രാഹുൽ ഈശ്വർ: വരേണ്യതയുടെയും ജാതീയതയുടെയും 'ഡെഡ്‍ലി കോംബോ'

അത്യന്തം ഹീനകരമായ കുറ്റകൃത്യത്തിന് ഇരയായ ഒരു സ്ത്രീ അതേകുറിച്ച് തുറന്നുപറയുമ്പോള്‍ അവരത് ചോദിച്ചുവാങ്ങിയതാണെന്നതാണ് വളരെ പരിഷ്‌കൃതമായ ഭാഷയിലൂടെ രാഹുല്‍ പറഞ്ഞുവയ്ക്കുന്നത്

Update: 2025-01-13 13:19 GMT
Advertising

വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് അവരുടെ ജീവിതത്തെ സംബന്ധിച്ച സ്വയം നിര്‍ണായവകാശം സാധ്യമാകുന്ന ഒരു സമൂഹം നീതി ബോധമുള്ള ഒരു ജനവിഭാഗമെന്ന് പൊതുവില്‍ കരുതാം. കേരളം ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ എത്രത്തോളം സ്ത്രീകളുടെ സ്വയം നിര്‍ണായവകാശത്തെ അംഗീകരിക്കുന്നുണ്ടെന്ന് പരിശോധന വളരെ പ്രസക്തമാണ്. സാമൂഹിക- സാമ്പത്തിക സൂചികകളുടെ മാത്രം കണക്കുകളില്‍ വീശദീകരിക്കാന്‍ കഴിയാത്ത, നീതി സംബന്ധിച്ച ബോധത്തെ മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും. ഇപ്പോള്‍ നടക്കുന്ന സിനിമാതാരം ഹണി റോസിനെ വ്യവസായി അധിക്ഷേപിച്ചതും അതിന് പിന്തുണയുമായി രാഹൂല്‍ ഈശ്വര്‍ എന്ന കേരളത്തിലെ ലക്ഷണമൊത്ത തീവ്രവലതുപക്ഷക്കാരന്‍ രംഗത്തുവരുന്നതും അതിന് ഒരു വലിയ വിഭാഗത്തിന്റെ സ്വീകാര്യത കിട്ടുന്നതും നമ്മുടെ സമൂഹത്തിന്റെ നീതി ബോധത്തെക്കുറിച്ചുള്ള പരസ്യ പ്രസ്താവന തന്നെയാണ്. ജാതിയതയും വരേണ്യതയുടെയും അശ്ലീല പ്രകടനങ്ങളാണ് ഹണി റോസിനെതിരായ പരാമര്‍ശങ്ങളില്‍ നിഴലിക്കുന്നത്. ഇത് നേരത്തെയും കേരളം പലപ്പോഴായും കണ്ടിട്ടുള്ളതാണ്.

വ്യവസായി ബോബി ചെമ്മണ്ണൂര്‍ തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയതിനെതിരെ ആയിരുന്നു ഹണി റോസിന്റെ പരാതി. ബിഎന്‍എസിലെ 75(1)(4) ഉള്‍പ്പടെയുള്ള വകുപ്പുകളായിരുന്നു ബോബിക്കെതിരെ ചുമത്തിയത്. ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളിലൂടെ ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയെന്ന കുറ്റമാണ് പ്രഥമദൃഷ്ട്യാ ബോബി ചെയ്തിരിക്കുന്നത്. എന്നാല്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ 'വലതു നിരീക്ഷകനായും ദിലീപ് അനുകൂലിയായും' എത്തുന്ന രാഹുല്‍ ഈശ്വര്‍, മുഴുവന്‍ ആഖ്യാനങ്ങള്‍ക്കും മറ്റൊരു നിറം നല്‍കുകയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപങ്ങള്‍ക്ക് കാരണം ഹണി റോസിന്റെ വസ്ത്രധാരണം ആണെന്നതായിരുന്നു രാഹുല്‍ ഈശ്വറിന്റെ കണ്ടെത്തല്‍. ആദ്യമായല്ല രാഹുല്‍ ഈശ്വര്‍ ലിംഗരാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരം ജനാധിപത്യ വിരുദ്ധ സമീപനം കൈക്കൊള്ളുന്നത്. അടുത്തിടെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും നടി ആക്രമിക്കപ്പെട്ട കേസിലുമെല്ലാം രാഹുലിന്റെ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ കേരളം കണ്ടിരുന്നു. സ്ത്രീയുടെ വസ്ത്രധാരണത്തിലടക്കമുള്ള അവകാശങ്ങള്‍ അംഗീകരിക്കാൻ പുരുഷമേധാവിത്വത്തിലധിഷ്ടിതമായ ജാതി വരേണ്യതയ്ക്ക് ഒരുകാലത്തും കഴിയില്ല.

അത്യന്തം ഹീനകരമായ കുറ്റകൃത്യത്തിന് ഇരയായ ഒരു സ്ത്രീ അതേകുറിച്ച് തുറന്നുപറയുമ്പോള്‍ അവരത് ചോദിച്ചുവാങ്ങിയതാണെന്നതാണ് വളരെ പരിഷ്‌കൃതമായ ഭാഷയിലൂടെ രാഹുല്‍ പറഞ്ഞുവയ്ക്കുന്നത്. രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വരേണ്യ-ജാതീയ ബോധ്യങ്ങളാണ് അതിന് പിന്നില്‍. കേരളത്തിലാണെങ്കിലും മറ്റ് സമൂഹങ്ങളിലാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ വേട്ടക്കാരനുപകരം ഇരയെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന ആഖ്യാനങ്ങള്‍ ഉടലെടുത്തിട്ടുള്ളത് വരേണ്യതയില്‍നിന്നാണ്. സാമ്പത്തിക വികസനത്തിലൂടെ ജാതി ബോധത്തിന്റെ പ്രതിലോമത ഇല്ലാതാകുന്നില്ലെന്ന് മാത്രമല്ല, അത് സാമ്പത്തിക വരേണ്യതയുമായി സഹകരിച്ചുനില്‍ക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് രാഹുല്‍ ഈശ്വറിലൂടെയും അയാളുടെ ബോധം പിന്‍പറ്റുന്ന ആളുകളിലുടെയും പ്രതിഫലിക്കുന്നത്. അടിസ്ഥാനപരമായി സ്ത്രീവിരുദ്ധമായ ജാതീയതയും വരേണ്യതയും ഒത്തുചേരുമ്പോള്‍ സംഭവിക്കുന്ന അത്യന്തം അപകടകരമായ ഒന്നിന്റെ ഉദാഹരണമാണ് ഇത്തരം ആഖ്യാനങ്ങള്‍.

