ത്രിവർണ യു.പി കാവിയിൽ മുങ്ങിയ കഥ

ഉത്തർ പ്രദേശിന്റെ രാഷ്ട്രീയ ചരിത്രവും വർത്തമാനവും

Update: 2022-09-21 13:18 GMT
Click the Play button to listen to article


1947ൽ രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ തന്നെ കോൺഗ്രസ് നേതാവ് ജവഹർലാൽ നെഹ്റു പ്രധാനമന്തിയാണല്ലോ. ആദ്യമന്ത്രിസഭയുണ്ടാക്കാൻ തെരഞ്ഞെടുപ്പ് വേണ്ടി വന്നില്ല. അതിനു മുമ്പ് നിലവിൽ വന്ന ഭരണഘടനാ നിർമാണ സഭ പാർലിമെന്റായി മാറുകയും അതിലെ അംഗങ്ങളിൽ നിന്ന് ഇടക്കാല ഗവർമെന്റിനുള്ള മന്ത്രിമാരെ നിശ്ചയിക്കുകയുമായിരുന്നു.

കോൺഗ്രസുകാർ മാത്രമായിരുന്നില്ല ആ മന്ത്രിസഭയിലെ അംഗങ്ങൾ. കോൺഗ്രസ് നേതാവായ ജവഹർലാൽ നെഹ്റുവാണ് പ്രധാനമന്ത്രി എന്നത് ശരിതന്നെ. പട്ടികജാതി ഫെഡറേഷൻ നേതാവായ ഡോ. അംബേദ്ക്കർ, രാഷ്ട്രീയക്കാരനേ അല്ലാത്ത ഡോ. ജോൺ മത്തായി, 1939 മുതൽ ഹിന്ദുമഹാസഭക്കാരനായ ശ്യാമപ്രസാദ് മുഖർജി തുടങ്ങിയവരൊക്കെ മന്ത്രിസഭയിലുണ്ട്. അങ്ങനെ നോക്കുമ്പോൾ, ഇടക്കാലമന്ത്രിസഭയുടെ രാഷ്ട്രീയം ചികയുന്നതിൽ അർഥമില്ല.

കക്ഷിരാഷ്ട്രീയം കടന്നുവരുന്നത്, അല്ലെങ്കിൽ രാഷ്ട്രീയ കക്ഷികളുടെ ബലാബലം പരിശോധിക്കപ്പെടുന്നത് ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് മുതലാണ്.

1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ വിവിധ ഘട്ടങ്ങളിലായാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. പാർലിമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ്. ലോക്സഭയിലേക്ക് 489 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. പ്രധാനമന്ത്രിയും കോൺഗ്രസിന്റെ പരമോന്നത നേതാവുമായ നെഹ്റു ഉത്തർപ്രദേശിൽ നിന്നാണ് ലോക്സഭയിലേക്ക് മത്സരിച്ചത്.

വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ലോക്സഭയിലേക്കുള്ള 489 സീറ്റിൽ 364 എണ്ണവും കോൺഗ്രസ് നേടി. അതിൽ 80 എണ്ണവും ഉത്തർപ്രദേശിൽ നിന്നായിരുന്നു. ആകെ 85 ലോക്സഭാ സീറ്റുകളാണ് ഉത്തർപ്രദേശിലുണ്ടായിരുന്നത്. ആ സംസ്ഥാനത്തെ നിയമസഭയിൽ ആകെയുള്ള 431 സീറ്റിൽ 388 എണ്ണവും കോൺഗ്രസ് നേടി. അങ്ങനെ ഉത്തർപ്രദേശ്ശാണ് കോൺഗ്രസിന്റെ രാഷ്ട്രീയ തറവാട് എന്നുറപ്പായി.




 

ആദ്യത്തെ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ മഹാഭൂരിപക്ഷത്തോടെ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി. ഉത്തർ പ്രദേശിൽ അതേതോതിൽ ഭൂരിപക്ഷംനേടി ഗോവിന്ദ് വല്ലഭ് പന്ത് മുഖ്യമന്ത്രിയുമായി. ആ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നെഹ്റുവിന്റെ മണ്ഡലത്തിലായിരുന്നു. അലഹാബാദ് ജില്ലയിലെ ഫൂൽപൂരിൽ നിന്നാണ് നെഹ്റു ജനവിധി തേടിയത്. നെഹ്റുവിനെ നേരിട്ടത് ഒരു സന്യാസിയാണ്. സ്വാമി പ്രഭുദത്ത് ബ്രഹ്മചാരി.

സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ പ്രവർത്തനമാരംഭിച്ച നിയമസഭയാണ് ഉത്തർപ്രദേശിലേത്. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ ബലത്തിൽ 1937ൽ പ്രവർത്തനം തുടങ്ങി. തല മുതിർന്ന നേതാവും കോൺഗ്രസ്സിനകത്തെ ഹൈന്ദവധാരയുടെ വക്താവുമായ പുരുഷോത്തം ദാസ് ഠണ്ഡനായിരുന്നു ഉത്തർപ്രദേശ് നിയമസഭയുടെ ആദ്യ സ്പീക്കർ. മതേതര ധാരയുടെ അപ്പോസ്തലനായിരുന്നുവല്ലോ നെഹ്റു.

