നായി ഹിന്ദുത്വയെ കണ്ടത്. ആദ്യ കാലത്തു മൃദു ഹിന്ദുത്വവാദി ആണ് എന്ന് പറഞ്ഞു ഗാന്ധിയെ വിമര്‍ശിക്കുവാന്‍ ഉപയോഗിക്കുന്ന ഫ്രെയിം വര്‍ക്കായി കൊണ്ട് ഹിന്ദുത്വയെ എടുക്കുന്നുണ്ട് എം. ഗോവിന്ദന്‍. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാവട്ടെ കോണ്‍ഗ്രസ്സിനാവട്ടെ ഒന്നും മനസ്സിലാവാത്ത ഒരു കാര്യം ലിബറല്‍ ചിന്തകനായ എം. ഗോവിന്ദനാണ് കണ്ടെത്തിയത്. നമ്മുടെ കേവല ചിന്താ പരിമിതികള്‍ക്കപ്പുറത്തേക്കു കൊണ്ട് പോയിക്കൊണ്ട് ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ കേരളത്തിലെ ലിബറല്‍ ചിന്തകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 1940 കളില്‍ ഈ സാഹചര്യം ഹിന്ദുത്വധാര കമ്യൂണിസ്റ്റുകളോ കോണ്‍ഗ്രസ്സോ കണക്കിലെടുക്കുന്നില്ല.

ഹുന്ദിത്വധാരക്കെതിരെ ശക്തമായ ഒരു രാഷ്ട്രീയ നിലപാട് എടുക്കുന്ന മറ്റൊരാള്‍ സി.ജെ തോമസ് ആണ്. 1950 കളില്‍ തന്നെ ഇന്ത്യയില്‍ ഉണ്ടാവാനിരിക്കുന്ന ഏറ്റവും വലിയ വിപത്ത് ഹിന്ദുത്വത്തിന്റേതാണ് എന്ന് പറഞ്ഞുകൊണ്ട് ലേഖനങ്ങള്‍ എഴുതുന്നുണ്ട് അദ്ദേഹം. കമ്യൂണിസ്റ്റുകാര്‍ ഇതിനോട് പുലര്‍ത്തുന്ന നിസ്സംഗതയെ ദ്യോതിപ്പിക്കാനായി അദ്ദേഹം ധീരമായി ഉപയോഗിക്കുന്ന വാക്ക് 'ഗോള്‍വാള്‍ക്കര്‍ കമ്യൂണിസം' എന്നാണ്. ഇന്ത്യയിലിപ്പോള്‍ പലരും നടപ്പാക്കികൊണ്ടിരിക്കുന്നത് ഗോള്‍വാള്‍ക്കര്‍ കമ്യൂണിസമാണ്. സി.പിഎമ്മിലെ ഇസ്‌ലാമോഫോബിയയെ പറ്റി ഇപ്പോള്‍ പറയുന്നുവെങ്കിലും വിമോചന സമരത്തിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോള്‍വാള്‍ക്കര്‍ കമ്മ്യുണിസം എന്ന് അദ്ദേഹം ഇതിനെ വിളിക്കുന്നുണ്ട്.

പാര്‍ട്ടികളിലും മറ്റും ഇത് ആഴത്തില്‍ കടന്നു കയറുന്നു എന്ന ഇത്തരത്തിലുള്ള കണ്ടെത്തല്‍ വളരെ പ്രധാനമാണ്. മാത്രമല്ല ആഗോള തലത്തില്‍ തന്നെ പത്രമാധ്യമങ്ങളിലും മറ്റും ഇസ്‌ലാമോഫോബിയ നമ്മെ തുറിച്ച് നോക്കുന്നുണ്ട്. അത് ചെറിയ ചെറിയ ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. അമേരിക്കയിലെ ബോസ്റ്റണ്‍ ബോംബിങ് മാരത്തോണ്‍ എന്ന സംഭവം ഉണ്ടായപ്പോള്‍ ന്യൂ യോര്‍ക്ക് ടൈംസ് എന്താണ് ചെയ്തത്? പൊലീസുകാര്‍ വിശദീകരണം പറയുന്നതിന് മുന്‍പ് തന്നെ രണ്ടു യുവാക്കളുടെ ചിത്രം പുറത്തു വിടുകയാണ് ചെയ്തത്. bad man എന്ന് പറഞ്ഞു കൊണ്ട് അത് പ്രചരിപ്പിച്ച് ഇതിന്റെ മൊത്തം ഉത്തരവാദിത്വവും മുസ്‌ലിംകള്‍ക്കാണ് എന്ന് ധ്വനിപ്പിക്കുകയായിരുന്നു. ഇങ്ങനെ തുടങ്ങി മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശേഷിയുള്ള ചിന്തകള്‍ പ്രചരിപ്പിക്കുന്നവരായിക്കൊണ്ട് മാധ്യമങ്ങള്‍ മാറുന്നു.

