ചെന്നിത്തലയുടെ റീ ബ്രാൻഡിങും കോൺഗ്രസും

‘എല്ലാവരുടെയും ലക്ഷ്യം അടുത്ത സംസ്ഥാന ഭരണമാണ്. അതിനായി നിലനിൽപ്പ് എന്ന പ്രധാന കടമ്പ കടക്കാനാണ് ഓട്ടം. ഗ്രൂപ്പ് എന്ന വഴി നിറയെ കുഴി നിറഞ്ഞു. അതിലൂടെ സ്വപ്നങ്ങളെ ഓടിച്ചു നോക്കി, പക്ഷെ ഗ്രൂപ്പുകൾ പലതും കട്ടപ്പുറത്തായി’

Update: 2024-12-21 07:16 GMT
Advertising

അഞ്ച് കൊല്ലം കൂടുമ്പോൾ കയറി ഇരിക്കാനുള്ള കസേരകൾ സ്വപ്നം കണ്ട് അത് വീതം വെക്കുന്ന ഏർപ്പാടാണ് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സംസ്ഥാനത്തെ മുന്നണികളുടെ പദ്ധതി. അതിനായി മണ്ഡലങ്ങളും, അതു കിട്ടാത്തവർ പൊതുമേഖലകൾ വരെ ഉന്നമിട്ടും മന്ത്രി മന്ദിരങ്ങളുടെ ഇടനാഴികളുടെ സ്വാധീനം വരെ ലക്ഷ്യമിട്ട് കഴിച്ച് കൂട്ടുന്ന അഞ്ച് കൊല്ലം. ഈ കണക്കുകൂട്ടലുകളാണ് ഇത്തവണ മുന്നണി ഭരണചരിത്രത്തിൽ തെറ്റിയത്. തുടർഭരണം എന്ന ഒന്ന് കേരളത്തിലും യാഥാർഥ്യമായി. അങ്ങനെ അഞ്ച് കൊല്ലം എന്നത് പത്തു കൊല്ലത്തേക്ക് നീങ്ങി. ഖദറിന് കഞ്ഞി മുക്കി വടിപ്പോളീഷ് കുപ്പായം കൊണ്ട് നാടാകെ പണിയെടുക്കുമ്പോൾ പ്രതിപക്ഷത്തുള്ളവർക്ക് ഇപ്പോൾ ആകെ കൺഫ്യൂഷനാണ്. എങ്ങനെ ഭരണത്തിലെത്താം എന്ന കൺഫ്യൂഷൻ.

ഗ്രൂപ്പായിരുന്ന് കോൺഗ്രസ്‌ പാർട്ടിയുടെ വഴിയും മാർഗവും. അത് വച്ചായിരുന്നു സകല പ്ലാനും ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ അതിലാണ് ആകെ കൺഫ്യൂഷൻ. എ,ഐ തിരുത്തൽ, വയലാർ ഇങ്ങനൊക്കെ പറഞ്ഞിരുന്നവർ വിശാല ഐ യും എ യും പറഞ്ഞു നോക്കി കളിച്ചു. പക്ഷെ ഇപ്പോൾ സംസ്ഥാന കോൺഗ്രസിൽ എങ്ങനെ നോക്കിയിട്ടും അങ്ങനെ അങ്ങ് ഗ്രൂപ്പ് ഒക്കുന്നില്ല. കെസി, ഒ സി, ആർ സി പോലുള്ളവ വരുന്നു ചാനൽ ചർച്ചകളിൽ വന്ന് ഇളകി മറിഞ്ഞു നേതാവായി നോക്കുന്നു ഇങ്ങനെ എങ്ങനെയൊക്കെ നിന്നാൽ പറ്റും എന്ന ഗവേഷണത്തിലാണ് നേതാക്കൾ. വന്നിരുന്നു കുറച്ച് കാര്യങ്ങൾ വിളമ്പി കുറെ വൈറൽ കട്ടുകൾ വന്നാൽ പിന്നെ എംഎൽഎയിൽ കുറഞ്ഞ ഒരു സ്വപ്നം കുട്ടി നേതാക്കൾക്ക്‌ ആർക്കും ഇല്ല. അതുകൊണ്ട് തദ്ദേശം പോലും ഏറ്റവും ലോക്കൽ നേതാക്കൾക്ക് മാത്രമാക്കി നൽകി എല്ലാവരും ആ നൂറ്റി നാൽപതിൽ കിട്ടുന്ന നൂറിൽ താഴെ വരുന്ന എണ്ണത്തിലാണ് കണ്ണ്.