430 ൽ 388 ഉം പിടിച്ചെടുത്ത് അധികാരത്തിൽ വന്നെങ്കിലും അത്രക്കങ്ങ് അനായാസമായിരുന്നില്ല 1952ലെ ഭരണം. കാലാവധി തികയ്ക്കും മുമ്പേ ജി.ബി. പന്ത് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് കേന്ദ്രത്തിലേക്ക് പോയി. പകരം സമ്പൂർണാനന്ദ് മുഖ്യമന്ത്രിയായി. 1957ൽ രണ്ടാമത്തെ തെരഞ്ഞെടുപ്പ് വന്നപ്പോൾ സമ്പൂർണാനന്ദാണ് മുഖ്യമന്ത്രി. കോൺഗ്രസിന് ഭരണത്തുടർച്ചയൊക്കെ കിട്ടി. പക്ഷേ, സമ്പൂർണാനന്ദിന് വേഗം താഴെയിറങ്ങേണ്ടിവന്നു. കമലാപതി ത്രിപാഠിയുടെ നേതൃത്തിലുണ്ടായ കലാപമാണ് കാരണം. ത്രിപാഠി ഗ്രൂപ്പിലെ ചന്ദ്രഭാനു ഗുപ്തയാണ് സമ്പൂർണാനന്ദിന് ശേഷം വന്നത്. ഗുപ്തയും ഏറെ വാണില്ല. എതിർ ഗ്രൂപ്പുകാർ താഴെയിറക്കി, പകരം സുചേതാ കൃപലാനി മുഖ്യമന്ത്രിയായി. ഉത്തർപ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രി.

അതായിരുന്നു കോൺഗ്രസ്സിന്റെ പ്രതാപകാലത്തെ രീതി. കസേരകളി. അഞ്ചു വർഷത്തിനകം മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്, യു.പി.

അറുപതുകളോടെ യു.പി യിൽ കോൺഗ്രസിന്റെ പ്രതാപം അവസാനിക്കുകയാണ്. നെഹ്റു പ്രധാനമന്ത്രിയായി ഇരിക്കെത്തന്നെ മകൾ കോൺഗ്രസ് പ്രസിഡണ്ടായി വരുന്നു. 1959 ലാണത്. പിന്നെ സംഘടനയിൽ ഇന്ദിരാഭരണമാണ്. 1964 മെയ് 27ന് നെഹ്റു മരിച്ചു. തുടർന്ന് പ്രധാനമന്ത്രിയായി വന്ന ലാൽ ബഹദൂർ ശാസ്ത്രിയുമായി ഇന്ദിരാഗാന്ധി നല്ല ചേർച്ചയിലായിരുന്നില്ല. ശാസ്ത്രിയും പൊടുന്നനെ മരിച്ചൊഴിഞ്ഞു. 1966 ൽ ഇന്ദിരാഗാന്ധി പ്രധാനമന്തിക്കസേരയിലുമെത്തി. അതോടെ കോൺഗ്രസിന്റെ പ്രതാപക്കൊടി ഇറങ്ങുന്ന കാഴ്ചയാണ്.




 

1967 ൽ തെരഞ്ഞെടുപ്പു വന്നപ്പോൾ യു.പി കോൺഗ്രസിൽ തൊഴുത്തിൽകുത്ത് രൂക്ഷമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്ന ചൗധരി ചരൺസിംഗ് കോൺഗ്രസ് വിട്ടു-1967 ഏപ്രിൽ ഒന്നിന്. പ്രതാപം തികഞ്ഞു നിന്ന കാലത്ത് കേരളത്തിലെ കോൺഗ്രസിൽ കരുണാകരൻ ആരായിരുന്നു എന്നോർത്താൽ ചരൺ സിംഗിന്റെ വലുപ്പം പിടികിട്ടും. കോൺഗ്രസ് വിട്ട ചരൺസിംഗ് ഭാരതീയ ക്രാന്തി ദൾ എന്ന പാർട്ടി രൂപീകരിച്ചു. ക്രാന്തി എന്ന ഹിന്ദി വാക്കിന് വിപ്ലവം എന്നാണർഥം. ഭാരതീയ ക്രാന്തിദൾ എന്നാൽ ഇന്ത്യൻ വിപ്ലവപാർട്ടി.

കോൺഗ്രസ് വിരുദ്ധ വിപ്ലവത്തിന്റെ തുടക്കം

ഒന്നുംകാണാതെ എടുത്തു ചാടിയതല്ല ചരൺ സിംഗ്. കോൺഗ്രസിന്റെ എതിർപക്ഷത്തുനിന്ന് കൃത്യമായ ചില കരുനീക്കങ്ങൾ ആരംഭിച്ചിരുന്നു. സോഷ്യലിസ്റ്റ് ആചാര്യനായ ഡോ. റാം മനോഹർ ലോഹ്യ കോൺഗ്രസിനെതിരെ അവസാന യുദ്ധത്തിന് കോപ്പുകൂട്ടുകയായിരുന്നു. ഇന്ത്യയിലാകമാനം ഒരു മുന്നണിയുണ്ടാക്കാൻ ലോഹ്യ കച്ചമുറുക്കി. അതിന്റെ പരീക്ഷണശാലയായി മാറി ഉത്തർപ്രദേശ്.

"കോൺഗ്രസ് ചുരുണ്ടു കിടക്കുന്ന മൂർഖനാണ്. പത്തിവിടർത്തുംമുമ്പേ അതിന്റെ കഥ കഴിക്കണം" എന്നതായിരുന്നു ലോഹ്യയുടെ തന്ത്രം. അതിനായി കിട്ടാവുന്ന ആരെയും ആ സോഷ്യലിസ്റ്റ് കൂടെ നിർത്തി.

1967 ഫെബ്രുവരിയിലാണ് നിയമസഭാ തെരഞ്ഞെടുപ്പു നടന്നത്. കോൺഗ്രസിന് ആകെ കിട്ടിയത് 199 സീറ്റാണ്. 425 അംഗ സഭയാണ്. ഭൂരിപക്ഷം തികയാതെ നിൽപ്പാണ്. അത് തികച്ചിട്ടുവേണം ചന്ദ്രഭാനു ഗുപ്തയ്ക്ക് മുഖ്യമന്ത്രിയാകാൻ. അപ്പോഴാണ്, 52,000 വോട്ടിന് ജയിച്ചുവന്ന ചരൺ സിംഗ് സ്വന്തം പാർട്ടിയുണ്ടാക്കി ചാടുന്നത്!

