ഐ.എ.എസ്സുകാരൻ, മുൻ ഡി.ജി.പി, മുൻ എൻ.ഐ.എ പ്രോസിക്യൂട്ടർ, ക്രൂരനായ മുസ്‍ലിം പോലിസ് ഓഫീസർ
2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം ഒന്ന്
മല്ലു ഹിന്ദു ഐ.എ.എസ്
ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥകര്‍ക്കുമാത്രമായി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വാര്‍ത്തയോടെയാണ് നവംബറിലെ രാഷ്ട്രീയവിവാദങ്ങള്‍ തുടങ്ങിയത്. ജൂനിയറും സീനിയറുമായ ഹിന്ദു ഐ.എ.എസ്സ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി തുടങ്ങിയ മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ ഐ.എ.എസ്സാണ്. ദീപാവലി ആശംസകള്‍ നല്‍കാന്‍ വേണ്ടിയുണ്ടാക്കിയ ഗ്രൂപ്പെന്നാണ് നല്‍കപ്പെട്ട ഒരു വിശദീകരണം. ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ അനൗചിത്യം അതിലെ അംഗങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് കേള്‍ക്കുന്നു. വിവാദം ചൂടുപിടിച്ചതോടെ ഗ്രൂപ്പ് അപ്രത്യക്ഷമായി.
സംഭവം അവിടെയും നിന്നില്ല. തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് കാണിച്ച് ഗ്രൂപ്പ് അഡ്മിന്‍ ഗോപാലകൃഷ്ണന്‍ പോലിസിന്റെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ച് അദ്ദേഹം ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സന്ദേശം അയച്ചിരുന്നു. തന്റെ അറിവോടെയല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അദ്ദേഹത്തിന്റെ വാദം(മിന്നി മറഞ്ഞ് 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്'; വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥന്‍, മാതൃഭൂമി, നവംബര്‍ 3, 2024). ഇതുകൂടാതെ മറ്റു പേരുകളില്‍ പതിനൊന്ന് ഗ്രൂപ്പുകളുണ്ടാക്കിയതായും അദ്ദേഹം വാദിക്കുന്നു. (മല്ലു ഹിന്ദു ഓഫീസേഴ്സ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്; വിവാദമായതോടെ ഡിലീറ്റ് ആക്കി, ഏഷ്യാനെറ്റ്, നവംബര്‍ 3, 2024). മല്ലു ഹിന്ദു ഗ്രൂപ്പില്‍ ഉള്‍പ്പെട്ട എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നു. കൊല്ലം ഡി.സി.സി ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണനെതിരേ പരാതി നല്‍കി. ഒടുവില്‍ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത വിഷയത്തില്‍ സര്‍ക്കാര്‍ ഗോപാലകൃഷ്ണന്റെ വിശദീകരണം തേടി. (മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന് കുറ്റാരോപണ മെമ്മോ നല്‍കി, മീഡിയാവണ്‍, നവംബര്‍ 29, 2024)
അതിനിടയില്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലിസ് മൊബൈല്‍ ഹാക്ക് ചെ്‌തെന്ന വാദം തള്ളി. ഫോര്‍മാറ്റ് ചെയ്ത ഫോണാണ് ഗോപാലകൃഷ്ണന്‍ പരിശോധനക്ക് നല്‍കിയതെന്നതായിരുന്നു ആദ്യ കാരണം. കൂടാതെ മെറ്റയുടെയും ഫോറന്‍സിക് ലാബിന്റെയും പരിശോധനാഫലവും ഗോപാലകൃഷ്ണന് എതിരായിരുന്നു.
ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഗോപാലകൃഷ്ണനെ സസ്‌പെന്റ് ചെയ്യുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. (മല്ലു ഹിന്ദു ഐ.എ.എസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് വരും, ശുപാര്‍ശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി, നവംബര്‍ 10, 2024, ഏഷ്യാനെറ്റ് ന്യൂസ്). ചീഫ് സെക്രട്ടറി അദ്ദേഹത്തിന് കുറ്റാരോപണ മെമ്മോയും നല്‍കിയിരുന്നു. ഗോപാലകൃഷ്ണന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ വിഭാഗീതയുണ്ടാക്കാന്‍ ശ്രമിച്ചു എന്നും സര്‍വീസ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്. ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വാര്‍ത്തകള്‍ പുറത്തുവന്ന് അധികം കഴിയുന്നതിനു മുമ്പ് കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം.
സുപ്രീംകോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കൂ. മറ്റൊരാള്‍ പരാതി നല്‍കിയാല്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രൂപ്പുകളില്‍ ഏതെങ്കിലും പരാമര്‍ശം അടങ്ങിയ സന്ദേശങ്ങളില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും റിപോര്‍ട്ട് പറയുന്നു. (മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനാവില്ലെന്ന് റിപോര്‍ട്ട്, കൈരളി ഓണ്‍ലൈന്‍ ന്യൂസ്, ഡിസംബര്‍ 3, 2024)
അതേസമയം പച്ചവെളിച്ചെമെന്ന പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മുസ് ലിംകളുടെ ഒരു വാട്ആപ്പ് ഗ്രൂപ്പുണ്ടെന്നും തീവ്രവാദവും ഭീകരവാദവുമാണ് അതിന്റെ ലക്ഷ്യമെന്നുമുള്ള ആരോപണം ദീര്‍ഘകാലമായി മാധ്യമങ്ങള്‍ ഉയര്‍ത്താറുണ്ട്. അതിന്റെ പേരില്‍ നിരവധി അന്വേഷണങ്ങളും നടന്നു. ആരോപണം ശരിയായാലും തെറ്റായാലും മല്ലു ഹിന്ദു ഗ്രൂപ്പിനോടുള്ള സമീപമായിരുന്നില്ല പച്ചവെളിച്ചത്തോട് മാധ്യമങ്ങളും സര്‍ക്കാരും സ്വീകരിച്ചത്. ഇത് കുറിച്ച് ഈ പംക്തി നേരത്തെ വിശദീകരിച്ചിട്ടുണ്ട്. മല്ലു ഹിന്ദു ഓഫിസേഴ്‌സ് വിവാദത്തിനിടയില്‍ ജന്മഭൂമി പുറത്തുവിട്ട ഒരു റിപോര്‍ട്ട് ഉദാഹരണമായി ചേര്‍ക്കുന്നു: ''വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക മതവിഭാഗത്തിലെ ചിലര്‍ നിയന്ത്രിക്കുന്ന 'പച്ചവെളിച്ചം' ഗ്രൂപ്പിന് സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും പച്ചക്കൊടി. പോലീസിലെയും മറ്റു സുപ്രധാനവകുപ്പുകളിലെയും പല രഹസ്യവിവരങ്ങളും ചോരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതില്‍ ഈ ഗ്രൂപ്പിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പല സംഭവങ്ങളില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ഇന്റലിജന്‍സ് തന്നെ ഇക്കാര്യം പലവട്ടം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വിവാദഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പച്ചവെളിച്ചം ഗ്രൂപ്പിന്റെ ആരംഭം. അന്നത്തെ പ്രമുഖനായ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് ഗ്രൂപ്പ് നിയന്ത്രിച്ചത്. പോലീസ് സേനയിലും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്കിടയിലും വിദ്യാഭ്യാസവകുപ്പിലുമെല്ലാം പച്ചവെളിച്ചം സജീവമായി. രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ഇ മെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നല്കിയ വിവരങ്ങള്‍ വരെ ചോര്‍ന്നു. ഹൈടെക് സെല്ലിലുണ്ടായിരുന്ന എസ്ഐ ബിജു സലീമാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ചോര്‍ത്തിയ വിവരങ്ങള്‍ ബിജു സലീം ജമാഅത്തെ ഇസ്ലാമിക്ക് കൈമാറുകയായിരുന്നു. ബിജു സലീം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും കേസ് എഴുതിതള്ളാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. പോപ്പുലര്‍ഫ്രണ്ടിനു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവവും പിന്നീടുണ്ടായി. തൊടുപുഴയില്‍ പോലീസ് ഇന്റലിജന്‍സ് ശേഖരിച്ച ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വിവരങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന് ഹിറ്റ്ലിസ്റ്റ് തയാറാക്കാനായി കൈമാറിയത്.''(പച്ചവെളിച്ചത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി, ജന്മഭൂമി, നവംബര്‍ 8, 2024)
ഐ.പി.എസ് ഉദ്യോസ്ഥര്‍ക്ക് പിന്നാലെ ഐ.എ.എസ് ഓഫിസര്‍മാരിലും ആര്‍.എസ്.എസ് പിടിമുറുക്കിയെന്നായിരുന്നു വി ഡി സതീശന്‍ വിമര്‍ശിച്ചത്. മല്ലു ഹിന്ദു ഗ്രൂപ്പ് വാട്‌സ്ആപ്പ് സംഭവത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മയെയും അദ്ദേഹം വിമര്‍ശിച്ചു (ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ഐ.എ.എസ് ഓഫീസര്‍മാരിലും ആര്‍എസ്എസ് നുഴഞ്ഞുകയറ്റമെന്ന് വി ഡി സതീശന്‍, മീഡിയാവണ്‍, നവംബര്‍ 9, 2024)
മുന്‍ കേരള ഡി.ജി.പി എന്‍.സി അസ്താനയുടെ പ്രതികരണം
മുസ്‍ലിം വിരുദ്ധത പൊതുജനങ്ങളെ മാത്രമല്ല, അധികാരികളെക്കൂടി ബാധിക്കുന്ന വംശീയചിന്തയാണ്. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ചിന്തകളെയും പ്രവര്‍ത്തികളെയുംവരെ ഇത് ബാധിക്കുന്നു. ദീര്‍ഘകാലം കേരള പോലിസില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ഡി.ജി.പിയായ ശേഷം കേന്ദ്ര സര്‍വീസിലേക്ക് മാറിപ്പോവുകയും ചെയ്ത എന്‍.സി അസ്താനയുടെ ഒരു എക്‌സ് പോസ്റ്റ് ഈ വസ്തുതയുടെ തെളിവാണ്. അപൂര്‍വാനന്ദ് എന്നയാളുടെ എക്സ് പോസ്റ്റിന് മറുപടിയായുള്ള കുറിപ്പിലാണ് അസ്താന തനിക്കുള്ളിലുള്ള മുസ്‍ലിം വിരുദ്ധത തുറന്ന് പ്രകടിപ്പിച്ചത്.
ഇന്ത്യയിലെ മുസ്‍ലിംകള്‍ മതില്‍ക്കെട്ടിനകത്തേക്ക് തള്ളപ്പെടുകയാണ്. ആര്‍.എസ്.എസ് ആശയക്കാരായ ബി.ജെ.പി അത് ചെയ്യുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഉദ്യോഗസ്ഥരും പൊലീസും നീതിപീഠവും മാധ്യമങ്ങളും ഇതിനായി ബി.ജെ.പിക്കൊപ്പം കൈകോര്‍ക്കുന്നത് നിരാശാജനകമാണ്. അടിയന്തരമായി അത് അവസാനിപ്പിക്കണം എന്നായിരുന്നു 2024 നവംബര്‍ 26ാം തിയ്യതിയിലെ അപൂര്‍വാനന്ദിന്റെ കുറിപ്പ്.