 

പിന്നെ താക്കോൽ സ്ഥാനം കണ്ടുവെച്ച് കണ്ണ് കിഴച്ച മൂപ്പന്മാരായ മുന്തിയ നേതാക്കളുടെ കാര്യം പറയണോ. അവരുടെ അഭയ കേന്ദ്രമായ ഗ്രൂപ്പ് കേന്ദ്രങ്ങളുടെ കട്ടിളയും കഴുക്കോലുമായി പലരും ഇറങ്ങി. ഗ്രൂപ്പ് മാനേജർമാരാകട്ടെ തങ്ങൾക്കിപ്പോഴും കരുത്തുണ്ടെന്ന് കാണിക്കാനുള്ള പലതരം ശ്രമങ്ങളാണ് നടത്തുന്നത്. എല്ലാവരുടെയും ലക്ഷ്യം അടുത്ത സംസ്ഥാന ഭരണമാണ്. അതിനായി നിലനിൽപ്പ് എന്ന പ്രധാന കടമ്പ കടക്കാനാണ് ഓട്ടം. ഗ്രൂപ്പ് എന്ന വഴി നിറയെ കുഴി നിറഞ്ഞു. അതിലൂടെ സ്വപ്നങ്ങളെ ഓടിച്ചു നോക്കി, പക്ഷെ ഗ്രൂപ്പുകൾ പലതും കട്ടപ്പുറത്തായി. വിദ്യാർത്ഥി യുവജന സംഘങ്ങൾ മുതൽ എല്ലാ കീഴ്-മേൽ ഘടകങ്ങളുടെയും സംഘടനാ തെരഞ്ഞെടുപ്പുകളിലും ഗ്രൂപ്പ് വിട്ട് ഒത്തു തീർപ്പുകൾ തീർത്ത് പിടിച്ചു നിന്ന് കുഴഞ്ഞു. വളർന്നു വരുന്നവർ പറഞ്ഞും പറയിപ്പിച്ചും ഒരു ന്യൂ ജൻ കൂട്ടം ആളെക്കൂട്ടുമ്പോൾ മുതിർന്നവർക്ക്‌ പഴയ തഴമ്പിന്റെ വീര്യം പറഞ്ഞാൽ മാത്രം പോരാ തെളിവ് കൂടി വേണം.

 

എങ്കിൽ പിന്നെ കളി മാറ്റി പിടിക്കാം എന്നുറച്ചു. കഴിഞ്ഞ തവണ ഭരണം ബഹുദൂരം പിന്നിൽ തന്നെ നഷ്ടപ്പെട്ടപ്പോൾ നേതൃമാറ്റം എന്ന് കൊതിച്ചപ്പോൾ അത് നടക്കില്ലെന്നു ധരിച്ചു. ഒ സി, ആർ സിക്ക്‌ ഒപ്പം നിന്നു എന്നാൽ കേന്ദ്രം അടുത്ത പുതിയ രണ്ടക്ഷരത്തെ ഇറക്കി. മുന്നണിയെ തിരിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ രാഷ്ട്രീയ വടിയെടുത്ത് തുടങ്ങിയ വി ഡി സതീശൻ സഭക്കകത്തും പുറത്തും ശൈലി മാറ്റി വീശി. സഭക്കകത്ത് ഭരണ ബെഞ്ചിനു നേരെ എയ്ത അമ്പുകൾ ഓരോന്നും കൃത്യമായി പതിച്ചു. സഭക്ക് പുറത്ത് യുവാക്കൾക്കും വിദ്യാർത്ഥി നേതാക്കൾക്കും മുൻപില്ലാത്ത പരിഗണന നൽകിയതോടെ ഒരു ഉണർവിലേക്ക് കാര്യങ്ങൾ നീങ്ങി. സെമി കേഡർ എന്ന നടക്കാത്ത സ്വപ്നത്തിൽ തൂങ്ങാതെ വിഷനും മിഷനും എന്ന വാക്കുകൾ കൊണ്ട് പുതിയ രീതികൾ പയറ്റി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും എന്തിന് ചേലക്കരയിൽ പോലും ആ തന്ത്രങ്ങൾ വിജയം കണ്ടു. ചേലുള്ള ഒരു രാഷ്ട്രീയം കാണാനായി. ഇടഞ്ഞു നിന്ന എല്ലാ സാമൂഹ്യ സാമുദായിക വിഭാഗങ്ങളെയും അടുത്തിരുത്താൻ ശ്രമിച്ചു. പുതിയ രാഷ്ട്രീയ തന്ത്രങ്ങളിലേക്ക്‌ കടന്നു. ഓരോ പ്രസംഗങ്ങളിലും ഉപയോഗിക്കുന്ന ചെറിയ വാക്കുകൾ പോലും പരിക്കില്ലാത്ത ശബ്ദങ്ങളായി നിറഞ്ഞു. 




 


ഇതെല്ലാം കോൺഗ്രസിലാണല്ലോ എന്ന ചിന്തിക്കുന്നവർക്ക് മുന്നിലേക്ക് മണിയാർ കരാർ വന്നപ്പോഴേ ചില കരാർ ലംഘനങ്ങൾ മണത്തു. അതിന് പിന്നാലെ പതിറ്റാണ്ട് പിന്നിട്ട പിണക്കം മറന്ന് എൻ എസ് എസിന്റെ മന്നം ജയന്തി നോട്ടീസിൽ പഴയ മാനസപുത്രൻ രമേശ്‌ ചെന്നിത്തലയുടെ പേര് കണ്ടപ്പോൾ അത് അത്ര നിസാരമല്ല എന്ന് കേരള രാഷ്ട്രീയം അറിയുന്നവർക്കെല്ലാം അറിയാം. പുത്തരിക്കണ്ടം മൈതാനത്ത് സംസ്ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച് അവിടെ ഭൂരിപക്ഷ സമുദായത്തിന്റെയാളെ, സാക്ഷാൽ രമേശ് ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് അവരോധിക്കണമെന്ന സുകുമാര മുദ്ര കേരള രാഷ്ട്രീയം കണ്ടതാണ്. ഇതോടെ പണ്ടേ നായർ ബ്രാൻഡ് ആയ രമേശ് ചെന്നിത്തല ആ ബ്രാൻഡ് മാറ്റിപ്പിടിക്കാൻ ഞാൻ നായരും ഈഴവനും ക്രിസ്ത്യാനിയും മുസൽമാനും മത്രമല്ല ബുദ്ധമതം പഠിച്ചു തുടങ്ങിയതിനാൽ അതുമാണെന്ന് വരെ തട്ടിവിട്ടാണ് ബ്രാൻഡിംഗ് ബാർക്കോട് ഒഴിവാക്കാൻ ശ്രമിച്ചത്. ഇതോടെ ഡൽഹി നായർ എന്ന് പരിഹസിച്ച് പിണക്കിയ ശശി തരൂരിന് നറുക്ക് നൽകി സുകുമാരകല പുതിയ ആഖ്യാനങ്ങൾക്ക് വഴി തുറന്നു. കേന്ദ്രത്തിലെത്തിയ കെ.സി വേണുഗോപാലിനെക്കാളും എൻഎസ്എസ് കേന്ദ്ര ഭരണകൂട തലപ്പത്തുള്ളവരെ സഹായിച്ചു പോകുന്നതിനിടയിലാണ് വീണ്ടും ചെന്നിത്തലക്ക് മേൽ പഴയ ബ്രാൻഡ് കയറിവരുന്നത്. തൊട്ടുടൻ വൈക്കത്ത് എസ്എൻഡിപി പരിപാടിക്കും ചെന്നിത്തലക്ക് ക്ഷണം. ഇതോടെ കേരള രാഷ്ട്രീയം സടകുടഞ്ഞെണീറ്റു എല്ലാ സമവാക്യങ്ങളും ഇതാ മാറുന്നു എന്ന മാധ്യമ വാർത്തകൾ. ചെന്നിത്തലയെ ചുറ്റിപ്പറ്റി ചർച്ചകൾ നിറഞ്ഞു.