ലോഹ്യയും സമാനമനസ്ക്കരും ചരൺ സിംഗിന്റെ പിന്നിൽ അണിനിരന്നു. നല്ല രസമാണ് ആ നിര കാണാൻ. വലതുഭാഗത്ത് സാക്ഷാൽ നാനാജി ദേശ്മുഖിന്റെ ഭാരതീയ ജനസംഘത്തിൽ നിന്ന് തുടങ്ങി ഇടതറ്റത്ത് സി.പി.ഐ (എം) വരെ അണിനിരന്ന മുന്നണി. അതായിരുന്നു 1967ൽ ഉത്തർപ്രദേശിൽ ഉണ്ടാക്കിയ സംയുക്ത വിധായക് ദൾ.




 

എന്നുവെച്ചാൽ, അടിയന്തരാവസ്ഥ വരുന്നതിനും ജനതാപാർട്ടി ഉണ്ടാകുന്നതിനും പത്തുവർഷം മുമ്പേ സി.പി.ഐ (എം) ജനസംഘവുമായി സഖ്യം ചേർന്നിട്ടുണ്ട്. സ്വതന്ത്രാപാർട്ടി, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി, എന്നീ പാർട്ടികളും സ്വന്തം ക്രാന്തി ദള്ളുകാരും പോരാഞ്ഞിട്ട് 22 സ്വതന്ത്രരുമുണ്ടായിരുന്നു ചരൺസിംഗിനെ പിന്തുണക്കാൻ. സി.പി.ഐ (എം) ന് ഒരു എം.എൽ.എ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 13 അംഗങ്ങളുള്ള സി.പി.ഐ കോൺഗ്രസിനെ കൊല്ലുന്ന കാര്യത്തിൽ അറച്ച് നിന്നപ്പോഴാണ് ഏകാംഗ സി.പി.ഐ (എം) ജനസംഘത്തിനൊപ്പം ചേർന്ന് കോൺഗ്രസിന്റെ തല ചതച്ചത്. ഉത്തർപ്രദേശിലെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ചരിത്രം അവിടെ ആരംഭിക്കുകയാണ്, 1967ൽ.

സംയുക്ത വിധായക് ദള്ളിലെ വലിയ പാർട്ടി ജനസംഘമാണ്. അവർക്ക് സ്വന്തമായി 98 സീറ്റുണ്ട്. കോൺഗ്രസ് വിട്ടുവന്ന ചരൺ സിംഗാകട്ടെ സ്വന്തം സമുദായമായ ജാട്ടുകളുടെ മാത്രമല്ല, യാദവർ, ഗുജ്ജാറുകൾ, കുർമികൾ തുടങ്ങി എല്ലാ പിന്നാക്കക്കാരുടേയും മുസ്‌ലിംകളുടേയും നേതാവാകാനുള്ള ശ്രമത്തിലാണ്. അതിനോട് ജനസംഘത്തിന് താൽപര്യമില്ല. സ്വതന്ത്രരിൽ പലരും ഇളകിത്തുടങ്ങി. പിന്തുണ പിൻവലിക്കുന്നവരുടെ എണ്ണം കൂടിവന്നപ്പോൾ ചരൺ സിംഗ് നിയമസഭ പിരിച്ചുവിടാൻ ശിപാർശ ചെയ്തു. പിന്നീട് ഒരു വർഷം രാഷ്ട്രപതി ഭരണം.

1969 ലാണ് അടുത്ത തെരഞ്ഞെടുപ്പ്. 211 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. 98 സീറ്റ് നേടി ചരൺ സിംഗിന്റെ ക്രാന്തിദൾ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കാലുറപ്പിച്ചു. ജനസംഘത്തിന്റെ ശക്തി 98ൽ നിന്ന് 49 ആയിക്കുറഞ്ഞു. സംയുക്ത വിധായക് ദള്ളിൽ ചേർന്നതും ഭരണത്തിൽ പങ്കുപറ്റിയതും തന്ത്രപരമായ പിഴവാണെന്ന് നാനാജി ദേശ്മുഖ് പിന്നീട് വിലയിരുത്തുകയുണ്ടായി.

1969 ലെ തെരഞ്ഞെടുപ്പ് ഫെബ്രുവരിയിലായിരുന്നു. ആ മാസം 26 ന് ചന്ദ്രഭാനു ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നവംബർ ആയപ്പോഴേക്ക് കോൺഗ്രസ് ദേശീയതലത്തിൽത്തന്നെ നെടുകെ പിളർന്നു. മൊറാർജി ദേശായിയും എസ്. നിജലിംഗപ്പയും എല്ലാം ചേർന്ന് സംഘടനാ കോൺഗ്രസ്സുണ്ടാക്കി. ഇന്ദിരാഗാന്ധിക്ക് വേറെ കോൺഗ്രസായി. ചന്ദ്രഭാനു ഗുപ്ത സംഘടനാ കോൺഗ്രസിലാണ് നിന്നത്. അതുകൊണ്ടുതന്നെ നിയമസഭയിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടമായി. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു.




 

പിന്നെയൊരു ഉഗ്രൻ മലക്കംമറിച്ചിലാണ് കണ്ടത്. ഇന്ദിരാപക്ഷത്തുള്ള കോൺഗ്രസ്സുകാരുടെ പിന്തുണയോടെ ചരൺസിംഗ് മുഖ്യമന്ത്രിയായി. ഒരു വർഷം തികച്ചില്ല. 225 ദിവസമായപ്പോൾ രാജിവെക്കേണ്ടിവന്നു. കമലാപതി ത്രിപാഠിയടക്കം 14 കോൺഗ്രസ് മന്ത്രിമാരോട് രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണ് പിഴച്ചത്. അവർ അതിന് വഴങ്ങിയില്ല. മുഖ്യമന്ത്രി നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്തു. 1970 ൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉത്തർപ്രദേശ് നിയമസഭയിലേക്ക് അടുത്ത തെരഞ്ഞെടുപ്പ്.

