ജോണ്‍ പോള്‍ സിനിമകളിലെ മധ്യവര്‍ഗ വിചാരങ്ങള്‍

കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന്റെ സിനിമകളിലൂടെ ഒരു യാത്ര

Update: 2022-09-22 10:34 GMT
Click the Play button to listen to article

ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാനങ്ങളില്‍ ആയിരിക്കാം ഒരു പക്ഷെ വ്യാപകമായി മലയാളി തങ്ങളുടെ സംബന്ധമായ യാത്രകളിലേക്ക് നടക്കുകയും സ്വന്തം നാട് വിട്ട് മറ്റു ഭൂമി ശാസ്ത്രങ്ങളിലേക്ക് കുടുംബമായും അല്ലാതെയും മൈഗ്രെറ്റ് ചെയ്യുന്ന ജീവിതത്തിലേക്ക് എത്തുന്നത്. അതേ സമയത്ത് തന്നെ ഗള്‍ഫിലേക്കും ബോംബെയിലേക്കും മദ്രാസിലേക്കുമെല്ലാം മലയാളി സഞ്ചരിച്ചിരുന്നു. ഈ കാലത്ത് കൂടിയാണ് മലയാളിയുടെ കൂട്ടുകുടുംബം എന്ന സങ്കല്‍പവും ഗ്രാമീണ ജീവിതങ്ങളിലെ കമ്മ്യൂണിറ്റി ലൈഫിനും വിഘാതങ്ങളും ഉണ്ടാകുന്നത്. പ്രധാനമായും റെയില്‍വേയുടെ ഒക്കെ വികസനങ്ങളിലൂടെ ഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി ലൈഫും അത് പോലെ കൂട്ടുകുടുംബവും വേര്‍പെട്ട് കൊണ്ട് ഉദ്യോഗസ്ഥരായവര്‍ നഗരങ്ങളിലേക്ക് ചേക്കേറി. അതിനു കണക്കാക്കി പഴയ കൂട്ട് കുടുംബ/ഗ്രാമീണ സിനിമകളില്‍ നിന്നു മലയാള സിനിമ വ്യത്യസ്തപ്പെട്ടു കൊണ്ടു സ്റ്റുഡിയോവില്‍ ഷൂട്ട് ചെയ്യാത്ത നഗര കേന്ദ്രീകൃതങ്ങള്‍ ആയ ഔട്ട് ഡോര്‍ ഷൂട്ട് നടത്തിയ സിനിമകളിലേക്ക് മാറി തുടങ്ങി. എണ്‍പതുകളില്‍ ബാല്യ കാലം സ്വന്തം ഗ്രാമങ്ങളില്‍ നിന്നു ദൂരേക്ക് അച്ഛന്റെ ജോലി സംബന്ധമായി സഞ്ചാരിച്ച ഞങ്ങള്‍ക്ക് കമ്യൂണിക്കെറ്റ് ചെയ്യാന്‍ പറ്റിയത് അത്തരം സിനിമകളോടായിരുന്നു. എണ്‍പതുക്കളുടെ ആദ്യ കാലത്ത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പോലെയുള്ള സിനിമയില്‍ ഉദ്യോഗസ്ഥനായ ഒരു യുവാവിന്റെ പ്രണയം കൊടൈക്കനാലിന്റെ ഭൂമി ശാസ്ത്രത്തില്‍ കേരളത്തില്‍ നിന്നു വ്യത്യസ്തപ്പെടുത്തി പറഞ്ഞപ്പോള്‍ അത് രസമായിരുന്നു. അത്തരം ഫോര്‍മാറ്റില്‍ നഗര കേന്ദ്രീകൃതവും കേരളീയവുമായ അന്തരീക്ഷത്തില്‍ നിന്നു വ്യത്യസ്തമായ മാറിയ യാത്ര ചെയ്ത അണു കുടുംബങ്ങളിലെ ഇമോഷന്‍സ് പറഞ്ഞ അന്നത്തെ പുതിയ കാലത്തിന്റെ സിനിമയുടെ എഴുത്തുകാരന്‍ ആയിരുന്നു ജോണ്‍ പോള്‍. കേരളത്തിലെ മധ്യവര്‍ഗ സമൂഹങ്ങള്‍ അത് ഏറ്റെടുത്തു.