ഇതിനുള്ള മറുപടിയായി അസ്താന എഴുതിയത് ഇങ്ങനെ: ''അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല. നിങ്ങള്‍ വസ്തുതകള്‍ നിരസിക്കുകയാണ്. നിങ്ങള്‍ സത്യത്തെ തിരിച്ചറിയുകയും അത് ഉള്‍ക്കൊള്ളുകയും വേണം. ചരിത്രപരമായ എല്ലാ തെറ്റുകള്‍ക്കും ഒരു അവസാനമുണ്ടാകണം. പരസ്പരം അത് ചെയ്തില്ലെങ്കിലും സിസ്റ്റം പിന്തുണച്ചില്ലെങ്കിലും മുന്‍കാല അനീതികള്‍ക്ക് പകരം ചോദിക്കപ്പെടുക തന്നെ ചെയ്യും''-1986 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്നു അസ്താന.
സംഭല്‍ മസ്ജിദ് സര്‍വേക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിനെയും അസ്താന ന്യായീകരിച്ചു. മാധ്യമപ്രവര്‍ത്തകയായ അര്‍ഫ ഖാനും ഷെര്‍വാനി സംഭലില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ ജയ് ശ്രീം മുഴക്കിയതും പൊലീസ് അന്യായമായി വെടിവെച്ചതും ചൂണ്ടിക്കാട്ടി എഴുതിയ കുറിപ്പിന് മറുപടിയായാണ് മുന്‍ ഡി.ജി.പി 'നിങ്ങളുടെ ആളുകള്‍' എന്ന് പ്രത്യേകം എടുത്തുപറഞ്ഞ് മുസ്‍ലിംകള്‍ക്കെതിരെ വെറുപ്പ് വിതക്കുന്നത്.('കാലം പകരം ചോദിക്കുന്നത് തടയാനാവില്ല'; മുസ്‍ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിച്ച് മുന്‍ കേരള ഡി.ജി.പി എന്‍.സി അസ്താന, മീഡിയാവണ്‍, നവംബര്‍ 27, 2024)
ക്രൂരനായ മുസ്‍ലിം പോലിസുകാരന്‍
റാം c/o ആനന്ദി എന്ന നോവല്‍ ഏകദേശം 42 പതിപ്പുകളോളം വിറ്റഴിക്കപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. സൗഹൃദവും പ്രണയവും തുടങ്ങി വ്യത്യസ്ത അനുഭവതലത്തില്‍ പരന്നുകിടക്കുന്ന നോവല്‍ യുവതലമുറയെ വലിയ തോതില്‍ ആകര്‍ഷിച്ചതായി പുസ്തകത്തിന്റെ വില്പന തെളിയിക്കുന്നു. നോവല്‍ പുറത്തിറങ്ങിയതുമുതല്‍ അതേ കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. കൂടാതെ വിമര്‍ശവും പുറത്തുവന്നു. അതിലൊന്നാണ് നോവലിലെ ഏക മുസ്‍ലിം കഥാപാത്രം ക്രൂരനായ ഒരു പോലിസുകാരനാണെന്നത്. ഷാര്‍ജ പുസ്തകോല്‍സവത്തില്‍ വായനക്കാരോട് സംവദിക്കുന്നതിനിടയില്‍ ഇതേ കുറിച്ച് രചയിതാവ് അഖില്‍ പി ധര്‍മജന്‍ പ്രതികരിച്ചു.