1970 ലെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സംഘടനാ കോൺഗ്രസും ചരൺ സിംഗിന്റെ പാർട്ടിയും എല്ലാം ചേർന്ന് മന്ത്രിസഭയുണ്ടാക്കി. സംഘടനാ കോൺഗ്രസിലെ ത്രിഭുവൻ നാരായൺ സിംഗാണ് മുഖ്യമന്ത്രിയായത്. അദ്ദേഹം എം.എൽ.എ ആയിരുന്നില്ല. അതിനാൽ, മുഖ്യമന്ത്രിയായതിന്റെ അഞ്ചാംമാസം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു. തോറ്റു. പുറത്തായി. അങ്ങനെ, ഉപതെരഞ്ഞെടുപ്പിൽ തോറ്റുപുറത്താകുന്ന ആദ്യ മുഖ്യമന്ത്രിയും യു.പിയിൽ നിന്നായി!

പിന്നീട് കോൺഗ്രസാണ് ഭരണം പിടിച്ചത്. കമലാപതി ത്രിപാഠി മുഖ്യമന്ത്രിസ്ഥാനത്തെത്തി. 1973 ജൂൺ വരെ ത്രിപാഠി ഭരിച്ചു. ബഹളമയമായിരുന്നു അക്കാലം. കൂടുതൽ മെച്ചപ്പെട്ട വേതനവും ജീവിതസാഹചര്യങ്ങളും ആവശ്യപ്പെട്ട് സംസ്ഥാന സായുധ പോലീസിലെ അംഗങ്ങൾ സമരത്തിനിറങ്ങി. ബാരക്കുകൾ വിട്ട് തെരുവിലിറങ്ങിയ അവരെ തിരിച്ചു കയറ്റാൻ പട്ടാളം ഇറങ്ങേണ്ടിവന്നു. വെടിവെപ്പായി. 30 പോലീസുകാർ കൊല്ലപ്പെട്ടു. ആ സമരം കമലാപതി ത്രിപാഠിയുടെ ഭരണത്തിനും അന്ത്യം കുറിച്ചു. ക്രമസമാധാനത്തകർച്ച കാരണമാക്കി കേന്ദ്രം ഉത്തർപ്രദേശ് സർക്കാറിനെ പിരിച്ചിട്ടു. പിന്നെയും രാഷ്ടപതി ഭരണം.




 

നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ്. കോൺഗ്രസ്സിന് ഭൂരിപക്ഷം കിട്ടി. ഹേമവതി നന്ദൻ ബഹുഗുണയാണ് മുഖ്യമന്ത്രിയായത്. 1973 നവംബർ 23 ന് ബഹുഗുണ ചുമതലയേറ്റു. 1975 ജൂൺ 25 ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചല്ലോ. അധികം താമസിയാതെ, അതായത് നവംബർ 26 ന് ബഹുഗുണ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിയ്ക്ക് കാരണം. അന്ന് അധികാരകേന്ദ്രം പ്രധാനമന്ത്രിയല്ല, മകനാണ്. നാരായൺ ദത്ത് തിവാരിയാണ് ബഹുഗണക്ക് പിന്നാലെ മുഖ്യമന്ത്രിയായത്. പറയേണ്ടതില്ലല്ലോ, സഞ്ജയ്ക്ലിക്കിലെ ഒരു പ്രധാന കളിക്കാരനായിരുന്നു എൻ.ഡി തിവാരി. സഞ്ജയ് ഗാസിയുടെ തണലിൽ എൻ.ഡി തിവാരി ആറാടിയ രണ്ടു വർഷങ്ങൾ.

1977 ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിൻവലിച്ചു. ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ്. അടിയന്തരാവസ്ഥയുടെ തുടക്കത്തിൽത്തന്നെ പ്രതിപക്ഷത്തെ പ്രധാനനേതാക്കളൊക്കെ ജയിലിലായിരുന്നുവല്ലോ. സോഷ്യലിസ്റ്റ് പാർട്ടി, ഭാരതീയ ക്രാന്തിദൾ, ഭാരതീയ ജനസംഘം, സംഘടനാ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെയൊക്കെ നേതാക്കൾ ജയിലിലാണ്. ബീഹാറിലേയും ഗുജറാത്തിലേയും വിദ്യാർഥി പ്രക്ഷോഭം ഏറ്റെടുത്ത് 'സമ്പൂർണ വിപ്ലവം' പ്രഖ്യാപിച്ച ജയപ്രകാശ് നാരായണും ജയിലിലുണ്ട്. അടിയന്തരാവസ്ഥ തീരാറായപ്പോൾ ഒരു സംഘം കോൺഗ്രസ് നേതാക്കൾ പുറത്തുചാടിയിട്ടുണ്ട്. ബീഹാറിൽ നിന്ന് ജഗജീവൻറാം, ഒഡീഷയിൽ നിന്ന് നന്ദിനി സത്പതി, യു.പി യിൽ നിന്ന് എച്ച്.എൻ ബഹുഗുണ എന്നിവരൊക്കെ ഇതിലുണ്ട്. ഇവരൊരു പാർട്ടിയും പ്രഖ്യാപിച്ചു - കോൺഗ്രസ് ഫോർ ഡമോക്രസി. ഇപ്പറഞ്ഞ നേതാക്കളൊക്കെയും ചേർന്ന് അവരുടെ പാർട്ടികളെ ലയിപ്പിച്ച് ഒരൊറ്റ പാർട്ടിയാക്കി. ജനതാ പാർട്ടി.

അടിയന്തരാവസ്ഥ പുലർന്നപ്പോൾ ജനതാപാർട്ടിയാണ് കോൺഗ്രസിനെ നേരിട്ടത്. പാർട്ടി രജിസ്റ്റർ ചെയ്ത് ചിഹ്നം വാങ്ങാനൊന്നും നേരമുണ്ടായിരുന്നില്ല. അതു കൊണ്ട് ചരൺ സിംഗിന്റെ ഭാരതീയ ക്രാന്തി ദളിന്റെ ചിഹ്നം പൊതുചിഹ്നമായി സ്വീകരിച്ചു. കലപ്പയേന്തിയ കർഷകൻ. പശുവും കിടാവുമാണ് കോൺഗ്രസിന്റെ ചിഹ്നം.