അദ്ദേഹത്തിന്റെ വിട പറയും മുമ്പേ എന്ന സിനിമ ഹിന്ദിയിലെ ആനന്ദിന്റെ പിന്തുടര്‍ന്ന് കൊണ്ടു എഴുതപ്പെട്ടതാണെങ്കിലും കേരളത്തിലെ വിദ്യാഭ്യാസം ചെയ്ത് ജോലി വാങ്ങിയ അണു കുടുംബങ്ങളുമായി ബന്ധപ്പെട്ട അത്തരം ഇമോഷന്‍സിന്റെ കഥയാണ് പറഞ്ഞത്. പ്രേം നസീറിന്റെയും ഭരത് ഗോപിയുടെയും നെടുമുടി വേണുവിന്റെയും കഥാപാത്രങ്ങള്‍ ജോണ്‍ പോള്‍ സൃഷ്ടിച്ച പുതിയ ഒരു മിഡില്‍ ക്ലാസ് ലൈഫിന്റെ സ്ട്രക്ച്ചറില്‍ ആണ് തകര്‍ത്താടിയത്. ഞങ്ങളുടെ കുഞ്ഞുനാളില്‍ ആ സിനിമ കേരളത്തില്‍ ഗംഭീര വിജയമായതോടെ അത്തരം മിഡില്‍ ക്ലാസ് സിനിമകള്‍ ഒരുപാടുണ്ടായി. മലയാളി കളിയാക്കിയ 'മമ്മൂട്ടി പെട്ടി കുട്ടി സിനിമകള്‍' അത്തരം ഒരു സാമൂഹിക സാഹചര്യങ്ങളില്‍ ജോണ്‍ പോളിന്റെ അടക്കമുള്ളവര്‍ സൃഷ്ടിച്ച ഒരു ഓറയെ പിന്തുടര്‍ന്ന് ഉണ്ടായതായിരിക്കാം.

ചാമരം എന്ന സിനിമയില്‍ ഒരു കോളജിന്റെ അന്തരീക്ഷത്തില്‍ പ്രണയത്തിന്റെയും ലൈംഗീകതയുടെയും അടക്കമുള്ള പുതിയ ചില ചിത്രങ്ങള്‍ വരച്ചു കൊണ്ടാണ് ജോണ്‍ പോള്‍ എഴുതിയത്. പുതിയ നഗര കേന്ദ്രീകൃതവും അത് പോലെ കോളജ് കാമ്പസുകള്‍ പോലുള്ള എണ്‍പതുകളിലെ പുതിയ കമ്യൂണിറ്റി ഫോര്‍മഷനുകളിലും ഉണ്ടാകുന്ന മനുഷ്യ ബന്ധങ്ങള്‍ പുതിയതും അന്നത്തെ സമൂഹത്തിന്റെ സദാചാര സങ്കല്‍പ്പങ്ങളെ ഞെട്ടിച്ചു കൊണ്ടുമാണ് ജോണ്‍ പോള്‍ എഴുതി തീര്‍ത്തത്. ഒരു കോളജ് അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള പ്രണയത്തിന്റെ തലങ്ങളില്‍ സഞ്ചരിപ്പിച്ചതിലൂടെ ജോണ്‍ പോള്‍ എണ്‍പതുക്കളെ പുതിയ പ്ലോട്ടുകളിലേക്ക് സഞ്ചരിപ്പിക്കുക ആയിരുന്നു. മലയാളി ഷോക്ക് ആയെങ്കിലും അതി ഭീകരമായി റിഫ്രഷ് ചെയ്യുക കൂടിയുണ്ടായി.