കഥാപാത്രം ക്രൂരനായ പൊലീസുകാരനായി പോയത് മനഃപൂര്‍വമല്ലെന്നും വേദനയുണ്ടായ സമൂഹത്തോട് മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു: ''എന്റെ സുഹൃത്തുക്കള്‍ക്കറിയാം ഞാന്‍ ഒരു കമ്മ്യൂണിറ്റിക്കും എതിരല്ല. നമ്മളെല്ലാം സുഹൃത്തുക്കളാണ്. പലരും ബി.ജെ.പിക്കാരനാക്കാന്‍ ശ്രമിക്കുന്നു. കാരണം കേട്ടപ്പോള്‍ ഷോക്കായിപ്പോയി. ഞാനങ്ങനെ വിചാരിച്ചില്ല. അങ്ങനെയൊരു ന്യൂസ് എന്റെ കയ്യില്‍ കിടപ്പുണ്ട്. അതെടുത്തു ചെയ്തതാണ്. അതൊരിക്കലും ഒരു കമ്മ്യൂണിറ്റിയെ ബാധിക്കുമെന്ന് ഒട്ടും വിചാരിച്ചില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.''(റാം കെയര്‍ ഓഫ് ആനന്ദി നോവലിലെ ഏക മുസ്‍ലിം കഥാപാത്രം ക്രൂരനായ പൊലീസുകാരനായി പോയത് മനഃപൂര്‍വമല്ലെന്ന് രചയിതാവ്, മീഡിയാവണ്‍, നവംബര്‍ 15, 2024)
കളമശ്ശേരി കേസും മുസ്‍ലിംവിദ്വേഷവും : മുൻ എന്‍.ഐ.എ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അബ്ദുല്‍ ഖാദർ
കളമശ്ശേരി കൂട്ടക്കൊലയിലെ ഏക പ്രതിയായ ഡൊമനിക് മാര്‍ട്ടിനെതിരേ ചുമത്തിയിരുന്ന യു.എ.പി.എ ഒഴിവാക്കിയ സംഭവം വലിയ ചര്‍ച്ചയൊന്നും കേരളീയ സമൂഹത്തിലുണ്ടാക്കിയില്ല. ചില ശബ്ദങ്ങള്‍ മാത്രമാണ് ഉയര്‍ന്നത്. അതില്‍ പ്രധാനമായിരുന്നു 2010 -14കാലത്ത് എന്‍.ഐ.എ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അബ്ദുല്‍ ഖാദറിന്റേത്. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് തന്റെ വിമര്‍ശനം പങ്കുവച്ചത്. ഇത്രയും ക്രൂരമായ സംഭവത്തില്‍ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ ഒഴിവാക്കിയെന്നാണ് അദ്ദേഹം ചോദിച്ചത്. തീവ്രവാദ നിയമം തമാശയാക്കുന്ന നാട് എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പിന്റെ ശീര്‍ഷകം:
''ഏതു വിധേനയും വളച്ചൊടിച്ചു വ്യാഖ്യാനിക്കാവുന്ന ഒരു നിയമമാണ് അണ്‍ലാഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ യു.എ.പി.എ ആക്ട് എന്നത് ശരിതന്നെ. എന്നുവച്ച്, ഏതു രീതിയില്‍ വ്യാഖ്യാനിച്ചാലും ആ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാവുന്ന അഥവാ ഉറപ്പായും വരുന്ന ഒരു പ്രവര്‍ത്തിയെപ്പറ്റി ആ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്ന നിലപാട് ഔദ്യോഗിക പക്ഷത്തു നിന്നും വരുന്നത് തികച്ചും അസംഭവ്യമാണ് പൊതുവില്‍. ഒരു കൊടി പിടിച്ചാല്‍ അല്ലെങ്കില്‍ മുദ്രാവാക്യം വിളിച്ചാല്‍ അല്ലെങ്കില്‍ ഒരു പുസ്തകം വായിച്ചാല്‍ ഒക്കെ അത് ചാര്‍ത്തിക്കൊടുക്കാം. റോഡില്‍ തുപ്പിയാല്‍ പൊതുമുതല്‍ നശിപ്പിച്ചു എന്നാകാം ചിലപ്പോള്‍ വ്യാഖ്യാനം.(...) ഒരു വര്‍ഷം മുമ്പ് കളമശ്ശേരിയിലെ ഒരു പള്ളിയില്‍ ബോംബ് സ്‌ഫോടനം നടത്തി 8 പേരുടെ മരണത്തിനും 45 പേര്‍ക്ക് പരിക്കേല്‍പ്പിക്കുന്നതിനും ഇടയാക്കിയ ഒരു സംഭവത്തിനുത്തരവാദിയായ ഒരാള്‍ക്കെതിരെയുള്ള കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യത്തിനുള്ള ചാര്‍ജ് നിലനില്‍ക്കില്ല തന്മൂലം സാധാരണ നിയമപ്രകാരമുള്ള ചാര്‍ജ് മാത്രമേ ഉള്ളൂ എന്നും കണ്ട് സംസ്ഥാന ഗവണ്മെന്റ് യു.എ.പി.എ അനുസരിച്ചുള്ള കുറ്റത്തിന് വിചാരണ അനുമതി നിഷേധിച്ച കാര്യം എന്തുകൊണ്ട് ഒട്ടും ചര്‍ച്ചചെയ്യപ്പെട്ടില്ല എന്നത് അതിശയകരമാണ്.
നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആക്ട് അനുസരിച്ച് ഒരു കേസ് എന്‍ഐഎയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനു കേന്ദ്രഗവണ്മെന്റിന്, സംസ്ഥാന ഗോവെര്‍ന്മെന്റിന്റെ അനുമതി ആവശ്യമില്ലെന്നിരിക്കെ, ചില പുസ്തകങ്ങള്‍ വായിച്ചതിനോ അത് സൂക്ഷിച്ചു വച്ചതിനോ ഒക്കെ, യുഎപിഎ അനുസരിച്ച കേസ് രജിസ്റ്റര്‍ ചെയ്യുകയും വിചാരണാനുമതി നല്‍കി വിചാരണ നടത്തുകയും ചെയ്യുന്ന കേന്ദ്ര ഗവണ്മെന്റും കളമശ്ശേരി കേസ് ഏറ്റെടുക്കാന്‍ നടപടി എടുക്കാത്തത് കൂടുതല്‍ അത്ഭുതത്തിനിടയാക്കുന്നു.
യു.എ.പി.എ സെക്ഷന്‍ 15 പ്രകാരം ഒരു കാര്യം ഭീകരവാദപ്രവര്‍ത്തിയാകുന്നത്, അത് ജനങ്ങളുടെ ഇടയില്‍ പൊതുവിലോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഇടയിലോ (ബോംബ്, മറ്റു ആപല്‍ക്കരമായ ആയുധങ്ങള്‍ ഒക്കെ ഉപയോഗിച്ചോ അല്ലാതെയോ) ഭീതി പരത്തുന്നതിന് ആണെങ്കിലാണ്. (...)
ഈ സംഭവത്തിലേക്ക് വന്നാല്‍, എന്തുകൊണ്ട് ആ കേസിലെ പ്രതിയുടെ പ്രവൃത്തി ഭീതി പരത്താനുള്ള കാര്യമായിരുന്നില്ല, അങ്ങനെയൊരുദ്ദേശ്യം അയാള്‍ക്കുണ്ടായിരുന്നില്ല, എന്നര്‍ക്കു കാണാന്‍ കഴിയും എന്ന് മനസ്സിലാകുന്നില്ല. ആ പള്ളിയില്‍ അന്ന് കൂടിയ ആരോടെങ്കിലുമുള്ള വ്യക്തിവിരോധം കൊണ്ടായിരുന്നു അത്രയും പേരുടെ മരണത്തിനിടയാക്കിയ ബോംബുസ്‌ഫോടനം അയാള്‍ ചെയ്തത് എന്ന് കരുതാനും മാത്രം നിയമം അത്ര കഴുതയാണെന്ന് കരുതാനുമാവില്ല. യു.എ.പി.എ നിയമത്തോടുള്ള നയപരമായ വിയോജിപ്പ് കൊണ്ടാണ് സംസ്ഥാന ഗവണ്മെന്റ് വിചാരണാനുമതി നല്‍കാത്തത് എന്ന് കരുതാന്‍ കരണവുമില്ല.''