കേരളമൊഴികെ, രാജ്യത്താകമാനം കോൺഗ്രസ് തോറ്റമ്പി. ഉത്തരേന്ത്യയിൽ നിലംപരിശായി. പ്രധാനമന്തി ഇന്ദിരാഗാന്ധി റായ്ബറേലിയിലും മകൻ സഞ്ജയ് ഗാന്ധി അമേഠിയിലും തോറ്റു. പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ - രണ്ട് മണ്ഡലങ്ങളും ഉത്തർപ്രദേശിലാണ്.

കേന്ദ്രത്തിൽ ജനതാ പാർട്ടി അധികാരത്തിൽ. മൊറാർജി ദേശായിയാണ് പ്രധാനമന്ത്രിയായി വന്നത്. ജനതാ സർക്കാരിന്റെ ആദ്യപരിപാടി സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാരുകളെ പിരിച്ചുവിടുക എന്നതായിരുന്നു. അക്കൂട്ടത്തിൽ യു.പിയിലെ തിവാരി മന്ത്രിസഭ വീണു.




 

1977 ജൂണിൽ യു.പി നിയമസഭാ തെരഞ്ഞെടുപ്പ്. 425 അംഗ സഭയിൽ 352 സീറ്റ് നേടി ജനതാ പാർട്ടി അധികാരത്തിലെത്തി. ജനതാ പാർട്ടിയുടെ ജനിതക സ്വഭാവം അറിയാമല്ലോ. അനേകം പാർട്ടികളുടെ ഒരു ലായനിയാണ്. എല്ലാ പാർട്ടികളിലും ഉന്നതരായ നേതാക്കളുണ്ട്. രാഷ്ട്രീയമാണ്. ഉന്നതർക്കും മോഹങ്ങളുണ്ടാകും. അതിനാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിരവധി പേരുകൾവന്നു. സമവായം സാധ്യമാകാതെ വന്നപ്പോൾ എം.എൽ.എമാർ വോട്ടുചെയ്ത് രാം നരേഷ് യാദവിനെ നേതാവായി തെരഞ്ഞെടുത്തു.

1979 ഫെബ്രുവരി വരെ രാം നരേഷ് യാദവ് ഭരിച്ചു. അതിനിടയിൽ ദേവ്റിയ ജില്ലയിലെ നാരായൺപൂർ ഗ്രാമത്തിലുണ്ടായ പൊലീസ് അതിക്രമം ജനതാഭരണത്തിന്റെ നിറം കെടുത്തി. മുസ്ലിംകളും ദലിതുകളുമായ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമാണ് നാരായൺപൂർ. അവിടെ ബസ്സ് തട്ടി ഒരു സ്ത്രീ മരിച്ചു. ബസ്സുകാർ തിരിഞ്ഞുനോക്കാതെ പോയി. ഇത്തരം ബസ്സപകടങ്ങൾ അവിടെ പതിവാണ്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബസ്സ് തടഞ്ഞു. തൊട്ടടുത്ത സ്റ്റേഷനിൽ നിന്നെത്തിയ എസ്.ഐയും പൊലീസുകാരും ബസ്സുടമയുടെ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയത്. വീടുകളിൽ കയറി അതിക്രമം കാട്ടി. നാട്ടുകാർ ചെറുത്തു. വെടിവെപ്പുണ്ടായി. രണ്ടുമൂന്നു പേർ മരിച്ചു.

ആ ബഹളത്തിന്നൊടുവിൽ രാം നരേഷ് യാദവിന് കസേര നഷ്ടമായി. പകരം ജനതാ പാർട്ടിയിൽ നിന്നുതന്നെ ബനാറസിദാസ് മുഖ്യമന്ത്രിയായി. 1980 ്രെബഫുവരിയിലാണത്. അപ്പോഴേക്ക് കേന്ദ്രത്തിലെ ജനതാഭരണവും ജനതാ പാർട്ടിതന്നെയും തകർന്നു കഴിഞ്ഞിരുന്നു. 1980 ജനുവരി 14 ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തി. മൊറാർജി സർക്കാറിന്റെ അതേ നാണയത്തിൽ ഇന്ദിര തിരിച്ചടിച്ചു. സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന ജനതാ സർക്കാറുകളെ പിരിച്ചുവിട്ടു. അങ്ങനെ യു.പി യിൽ ബനാറസി ദാസ് മന്ത്രിസഭ വീണു.

ജനതാവിപ്ലവം തകർന്നു; കോൺഗ്രസിന് ഉയിർപ്പ്

1980 മെയ് മാസത്തിലാണ് യു.പി നിയമസഭയിലേക്ക് അടുത്ത തെരഞ്ഞെടുപ്പ്. ജനതാനന്തരം ആദ്യ തെരഞ്ഞെടുപ്പാണ്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. വി.പി സിംഗാണ് മുഖ്യമന്ത്രിയായത്. വിശ്വനാഥ് പ്രതാപ് സിംഗ്. ക്രമസമാധാനത്തകർച്ച കൊണ്ട് യു.പി ലോകശ്രദ്ധ പിടിച്ചുപറ്റിയ കാലമായിരുന്നു അത്. കൊള്ളക്കാർ ആറാടിയ കാലം. ചമ്പലിലെ കൊള്ളക്കാരുടെ റാണിയായി വാഴ്ത്തപ്പെട്ട ഫൂലൻ ദേവിയുടെ നേതൃത്വത്തിൽ കാൺപൂർ ജില്ലയിലെ ബഹ്മായ് ഗ്രാമത്തിൽ കൂട്ടക്കൊല അരങ്ങേറി. തന്നെ ബലാത്സംഗം ചെയ്തവരോട് പകരം വീട്ടാനായി ഫൂലൻ ദേവിയും സംഘവും ഗ്രാമത്തിൽ കടന്നു ചെന്ന് ആദ്യം കണ്ട 20 പുരുഷന്മാരെ വെടിവെച്ചുകൊന്നു.