ആര്‍.എസ്.എസിനെ തന്നെ തെറ്റിദ്ധരിച്ചു കൊണ്ട്, അവര്‍ കേരളത്തില്‍ നടത്തിയിട്ടുള്ള കുത്സിതമായ പ്രവര്‍ത്തനങ്ങള്‍ തമ്‌സ്‌കരിച്ചുകൊണ്ട് മാത്രമേ അത്തരം ഒരു നിലപാട് എടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുകയുള്ളൂ. വളരെ പെട്ടെന്നുള്ള രാഷ്ട്രീയ സൗകര്യങ്ങള്‍ക്ക് വേണ്ടി ചരിത്ര സന്ദര്‍ഭങ്ങളെ വളച്ചൊടിക്കുകയല്ല വിവേചന ശേഷിയുള്ള രാഷ്ട്രീയ നേതൃത്വം ചെയ്യേണ്ടത്. മറിച്ച് അതിന്റെ വേരുകളിലേക്ക് ഇറങ്ങി ചെല്ലുകയും അത് തുറന്ന് പറയാനുള്ള ആത്മ ധൈര്യം കാണിക്കുകയുമാണ് ചെയ്യേണ്ടത്. 

വസ്ത്രത്തിന്റെ പേരില്‍, അനുഷ്ടാനങ്ങളുടെ പേരില്‍, ഭക്ഷണങ്ങളുടെ പേരില്‍, മത ചിഹ്നങ്ങളുടെ പേരില്‍, എന്നിങ്ങനെ പലതിലൂടെയും ഇസ്‌ലാമോഫോബിയ ഒരു വ്യവഹാരമായി വ്യാപിപ്പിക്കപ്പെടുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇന്ത്യയില്‍ ഉണ്ടായ ഒന്നാണ് കൊറോണ ജിഹാദ്. തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം കോവിഡ് കാലത്തു നടന്നു എന്ന കാരണം കൊണ്ട്, ഒരുപാട് കാലം സംസ്ഥാന ഭരണകൂടങ്ങള്‍, കേന്ദ്ര ഭരണകൂടം, മാധ്യമങ്ങള്‍, പൊലീസ് എല്ലാവരും ചേര്‍ന്ന്, കോവിഡ് വ്യാപനത്തിന്റെ 90 ശതമാനം ഉത്തരവാദിത്വവും തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിനാണ് എന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടി പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തിയത് നമ്മള്‍ കണ്ടതാണ്. മോദി നിസ്സാരമായി തുരത്തുമായിരുന്ന കൊറോണയെ നിലനിര്‍ത്തിയത് തബ്‌ലീഗ് ജമാഅത്ത് കാരണം കൊണ്ട് മാത്രമാണ് എന്ന് പച്ചക്ക് പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ വസ്തുതാപരമാണോ എന്ന് അന്വേഷിക്കേണ്ട യാതൊരു ബാധ്യതയും ഉത്കണ്ഠയും ഇവര്‍ക്കില്ല. അത്രത്തോളം അടിച്ചുറപ്പിക്കപ്പെട്ട ഒരു വസ്തുതയായി അവരുടെ മനസ്സിലേക്ക് കടത്തിവിട്ടിരിക്കുകയായിരുന്നു കൊറോണ ജിഹാദ് എന്ന് പറയുന്ന സങ്കല്‍പം. മനഃപൂര്‍വം ഇന്ത്യയിലെ ജനങ്ങളെ കൊറോണയില്‍ ആഴ്ത്താന്‍ വേണ്ടിയാണ് ഈ സമ്മേളനം നടത്തിയത് എന്ന് വരെ പറഞ്ഞ രാഷ്ട്രീയ ഉത്തരവാദിത്വമുള്ള ആളുകള്‍ ഉണ്ട് ഈ രാജ്യത്ത്. ഓരോ ഘട്ടത്തിലും എടുത്ത് വീശാവുന്ന ഒരു ആയുധമായി ഇസ്‌ലാമോഫോബിയ കൊണ്ട് നടക്കുകയാണ്.