സുപ്രഭാതം ലേഖനം: ഇതേ സംഭവത്തെക്കുറിച്ച് ഇസ്‍ലാമോഫോബിയയുടെ ഫ്രെയിംവര്‍ക്കില്‍ വിശകലനം ചെയ്യുന്ന ലേഖനമാണ് സുപ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിച്ച നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ 'യു.എ.പി.എയില്ലാത്ത കളമശ്ശേരി കേസും കേരളത്തിലെ മുസ്‍ലിം വിദ്വേഷവും(സുപ്രഭാതം, നവംബര്‍ 2, 2024). കുറ്റം ചുമത്താനുള്ള നടപടി അന്വേഷണ സംഘം നടത്തിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. രാജ്യത്ത്, പ്രത്യേകിച്ച് കേരളീയ പൊതുസമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച ഇസ്‍ലാമോഫോബിയയുടെ ആഴം മനസിലാക്കാനുപകരിക്കുന്ന കേസാണ് കളമശ്ശേരിസ്‌ഫോടനമെന്ന് ലേഖകന്‍ വിലയിരുത്തുന്നു: ''ആര്‍ക്കുമേല്‍ ചുമത്തിയാലും യു.എ.പി.എ കരിനിയമം തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഒരു വശത്ത് യു.എ.പി.എക്കെതിരേ നിലപാട് പ്രഖ്യാപിക്കുകയും മറുവശത്ത് പേരു മാത്രം നോക്കി യു.എ.പി.എ ചുമത്തുകയോ ചുമത്താതിരിക്കുകയോ ചെയ്യുന്ന ഭരണകൂട വിവേചനമാണ് പ്രശ്‌നവത്ക്കരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യനീതി ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. നാഴികയ്ക്ക് നാല്‍പ്പത് വട്ടം മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആണയിടുന്ന ഇടതുപക്ഷവും മുഖ്യമന്ത്രിയും മുസ്‍ലിം വിഷയങ്ങളില്‍ കാണിക്കുന്ന വിവേചനം ഫലത്തില്‍ അവരെ രണ്ടാംകിട പൗരന്മാരായി കാണുന്നതുകൊണ്ടുതന്നെയാണ്. അതിന്റെ ഒടുവിലെ ഉദാഹരണം മാത്രമാണ് കളമശ്ശേരി കേസ്. തെരഞ്ഞെടുപ്പ് കാലത്ത് മുസ്‍ലിം വോട്ടു കിട്ടാന്‍ പൗരത്വ നിയമത്തിന്റെ ഭീതി ഉയര്‍ത്തിക്കാണിക്കുന്നതിന്റെ ആയിരത്തില്‍ ഒരംശം ശുഷ്‌ക്കാന്തി തുല്യനീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോവുകയാണ്. നിലവില്‍ മുസ്‍ലിം സമുദായം അനുഭവിക്കുന്ന രണ്ടാംകിട പൗരത്വം അവസാനിപ്പിക്കാനുള്ള നിലപാടുകളാണ് ഭരണകൂടത്തില്‍നിന്ന് ഈ സമുദായം പ്രതീക്ഷിക്കുന്നത്. അതല്ലാതെ അനര്‍ഹമായ ഒരാവകാശവും മുസ്‍ലിം സമുദായത്തിന് ആവശ്യമില്ല. ആരും അതാവശ്യപ്പെടുന്നുമില്ല.
റിസർച്ച് കളക്ടീവ്: കെ.കെ നൌഫൽ, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, നിഹാൽ എ, റെൻസൻ വി.എം, മുഹമ്മദ് മുസ്തഫ, അസീം ഷാൻ, സഈദ് റഹ്‍മാൻ, ബാസിൽ ഇസ്‍ലാം, കമാൽ വേങ്ങര, അബ്ദുൽ ബാസിത്