വി.പി സിംഗ് സംസ്ഥാനത്തെ കൊള്ളക്കാർക്കെതിരെ നടപടി പ്രഖ്യാപിച്ചു. കൊള്ളക്കാർ തിരിച്ചടിച്ചത് മുഖ്യമന്ത്രിയുടെ സഹോദരനെ കൊന്നുകൊണ്ടാണ്. ജില്ലാ ജഡ്ജിയായിരുന്നു ചന്ദ്രശേഖര സിംഗ്. അദ്ദേഹത്തേയും 15 കാരനായ മകനേയും പട്ടാപ്പകൽ അങ്ങാടിയിൽ വെച്ച് വെടിവെച്ച് വീഴ്ത്തി. വി.പി സിംഗ് കീഴടങ്ങി. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഡൽഹിയിലേക്ക് വണ്ടികയറി. 

1982 ലാണ് വി.പി സിംഗിന്റെ രാജി. പകരം ശ്രീപതി മിശ്ര മുഖ്യമന്ത്രിയായി. അപ്പോഴേക്ക് കോൺഗ്രസ് ഹൈക്കമാന്റിൽ അധികാരകേന്ദ്രം മാറ്റിയിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ കാലമാണ്. 1984ൽ രാജീവ് ഗാന്ധി മുൻകൈയ്യെടുത്ത് മുഖ്യമന്ത്രിയെ മാറ്റി. എൻ.ഡി തിവാരിയെയാണ് കൊണ്ടുവന്നത്. 1985ൽ നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിൽ ഭരണത്തുടർച്ച നേടിക്കൊടുക്കാൻ എൻ.ഡി തിവാരിക്ക് സാധിച്ചു. പക്ഷേ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജീവ് ഗാന്ധി കണ്ടത് വേറെയൊരാളെയാണ്. വീർ ബഹാദൂർ സിംഗിനെ. മൂന്നുവർഷം കഴിഞ്ഞപ്പോൾ സിംഗിനെ മാറ്റി എൻ.ഡി തിവാരിയെത്തന്നെ കൊണ്ടുവന്നു. കോൺഗ്രസുകാർക്ക് ഹരമുള്ള കാര്യമാണല്ലോ കസേരകളി.




 

1988 നിയമസഭാ തെരഞ്ഞെടുപ്പാണ്. ഭരണത്തുടർച്ച ഉറപ്പാക്കാൻ എൻ.ഡി തിവാരിക്ക് കഴിയുമെന്ന കണക്കുകൂട്ടലിലാണ് രാജീവ് ഗാന്ധി തിവാരിയെ കൊണ്ടുവന്നത്. എന്നാൽ, രാജീവിന്റെ കണക്കുകൾ പിഴയ്ക്കുകയായിരുന്നു. കോൺഗ്രസ് വിട്ട് പുറത്തുകടന്ന വി.പി സിംഗ് ജനമോർച്ച എന്ന പ്രസ്ഥാനം രൂപീകരിച്ച് പടയോട്ടം തുടങ്ങിയിരുന്നു. അരുൺ നെഹ്റു, ആരിഫ് മുഹമ്മദ് ഖാൻ എന്നിവരൊക്കെ ജനമോർച്ചയിലുണ്ട്.

1988 നവംബറായപ്പോഴേക്ക് ജനമോർച്ച ജനതാദൾ എന്ന പാർട്ടിയായി മാറി. ജനതാ പാർട്ടിയിൽ നിന്ന് ചിതറിത്തെറിച്ച കഷണങ്ങളും ജനമോർച്ചയും ലോക്ദള്ളുമൊക്കെ ചേർന്നാണ് ജനതാദള്ളായത്. രാഷ്ട്രീയരക്തം പരിശോധിച്ചാൽ സോഷ്യലിസ്റ്റ് - കോൺഗ്രസ് സംയുക്തം. അതുവഴി വി.പി സിംഗ് പ്രധാനമന്ത്രിയായി.

ജനതാദൾ ഉത്തർപ്രദേശിന് പുതിയൊരു നായകനെ സംഭാവന ചെയ്തു. അതാണ് മുലായം സിംഗ് യാദവ്. സോഷ്യലിസ്റ്റ് പാർട്ടി വഴി ജനതാ രാഷ്ട്രീയത്തിലെത്തിയ മുലായം നേതാജി എന്ന് ഖ്യാതി നേടി. 1989 ലെ തെരഞ്ഞെടുപ്പിൽ 356 സീറ്റ് നേടിയാണ് ജനതാദൾ ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നത്. മുലായം സിംഗ് യാദവ് ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത് അപ്പോഴാണ്.

പക്ഷേ, ജനതാപാർട്ടിയുടെ വിധിതന്നെയാണ് ജനതാദള്ളിനേയും കാത്തിരുന്നത്. അതും വളരെപ്പെട്ടെന്ന് ചിതറിത്തെറിച്ചു. പല പല പാർട്ടികളായി. കോൺഗ്രസിലെ പഴയ യുവതുർക്കിയും ജനതാ പാർട്ടിയിലെ പോക്കിരിയുമൊക്കെയായിരുന്ന എസ്. ചന്ദ്രശേഖർ പുതിയൊരു ദള്ളുണ്ടാക്കി-ജനതാദൾ എസ്. അതിലാണ് മുലായം സിംഗ് യാദവ് നിന്നത്.

കേന്ദ്രത്തിൽ വി.പി സിംഗ് സർക്കാർ വീണു. ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. കോൺഗ്രസ് പുറത്തുനിന്ന് പിന്തുണ കൊടുത്താണ് ചന്ദ്രശേഖറിനെ വാഴിച്ചത്. അതേ പിന്തുണയിലാണ് മുലായം സിംഗ് യു.പിയിൽ മുഖ്യമന്ത്രിസ്ഥാനത്ത് തുടർന്നത്. ഏതാനും മാസം കഴിഞ്ഞപ്പോൾ കോൺഗ്രസ് പിന്തുണ പിൻവലിച്ചു. ദൽഹിയിൽ ചന്ദ്രശേഖറും ലക്നോവിൽ മുലായം സിഗും വീണു.