ഈ അടുത്ത് വടകരയില്‍ നടന്ന ചര്‍ച്ചകള്‍ നമുക്കറിയാം. ഇത്തരം ചര്‍ച്ചകളെ നിരുത്സാഹപ്പെടുത്തേണ്ട രാഷ്ട്രീയ നേതൃത്വം അവിടെ ഒരു വര്‍ഗീയ ധ്രുവീകരണം ഉണ്ട് എന്ന വാദത്തിന് കുടപിടിക്കുകയാണ്. അതുപോലതന്നെ ചരിത്രത്തെ അവര്‍ സൗകര്യപൂര്‍വ്വം വളച്ചൊടിക്കുകയാണ്. പലപ്പോഴും സി.എച്ച് കണാരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വര്‍ഗീയ ധ്രുവീകരണ ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, വളരെ സങ്കുചിതമായി കൊണ്ടാണ് ചരിത്രകാരന്മാര്‍ വടകരയുടെ വര്‍ഗീയ ചരിത്രത്തെ സമീപിക്കുന്നത്. വടകരയില്‍ ആദ്യമായി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചത് ആരാണ് എന്ന ചോദ്യത്തെ കൃത്യമായി ഇവര്‍ ആരും തന്നെ അഭിമുഖീകരിക്കുന്നില്ല. 1950 കളിലാണ് യഥാര്‍ഥത്തില്‍ വടകരയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ആര്‍.എസ്.എസും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമാണ് അതിന് നേതൃത്വം നല്‍കിയത്. ഇതുപറയാന്‍ എന്താണ് ഇത്ര മടി? കേന്ദ്ര മന്ത്രി ലോക്‌സഭയില്‍ പ്രസ്താവന ഇറക്കേണ്ടി വന്ന പ്രശ്‌നമാണ് 1952 ല്‍ ഒക്ടോബറില്‍ ഗോവധ നിരോധന വാരാചരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് വടകരയില്‍ നടന്നത്. അതിന്റെ പേരില്‍ എന്തൊക്കെ നുണകളാണ് ഇവര്‍ പ്രചരിപ്പിച്ചത്? വടകരയില്‍ കശാപ്പ് നടക്കുന്നു എന്നതില്‍ എന്തായിരുന്നു ഇത്ര അത്ഭുതം? മനുഷ്യര്‍ ഇറച്ചി കഴിക്കുന്ന സ്ഥലമല്ലേ കേരളം? കേരളത്തില്‍ കശാപ്പ് നടക്കാത്ത ഗ്രാമങ്ങളോ നഗരങ്ങളോ ഉണ്ടോ? ഈ വാരാചരണ കാലത്ത് മുസ്‌ലിംകള്‍ പശുവിനെ കശാപ്പ് നടത്തി എന്ന് പറഞ്ഞുകൊണ്ട് ആക്രമണം നടത്തിയതും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയതും ആര്‍.എസ്.എസ് ആണ്. അതിനെ പിന്തുണച്ച് രംഗത്ത് വന്നത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ആണ്. എന്ന് മാത്രമല്ല, ഇവര്‍ ഒന്നിച്ച് സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട് വടകരയില്‍. കേരളത്തില്‍ ആര്‍.എസ്.എസ് ഉണ്ടാവുന്നത് എഴുപതുകളില്‍ സി.പി.എമ്മുമായുള്ള സംഘര്‍ഷത്തിന്റെ കാലഘട്ടത്തിലാണ് എന്നുള്ളത് യാതൊരു പ്രസക്തിയുമില്ലാത്ത ചരിത്രാഖ്യാനമാണ്. ആര്‍.എസ്.എസ് എല്ലാ കാലത്തും അവരുടേതായ രീതിയില്‍ മുദ്ര പതിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് വടകര എന്ന് പറയുന്നത്.