 

എന്തിനാണ് ഇപ്പോൾ ഈ റീ ബ്രാൻഡിങ്. വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവ് സകല മത സംഘടനകളുടെയും വേദികളിൽ പ്രസംഗിച്ചു നിറയുന്നു. പ്രത്യേകിച്ച് ക്രിസ്ത്യൻ സമൂഹങ്ങളുടെ വേദികളിൽ സഭാ വ്യത്യാസമില്ലാതെ ഒന്നിനു പിറകെ ഒന്നൊന്നായി കത്തിക്കയറുകയാണ്. മണിക്കൂറുകൾ നീളുന്ന പ്രഭാഷണങ്ങളിൽ അവരുടെ ചരിത്രവും വർത്തമാനങ്ങളും നിറച്ചു വച്ച് കയ്യടി നേടുന്നു. ഇതോടെ എല്ലാ അർഥത്തിലും ഒരു പുതിയ രാഷ്ട്രീയ താളം രൂപപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ ഇടത് ഭരണകൂടം നിരന്തരം, മുൻപില്ലാത്ത വിധം പ്രതിപക്ഷനേതാവിനെ ഉന്നമിട്ട് നീക്കം ശക്തമാക്കുന്നു. ഇതിനിടയിലാണ് ചെന്നിത്തല റീ ബ്രാൻഡിംഗ് നീക്കം. എന്ന് പറഞ്ഞാൽ പാർട്ടി നേതൃമാറ്റം അന്തരീക്ഷത്തിൽ നിറയുന്നതിനിടയിലാണ് കൊണ്ട്‌ പിടിച്ച ഈ റീ ബ്രാൻഡിംഗ്. സമുദായ സ്വാധീനം പറഞ്ഞ് ആദ്യം പാർട്ടിക്കുള്ളിൽ വിലപേശുക, തുടർന്ന് കസേരകൾ പലതും ലക്ഷ്യം വച്ച് നീങ്ങുക. ആ പഴഞ്ചൻ തന്ത്രം അങ്ങനെ പുതിയ പഴയ കുപ്പിയിലേക്ക് തന്നെ പകരുകയാണ്. കേരളത്തിന്റെ സാമുദായിക അന്തരീക്ഷം കലങ്ങി മറിഞ്ഞ് വിഷലിപ്തമായ സാഹചര്യത്തിൽ ഈ ബ്രാൻഡിംഗ് കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാക്കുക. 

സാമുദായിക അരമനകളുടെ ഇടനാഴികൾക്ക് അപ്പുറത്ത് മികവിന്റെ തെളിമയുള്ള രാഷ്ട്രീയ ജനക്കൂട്ടങ്ങളെ സൃഷ്ടിച്ച് സ്ക്രീൻ ഷോർട്ട് പ്രചാരണങ്ങളെ പോലുള്ളവയെ മറിച്ചിട്ട് വടകര കടന്ന് പാലക്കാട് എത്തിയ ചേലുള്ള ആ രാഷട്രീയ താളത്തെ തെറ്റിക്കാനാകും ഈ ബ്രാൻഡിംഗ് ഉപകരിക്കുക. ഒരു പിണക്കം മറന്ന് ഒരിലയിൽ ഉണ്ണുന്ന സദ്യക്കപ്പുറം വീണ്ടും താഴും താക്കോലും തേടിയുള്ള ബ്രാൻഡിംഗ് ആണേൽ ഭാവി അത്ര ശുഭകരമായിരിക്കില്ല. കാലം ഏറെ കഴിഞ്ഞിട്ടും പ്രായം എത്ര കടന്നിട്ടും മമ്മൂട്ടി പുതിയ കഥകൾ കേൾക്കുന്നതും ന്യൂജൻ സങ്കേതങ്ങൾ സൃഷ്ടിക്കുന്നവർക്ക് ഒപ്പം നിന്ന് തെളിമയുണ്ടാക്കുന്നത് ഒരു മാതൃകയാണ്. കോൺഗ്രസിൽ വളർന്നുവരുന്ന യുവനിര ഉണ്ടാക്കിയെടുക്കുന്ന ആൾക്കൂട്ടങ്ങളെ കൂടെക്കൂട്ടി അവർക്കൊപ്പം നിന്ന് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തീർത്ത് അതുവഴി ഉണ്ടാകുന്ന ഭരണകൂട സാധ്യത നിലനിർത്തുകയാണ് പരിചയിച്ച രാഷ്ട്രീയത്തിലെ ബോധമുള്ള ആ തലമുറ ചെയ്യേണ്ടത്. അത്തരം ഒരു നല്ല ബ്രാൻഡിംഗ് ആണ് കേരള രാഷ്ട്രീയം ആഗ്രഹിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യു. ഷൈജു

contributor

Similar News