കാവിക്കാലം വരവായി

1991 ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങി. രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഹരത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന്റെ ഗുണം അവർക്കുകിട്ടി.




 

വി.പി സിംഗിന്റെ ഭരണകാലം മണ്ഡൽ രാഷ്ട്രീയത്തിന്റെ കാലമായിരുന്നല്ലോ. 1979ൽ ജനതാപാർട്ടി സർക്കാർ തുടങ്ങിവെച്ച ഒരു സാമൂഹിക പരിവർത്തന പ്രക്രിയയായിരുന്നു അത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താൻ മൊറാർജി ഗവർമെന്റ് ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. മുൻ ബീഹാർ മുഖ്യമന്ത്രിയും പാർലിമെന്റേറിയനും ഒക്കെയായ ബിന്ദേശ്വർ പ്രസാദ് മണ്ഡലായിരുന്നു അധ്യക്ഷൻ. പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയ്ക്ക് മാറ്റം വരുത്താനുതകുന്ന നിർദേശങ്ങളോടെ മണ്ഡൽ കമ്മീഷൻ 1980 ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയതു.

1980ൽ ജനതാഭരണം തകർന്നല്ലോ. പിന്നാലെ അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസിന് പിന്നാക്കക്കാരുടെ അവസ്ഥകളും അവരുടെ ഉന്നമനവുമൊന്നും പരിഗണനാ വിഷയമായിരുന്നില്ല.

വി.പി സിംഗ് ജനതാദള്ളുമായി വന്നപ്പോൾ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പൊടിതട്ടിയെടുത്തു. മണ്ഡൽ കമ്മീഷൻ നിർദേശങ്ങൾ 1990 ആഗസ്റ്റിൽ നടപ്പാക്കുമെന്ന് വി.പി സിംഗ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസരംഗത്തും സർക്കാർ ജോലിയിലും പിന്നാക്കക്കാർക്ക് സംവരണം ലഭിക്കുമെന്നതായിരുന്നു അതിന്റെ പ്രധാനഗുണം. അതുകൊണ്ടുതന്നെ മുന്നാക്കക്കാരും സവർണസമുദായക്കാരും മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിനിറങ്ങി. അങ്ങനെ ചൂടുപിടിച്ച കാലംകൂടിയാണ് 1990 കൾ.

വി.പി സിംഗിന്റെ മണ്ഡൽ രാഷ്ട്രീയത്തെ മന്ദിർ രാഷ്ട്രീയം കൊണ്ടാണ് രാജ്യത്താകമാനം ബി.ജെ.പി നേരിട്ടത്. രാമമന്ദിർ അഥവാ രാമക്ഷേത്രം എന്ന വൈകാരിക പ്രശ്നം ഉയർത്തിക്കൊണ്ടുവന്ന് പിന്നാക്ക വികാരത്തെ നേരിടാൻ ശ്രമിച്ചു. അതിന്റെ കേന്ദ്രബിന്ദുവായി മാറി ബാബരി മസ്ജിദ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1986-87 ൽ ദൂരദർശനിലൂടെ രാമായണ പരമ്പര സംപ്രേഷണം ചെയ്തിരുന്നു. അന്നൊരു വിശ്വാസ തരംഗമുണ്ടാക്കി. അതിന്റെ രാഷ്ട്രീയലാഭം കിട്ടിയത് ബി.ജെ.പിക്കാണ്. അതോടൊപ്പം ഉത്തർപ്രദേശിൽ ഒരു പിന്നാക്കക്കാരനെ പ്രധാനമുഖമായി ഉയർത്തിക്കാട്ടുകയും ചെയ്തു. അതാണ് കല്യാൺ സിംഗ്. ഒ.ബി.സിയിൽ പെടുന്ന ലോധ് സമുദായക്കാരനാണ് കല്യാൺ സിംഗ്. രാമക്ഷേത്ര പ്രക്ഷോഭത്തിലുമുണ്ട്. 1991 ൽ ബി.ജെ.പിക്ക് ഉത്തർപ്രദേശിൽ 221 എം.എൽഎമാരെ കിട്ടി. അപ്പോഴാണ് കല്യാൺ സിംഗ് ആദ്യമായി മുഖ്യമന്തിയാകുന്നത്. 1992 ഡിസംബറിൽ ബാബരി മസ്ജിദ് തകർത്തപ്പോൾ കല്യാൺ സിംഗ് മന്ത്രിസഭ കേന്ദ്രം പിരിച്ചുവിട്ടു. വീണ്ടും രാഷ്ട്രപതി ഭരണം.

മുലായംസിംഗിന്റെ സോഷ്യലിസ്റ്റ് പാർട്ടി

1993 ലാണ് നിയമസഭയിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് നടന്നത്. '92 ൽ മുലായം സിംഗ് യാദവ് ജനതാദൾ (എസ്) വിട്ട് സ്വന്തം പാർട്ടിക്ക് രൂപം കൊടുത്തിരുന്നു. അതാണ് സമാജ് വാദി പാർട്ടി. ഇംഗ്ലീഷിൽ സോഷ്യലിസ്റ്റ് പാർട്ടി എന്നു പറയുന്ന അതേ അർഥമാണ് ഹിന്ദിയിൽ സമാജ് വാദി പാർട്ടിക്ക്. 1993 നവംബറിലാണ് വോട്ടെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് സമാജ് വാദി പാർട്ടി മത്സരിച്ചത്. ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാൻ ആ സഖ്യത്തിന് സാധിക്കുകയും ചെയ്തു. അങ്ങനെ മുലായം സിംഗ് യാദവ് രണ്ടാംവട്ടവും മുഖ്യമന്ത്രിയായി. പിന്നീടങ്ങോട്ട് രാഷ്ട്രീയനാടകങ്ങൾ ചടുലമാവുകയാണ്.