ആര്‍.എസ്.എസിനെ തന്നെ തെറ്റിദ്ധരിച്ചു കൊണ്ട്, അവര്‍ കേരളത്തില്‍ നടത്തിയിട്ടുള്ള കുത്സിതമായ പ്രവര്‍ത്തനങ്ങള്‍ തമ്‌സ്‌കരിച്ചുകൊണ്ട് മാത്രമേ അത്തരം ഒരു നിലപാട് എടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുകയുള്ളൂ. വളരെ പെട്ടെന്നുള്ള രാഷ്ട്രീയ സൗകര്യങ്ങള്‍ക്ക് വേണ്ടി ചരിത്ര സന്ദര്‍ഭങ്ങളെ വളച്ചൊടിക്കുകയല്ല വിവേചന ശേഷിയുള്ള രാഷ്ട്രീയ നേതൃത്വം ചെയ്യേണ്ടത്. മറിച്ച് അതിന്റെ വേരുകളിലേക്ക് ഇറങ്ങി ചെല്ലുകയും അത് തുറന്ന് പറയാനുള്ള ആത്മ ധൈര്യം കാണിക്കുകയുമാണ് ചെയ്യേണ്ടത്. ഇവിടെയാണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരാജയം. അതുകൊണ്ടാണ് കേരളത്തില്‍ ഇസ്‌ലാമോഫോബിയയെ ഒരുമിച്ച് നിന്ന് നേരിടാന്‍ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്തത്. കേവലം ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രമായി ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചുരുങ്ങിയതിന്റെ കാരണം യഥാര്‍ഥ ചരിത്രത്തെ ധീരമായി നേരിടാനുള്ള സ്ഥൈര്യമില്ലായ്മ കൊണ്ടാണ്.

ദേശീയതലത്തില്‍ ഒന്നാം ഘട്ടത്തില്‍ വളരെ ശുഭാപ്തി വിശ്വാസത്തില്‍ നിന്ന ബി.ജെ.പി ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ബി.ജെ.പി വിരുദ്ധ ജനവികാരം ശക്തമാണെന്ന് കണ്ടപ്പോള്‍ മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കുന്ന മാര്‍ഗം എന്താണ്? 1980 കളില്‍ അദ്വാനി നടത്തിയിരുന്ന രഥയാത്രയിലൂടെ ഉണ്ടായ അതേ വ്യവഹാരത്തെ പൊടി തട്ടിയെടുത്തു പ്രയോഗിക്കുകയാണ് മോദി ചെയ്യുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് സമാഹരിക്കുന്നതിനുള്ള മാര്‍ഗമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ്. ഈയൊരു മാറ്റത്തിന്റെ പ്രധാന കാരണം ഉത്തരേന്ത്യയിലെ ഭരണകൂട വിരുദ്ധ വികാരം നേരിടാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. അപ്പോള്‍ ഉപയോഗിക്കുന്ന ഒരു ആയുധമായി ഇതിനെ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. രഥയാത്രയുടെയും പ്രധാന ഉദ്ദേശ ലക്ഷ്യം ഇസ്‌ലാമോഫോബിയയെ ഇന്ത്യയിലെ മുഖ്യധാരായിലേക്ക് പുനഃപ്രതിഷ്ഠിക്കുക എന്നത് തന്നെയായിരുന്നു. അതിന് ഉപയുക്തമായ രീതിയിലുള്ള കാമ്പയിന്‍ തന്ത്രം മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ശരീഅത്ത് വിവാദം വരുന്നതിന് മുന്‍പ് ന്യുനപക്ഷ വര്‍ഗീയത എന്ന വാക്ക് ആരെങ്കിലും കേട്ടിട്ടുണ്ടോ? ആ സന്ദര്‍ഭത്തില്‍ ഇ.എം.എസ് അടക്കമുള്ള ആളുകള്‍ ഈ വാക്ക് ഉപയോഗിക്കുമ്പോളാണ് ഇങ്ങനെ ഒരു വാക്ക് രൂപം കൊള്ളുന്നത്. അതിന് മുന്‍പ് മുസ്‌ലിം വര്‍ഗീയത, ഹിന്ദു വര്‍ഗീയത തുടങ്ങിയ പദങ്ങളാണ് കേരളത്തില്‍ ഉപയോഗിച്ചത്. പക്ഷെ, ഭൂരിപക്ഷ വര്‍ഗീയതക്ക് സമാനമായ തരത്തിലുള്ള ഒരു പരികല്‍പന സൃഷ്ടിക്കുകയും അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുക എന്നുള്ളത് 1980 കള്‍ മുതല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തുന്നതാണ്. അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്ക് കൊണ്ടുപോയ സന്ദര്‍ഭമാണ് രഥയാത്ര. അത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലാണ് ചെന്നവസാനിച്ചത് എങ്കില്‍ പോലും അതിന്റെ രാഷ്ട്രീയമായ ധര്‍മങ്ങള്‍ ഇതൊക്കെ തന്നെ ആയിരുന്നു. അതിന് അനുരൂപമായാണ് മാധ്യമങ്ങളും നിലനിന്നിട്ടുള്ളത്. നീതിപൂര്‍വകമായ എന്തോ ഒന്ന് നടക്കാന്‍ ഇരിക്കുന്നു എന്ന് ദ്യോതിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ഫീച്ചറുകളും അക്കാലത്ത് മാധ്യമങ്ങള്‍ പടച്ചു വിട്ടിരുന്നു. അതിന് ശേഷം ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ വളരുന്നതിന് വേണ്ടി ആഗോള തലത്തില്‍ ഉണ്ടായ പ്രധാനപ്പെട്ട ഒരു മാറ്റവും നാം ശ്രദ്ധിക്കേണ്ടതാണ്.