ഞങ്ങളുടെ നാട്ടിലെ ഒരു സി ക്ലാസ് തിയേറ്ററില്‍ ഇരുപത്തി അഞ്ചു ദിവസങ്ങളില്‍ അധികം കളിച്ച സിനിമയായ യാത്ര അന്നും ഇന്നും വ്യക്തിപരമായി എന്നെയൊക്കെ ഇമോഷണലി ബൈന്‍ഡ് ചെയ്തിരുന്നു. ആ കാലത്ത് എന്റെ അച്ഛന്‍ ഒറ്റക്കും അല്ലാതെയും ജോലി സംബന്ധമായി യാത്രകള്‍ ചെയ്തിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എണ്‍പതുകളില്‍ ജീവിച്ച മമ്മൂട്ടിയുടെ കഥാപാത്രം എന്റെ അച്ഛന്‍ അടക്കമുള്ള അന്നത്തെ നമ്മുടെ മുന്‍ തലമുറയില്‍ ഉള്ള അനേകം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയി ഞങ്ങള്‍ സങ്കല്‍പിച്ചിരുന്നു. അന്ന് അച്ഛന്റെ ജോലി സംബന്ധമായി ഹൈറേഞ്ചുകളിലേക്ക് പറിച്ചു നടപ്പെട്ട് ജീവിച്ച ഞങ്ങള്‍ക്ക് ആ സിനിമയും ആയി വല്ലാതെ റിലേറ്റ് ചെയ്യപ്പെടാനും പറ്റി. യാത്ര എന്ന സങ്കല്‍പവും മനുഷ്യരെ നഷ്ടപ്പെടുന്നതും ഹൈറേഞ്ചും എല്ലാം ചേര്‍ന്നു മനോഹരമായ ഒരു ഫോക്ക് സോങ് പോലെ മലയാളി ആ സിനിമ ഏറ്റെടുത്തു.

പുതിയ നഗര കേന്ദ്രീകൃതവും അത് പോലെ കോളജ് കാമ്പസുകള്‍ പോലുള്ള എണ്‍പതുകളിലെ പുതിയ കമ്യൂണിറ്റി ഫോര്‍മഷനുകളിലും ഉണ്ടാകുന്ന മനുഷ്യ ബന്ധങ്ങള്‍ പുതിയതും അന്നത്തെ സമൂഹത്തിന്റെ സദാചാര സങ്കല്‍പ്പങ്ങളെ ഞെട്ടിച്ചു കൊണ്ടുമാണ് ജോണ്‍ പോള്‍ എഴുതി തീര്‍ത്തത്.

അന്നത്തെ ഞങ്ങളുടെ തലമുറ ബാലരമ പൂമ്പാറ്റ പോലുള്ള ബാല പ്രസിദ്ധീകരണങ്ങളിലൂടെ നാടോടിക്കഥകളുടെ ഇമേജിനേഷനുകളില്‍ ജീവിച്ചു തുടങ്ങിയിരുന്നു. അത്തരം കുട്ടികളായ ഞങ്ങളുടെ മുന്നിലേക്ക് ഒരു നാടോടി കഥയുടെ ഭാഷയും ആയി വന്ന സിനിമ ആയിരുന്നു ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമ. ടാക്കീസിലും ടി.വിയിലും അല്ലാതെ പെറുമെട്ടിലെ ഒരു എസ്.എം.എസ് ക്ലബ്ബിലെ വലിച്ചു കെട്ടിയ തുണി സ്‌ക്രീനില്‍ ഒരു ആട്ടിടയനെയും കുട്ടികളെയും ഞങ്ങള്‍ ഒരു ഫെയറി ടെയില്‍ പോലെ കണ്ടു. ജോണ്‍ പോളും ഔസേപ്പച്ചനും യേശുദാസും മോഹന്‍ലാലും കമലും എല്ലാം ഒരമ്മ പെറ്റ മക്കളാണോ എന്ന് തോന്നിപ്പോയി.