2016ല്‍ നടന്ന ജിഷ വധക്കേസില്‍, ആ പെണ്‍കുട്ടിയുടെ മാതാവ് നല്ല വസ്ത്രം ധരിച്ച് മേക്കപ്പ് ഇട്ട് പുറത്തിറങ്ങുന്നു എന്നതായിരുന്നു കേരളീയ മുഖ്യധാരാ സദാചാരത്തിന്റെ പ്രധാന പ്രശ്‌നം. സൂര്യനെല്ലിക്കേസില്‍ ഇരയെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമം നടത്തിയത് ഒരു ന്യായാധിപന്‍ ആണെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. അതിന്റെ തുടര്‍ച്ചയാണ് നിലവില്‍ ഹണി റോസിന്റെ വിഷയത്തിലും ഉണ്ടാകുന്നത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപികയായ ജെന്നി റോവേന എഴുതിയ 'ദ ഡേര്‍ട്ട് ഇന്‍ ഡേര്‍ട്ടി പിക്ചര്‍' എന്ന ലേഖനത്തില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന വിവിധങ്ങളായ സ്ത്രീവിരുദ്ധ ആചാരങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 'ഒക്കലി' എന്ന 1987 വരെ തുടര്‍ന്നിരുന്ന ഒരു ദേവദാസി ചടങ്ങില്‍ ഒരു കുളത്തിനു ചുറ്റും ഒത്തുകൂടുന്ന ഉയര്‍ന്ന ജാതിയിലെ പുരുഷന്മാർ, വളരെ നേരിയ തുണികൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ ധരിച്ച ദേവദാസികളുടെ മേല്‍ വെള്ളം ഒഴിക്കും. ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്ന നേര്‍ത്ത വസ്ത്രങ്ങളായതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ അവര്‍ നഗ്‌നരാക്കപ്പെടുകയാണ് ചെയ്യുക. പിന്നീട് അവിടെ കൂടിയിരിക്കുന്ന പുരുഷന്മാര്‍ ആ സ്ത്രീകളുടെ മേല്‍ ലൈംഗിക ആഗ്രഹങ്ങള്‍ തീര്‍ക്കും. ചടങ്ങു തീരുന്നതോടുകൂടി അവര്‍ണരായി കരുതപ്പെടുന്ന അവരുടെ ശരീരം അശുദ്ധവും നികൃഷ്ടവുമായിതീരും. ഈ ചടങ്ങുകള്‍ അവസാനിച്ചെങ്കിലും മേല്‍ജാതി പുരുഷന്മാരിലുണ്ടായിരുന്ന ആ ബോധ്യം ഇന്നും തുടരുന്നു.

ജാതി വ്യവസ്ഥയില്‍ ഉയര്‍ന്ന തട്ടിലുള്ള സ്ത്രീയുടെ ശരീരം പിതാവും ഭര്‍ത്താവും മകനുമാണ് സംരക്ഷിക്കുക. ജാതി ഹിന്ദു ധാര്‍മ്മികതയ്ക്ക് കീഴിലെ 'പവിത്രത, കന്യകാത്വം, അനുസരണയുള്ള സ്ത്രീത്വം' എന്നിവയാണ് സ്ത്രീയെ നിയന്ത്രണവിധേയമാക്കാനുള്ള പുരുഷന്റെ ആയുധങ്ങള്‍. ഇതിന്റെയെല്ലാം ആധുനിക രൂപമാണ് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചകളില്‍ വിളിച്ചുപറയുന്ന 'ഭാരതീയ സദാചാര മൂല്യങ്ങള്‍'. അതിന് പുറത്തുള്ള സ്ത്രീകളെ (അവര്‍ണ സ്ത്രീകള്‍) കണ്ടിരുന്നപോലെയാണ് തന്റെ ശരീരത്തിന്മേല്‍ സ്വയം നിര്‍ണയാവകാശം പ്രഖ്യാപിക്കുന്ന പുതിയ കാലത്തെ സ്ത്രീകളെ വരേണ്യ വിഭാഗം കണക്കാക്കുന്നത്. എല്ലാത്തരം പ്രതിലോമതകളെയും നിലനിര്‍ത്തിപോരുന്ന ഒരു സാംസ്‌കാരിക മൂല്യബോധം നമ്മുടെ സമൂഹത്തില്‍ ഇഴുകി ചേര്‍ന്നതാണ്. സാമ്പത്തികാവസ്ഥയിലെ മാറ്റമോ, വിദ്യഭ്യാസ നേട്ടങ്ങളോ കൊണ്ടുമാത്രം അതിനെ മറികടക്കാന്‍ കഴിയുന്നില്ലെന്നതാണ് രാഹുല്‍ ഈശ്വരന്മാരിലൂടെ തെളിയുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - മുഹമ്മദ് റിസ്‍വാൻ

Web Journalist at MediaOne

Similar News