1989 കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കമ്യുണിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും നമുക്കറിയാം. അങ്ങനെ ഒരു ലോക സാഹചര്യം ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ പരിഭ്രമിച്ചത് അമേരിക്കയാണ്. യഥാര്‍ഥത്തില്‍ അമേരിക്ക പരിഭ്രമിച്ചത് കമ്യൂണിസം നശിച്ചപ്പോളാണ്. അതിന് കാരണം ഒരു ശത്രു ഇല്ലാതാവുന്നു എന്നതാണ്. ഇത്രയും കാലം ലോക ജനങ്ങളെ പറഞ്ഞു പേടിപ്പിച്ച് നിര്‍ത്തിയത് ഈ കമ്യുണിസത്തിന്റെ പേര് പറഞ്ഞാണ്. ഇത് നിങ്ങളെയെല്ലാം വിഴുങ്ങാന്‍ പോവുന്നു എന്ന് പറഞ്ഞു, ഞങ്ങളുടെ കൂടെ നില്‍ക്കൂ എന്ന് പറഞ്ഞാണ് അമേരിക്ക ആയുധ കമ്പോളം വികസിപ്പിച്ചിരുന്നത്. സ്വാഭാവികമായും അത്തരമൊരു സന്ദര്‍ഭത്തില്‍ ഭീതി പരത്താന്‍ വേണ്ടി ഒരു ശത്രു ആവശ്യം വരുകയും അങ്ങനെ അവര്‍ നിര്‍മിക്കുകയും ചെയ്ത ഒന്നാണ് ഇസ്ലാമിക ഭീകരവാദം. അത് അമേരിക്കയുടെ ഒരു കണ്ടുപിടുത്തമാണ്, യാഥാര്‍ഥ്യമല്ല. അതിന് വേണ്ടി അവരുടെ ചിന്തകന്മാര്‍ പണിയെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി - സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ - രണ്ടു പ്രധാന പുസ്തകങ്ങള്‍ രചിക്കപ്പെട്ടു. സാമുവല്‍ ഹണ്ടിങ്ടണിന്റെ lashes of civilization, മറ്റൊന്ന് ഫുകുയാമയുടെ end of the history. 