അത് പോലെ നഗര കേന്ദ്രീകൃതമായി യാത്ര ചെയ്ത മനുഷ്യരുടെ ഇമോഷന്‍സ് ജോണ്‍ പോള്‍ സംസാരിച്ചതിനോടൊപ്പം തന്നെ അത്തരം യാത്രകള്‍ ഗ്രാമീണമായ കേരള ജീവിതത്തില്‍ ഉണ്ടാക്കുന്ന നഷ്ടപ്പെട്ടലുകളും അതിനു ശേഷമുള്ള സങ്കടങ്ങളും ആണ് ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം എന്ന സിനിമയില്‍ ജോണ്‍ പോള്‍ പറഞ്ഞു വെച്ചത്. നഗര കേന്ദ്രീകൃത്യമായി തങ്ങള്‍ക്ക് ശേഷമുള്ള തലമുറ ജോലി സംബന്ധമായി യാത്ര ചെയ്തപ്പോള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട തങ്ങളുടെത് അല്ലാത്ത കൊച്ചു മകനെ കുറിച്ചുള്ള ദുഃഖം ആയിരുന്നു ആ സിനിമ. ഞങ്ങളുടെ മുത്തച്ചന്മാര്‍ അണു കുടുംബങ്ങളിലെ സന്തതികള്‍ ആയ ഞങ്ങള്‍ക്ക് വലിയ നൊസ്റ്റാള്‍ജിക് ഇമോഷണല്‍ ഫിഗേഴ്സ് അല്ലാത്തത് കൊണ്ടു ആ സിനിമ ഞങ്ങളെ അധികം ആവേഷിച്ചിരുന്നില്ല. പക്ഷെ, മലയാളി ആ പടം ഏറ്റെടുത്തു.


അണു കുടുംബങ്ങളുടെ മനുഷ്യ ബന്ധങ്ങളുടെ വിള്ളലുകള്‍ സംസാരിച്ച കാറ്റത്തെ കിളിക്കൂട് എണ്‍പതുക്കള്‍ക്ക് ശേഷമുള്ള ടിപ്പിക്കല്‍ ജോണ്‍ പോള്‍ സിനിമ ആയിരുന്നു. അതേ സമയം തൊണ്ണൂറുകളില്‍ അദ്ദേഹം സൂര്യ ഗായത്രിയില്‍ എത്തുമ്പോള്‍ എന്‍ട്രന്‍സ് മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ പുതിയ തൊഴില്‍ അധിഷ്ഠിത വിദ്യസഭ്യാസങ്ങളും ആയി ബന്ധപ്പെട്ടു മനുഷ്യര്‍ക്ക് സംഭവിക്കാവുന്ന സംഘര്‍ഷങ്ങളെ ചിത്രീകരിച്ചു. മമ്മൂട്ടിയെ സൂപ്പര്‍ സ്റ്റാര്‍ പദത്തില്‍ എത്തിച്ച അതിരാത്രം എന്ന സിനിമ കണ്ണൂരിലെ ജ്യോഗ്രഫി അധോലോകവും ആയി ചേര്‍ത്ത് വെച്ചു കാണിച്ച സിനിമ ആയിരുന്നു. മലയാളത്തില്‍ ലോഹിത ദാസ് എന്ന തിരക്കാഥാകൃത്ത് മലയാള സിനിമയെ ഗ്രാമങ്ങളിലേക്ക് പിടിച്ചു വലിച്ചു പരാജയപെട്ടവരുടെ കഥകള്‍ പറഞ്ഞപ്പോള്‍ ജോണ്‍ പോള്‍ എണ്‍പതുകളില്‍ നഗരങ്ങളിലേക്ക് സഞ്ചരിച്ചു അവര്‍ക്ക് നഷ്ടപ്പെട്ട മനുഷ്യരുടെ കഥകള്‍ പറഞ്ഞു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - രൂപേഷ് കുമാര്‍

contributor

Similar News