'ഇസ്‌ലാമോഫോബിയ: പഠനങ്ങള്‍ സംവാദങ്ങള്‍ ' പുസ്തക പ്രകാശനം

ലിബറല്‍ ജനാധിപത്യം അല്ലാതെ മറ്റൊരു പരിഹാരം ഇല്ല എന്നതാണ് ഫുകുയാമയുടെ വാദം. ഈ ഒരു നിഗമനത്തിലേക്ക് എത്തുന്നതിനോട് ഒരു പരിധിവരെ യോജിക്കുന്നുവെങ്കിലും അത്തരത്തിലുള്ള വാദങ്ങള്‍ പോലും ഉപയോഗിക്കുന്നത് മതപരമായ ഒരു ഭിന്നത സൃഷ്ടിക്കാന്‍ വേണ്ടി കൂടിയായിരുന്നു. ലോകം ഇനി രണ്ടായി വിഭജിക്കാന്‍ പോവുന്ന സംഘര്‍ഷം ഇസ്‌ലാമും പാശ്ചാത്യ സംസ്‌കാരവും തമ്മിലാണ് എന്നാണ് ഹണ്ടിങ്ടണിന്റെ വാദം. ഇങ്ങനെ ഒരു സംഗതി പറയണമെങ്കില്‍ അതിന് പറ്റിയ ഒരു ആരോപണം കൂടി ഉപയോഗിച്ചേ പറ്റൂ. സോവിയറ്റ് യൂണിയന്റെ പേരില്‍ അവര്‍ കമ്യുണിസം പ്രചരിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ചു. എന്നാല്‍, മത പരിവര്‍ത്തനത്തിന്റെ പേരില്‍ ഒരു ആരോപണം ഇസ്‌ലാമിനെതിരെ ഉന്നയിക്കാന്‍ കഴിയില്ല. കാരണം, ഇസ്‌ലാം ലോകത്ത് പ്രചരിക്കപ്പെട്ടത് മതപരിവര്‍ത്തനത്തിന്റെ പേരില്‍ അല്ല, മറിച്ച് മത സ്വീകാര്യതയിലൂടെയാണ്. ഇന്തൊനേഷ്യയുടെയും മലേഷ്യയുടെയും എല്ലാം ചരിത്രം പരിശോധിച്ചാല്‍ അത് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. വിശ്വാസം ഉണ്ടെങ്കില്‍ ആളുകള്‍ മതത്തില്‍ പ്രവേശിക്കുന്നു എന്ന് കാണാം. അതുകൊണ്ട് തന്നെ അങ്ങനെ ഒരു ആരോപണം സാധ്യമല്ലാത്തതിനാല്‍ അവര്‍ കണ്ടെത്തിയ ഒരു ഉപകരണം ആണ് ഇസ്‌ലാമിക ഭീകരവാദം. എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ ഇവര്‍ ഇടപെടുന്നത്? താലിബാനെ സഹായിക്കുന്നത്? ഒരു നാല്‍പതു കൊല്ലത്തേക്ക് ലോകത്ത് എന്ത് സംഭവിക്കും എന്ന് തീരുമാനിക്കുന്ന ഒരു സൈനിക സംവിധാനമാണ് അമേരിക്ക കൊണ്ടുനടക്കുന്നത്. അത്തരത്തില്‍ ആസൂത്രണം ചെയ്ത് നിര്‍മിച്ച ഒന്നാണ് ഇസ്‌ലാമിക ഭീകരവാദം. ഐ.എസ്.ഐ.എസ് ഉപയോഗിച്ച ആയുധങ്ങള്‍ അമേരിക്ക കൊടുത്തതാണ് എന്നത് കേവലം നിഗൂഢതാ വാദം അല്ല; അതെല്ലാം അമേരിക്കയുടേതാണ്. സകല പ്രശ്‌നങ്ങളിലും ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്താനുള്ള, പൈശാചിക വത്കരിക്കാനുള്ള ആഗോള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സാമ്രാജ്യത്വ ശക്തികള്‍ എല്ലാ കാലഘട്ടത്തിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടുകൂടിയാണ് ഇസ്‌ലാമോഫോബിയ ലോകത്ത് വളര്‍ന്നിട്ടുള്ളത് എന്ന് നാം മനസ്സിലാക്കേണ്ടതാണ്.

തയ്യാറാക്കിയത്: അലി ഹസ്സന്‍


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News