സമാജ് വാദി പാർട്ടിക്ക് 109 സീറ്റാണുള്ളത്. മായാവതിയുടെ ബി.എസ്.പിക്ക് 67 സീറ്റുണ്ട്. 1993 ഡിസംബറിലാണ് മുലായം സിംഗ് യാദവ് അധികാരമേറ്റത്. 1995 മെയ് വരെ ആ സർക്കാർ നിലനിന്നു. അത്രയുമായപ്പോൾ മായാവതി പാലം വലിച്ചു. അങ്ങനെ സംഭവിക്കുമെന്ന് മുഖ്യമന്ത്രിക്ക് സൂചന ലഭിച്ചിരുന്നു. സ്വന്തം പാർട്ടിയോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ മുന്നറിയിപ്പ് കൊടുത്തിരുന്നു. മുലായം പാർട്ടിനേതാക്കളോട് സംസാരിക്കുന്നിടത്തേക്ക് ഒരു ഉന്നത ഉദ്യോഗസ്ഥൻ കടന്നുചെന്ന് ഒരു കുറിപ്പ് കൈമാറുകയാണുണ്ടായത്. അത് അപായ സൂചനയായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ലക്നോവിലെ ഒരു സർക്കാർ ഗസ്റ്റ് ഹൗസിൽ കാൻഷിറാമും മായാവതിയും അടക്കമുള്ള ബി.എസ്.പി നേതാക്കൾ യോഗം ചേർന്നു. അതറിഞ്ഞ് സമാജ്വാദി പാർട്ടിക്കാർ ഇരച്ചുകയറി. മായാവതിയെ ഉപദ്രവിച്ചു എന്നൊക്കെ ആരോപണമുണ്ടായി. അത് ഗസ്റ്റ്ഹൗസ് സംഭവം എന്ന് പ്രസിദ്ധമായി.




 

ഗസ്റ്റ്ഹൗസ് സംഭവത്തോടെ ബി.ജെ.പി മായാവതിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു. 1995 ജൂൺ മൂന്നിന് മായാവതി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർദേശിലെ ആദ്യ ദലിത് മുഖ്യമന്ത്രിയായി മായാവതി ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ഒക്ടോബർ പകുതിവരെ മാത്രമേ ആ സർക്കാർ നിലനിന്നുള്ളു. പിന്നെ വീണു.

1996ൽ തെരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് 174 സീറ്റുണ്ട്. പക്ഷേ ഭൂരിപക്ഷമില്ല. ആർക്കും അത് ഉണ്ടാക്കാനായില്ല. അതിനാൽ നിയമസഭയെ മരവിപ്പിച്ച് നിർത്തിക്കൊണ്ട് രാഷ്ട്രപതി ഭരണത്തിലേക്ക് പോയി. ബി.ജെ.പിയും മായാവതിയുടെ ബി.എസ്.പിയും തമ്മിൽ ഒരു പ്രത്യേകതരം കരാറിലെത്തിയിട്ട് 1997ൽ മന്ത്രിസഭയുണ്ടാക്കി. ബി.എസ്. പിക്ക് 67 സീറ്റാണുള്ളത്. ഒാരോ ആറുമാസം കൂടുമ്പോഴും മുഖ്യമന്ത്രിമാരെ മാറ്റുക എന്നതായിരുന്നു ആ വിചിത്ര കരാർ. ബി.ജെ.പിയുടെ പകുതി സീറ്റു പോലും ബി.എസ്.പിക്കില്ല. എന്നിട്ടും ആദ്യത്തെ അവസരം മായാവതിക്ക് കൊടുത്തു. ആറുമാസം മായാവതി ഭരിച്ചു. അതു കഴിഞ്ഞ് ബി.ജെ.പിയിലെ കല്ല്യാൺ സിംഗിനുവേണ്ടി ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു.

കല്ല്യാൺ സിംഗ് '97 സെപ്തംബർ 17 ന് അധികാരം ഏറ്റെടുത്തു. ഒക്ടോബർ 19 ന് മായാവതി പിന്തുണ പിൻവലിച്ചു. സർക്കാരിന്റെ നയപരിപാടികൾ തൃപ്തികരമല്ല എന്നതാണ് മായാവതി കാരണം പറഞ്ഞത്. ഏതായാലും ഉടൻ രാജിവെയ്ക്കാൻ കല്യാൺ സിംഗ് തയ്യാറായില്ല. പിന്തുണ സംഘടിപ്പിക്കാൻ തുനിഞ്ഞിറങ്ങി. പല പാർട്ടികളും പിളർന്നു. ബി.എസ്.പി പിളർത്തിയവർ ചൗധരി നരേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ ജനതാന്ത്രിക് ബി.എസ്.പിയുണ്ടാക്കി. കോൺഗ്രസിലും പിളർപ്പുണ്ടായി. നരേഷ് അഗർവാൾ ലോക് താന്ത്രിക് കോൺഗ്രസ് ഉണ്ടാക്കി. രണ്ടുകൂടി ചേർന്നാൽ ആവശ്യത്തിന് പിന്തുണയുണ്ട് എന്നായി കല്യാൺ സിംഗ്. സഭയിൽ തെളിയിക്കണമെന്ന് ഗവർണർ റൊമേഷ് ഭണ്ഡാരി ആവശ്യപ്പെട്ടു.

1997 ഒക്ടോബർ 21ന് വിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ കൂട്ടത്തല്ലായി. 20 മിനിറ്റ് നേരം എല്ലാവരും നിന്നുതല്ലി. ചോരയൊലിച്ചും തലപൊട്ടിയും പലരും നിലത്തുവീണപ്പോഴും സ്പീക്കർ കേസരിനാഥ് ത്രിപാഠി സഭാ നടപടികൾ നയിക്കുകയായിരുന്നു. ഒടുവിൽ സ്പീക്കർ ഫലവും പ്രഖ്യാപിച്ചു. കല്ല്യാൺ സിംഗിന് 222 പേരുടെ പിന്തുണ! എതിർത്ത് ആരും വോട്ട് ചെയ്തില്ല.




 

1998 ്രെബഫുവരിയിൽ ഗവർണർ റൊമേഷ് ഭണ്ഡാരി കല്ല്യാൺ സിംഗ് ഗവർമെന്റിനെ പിരിച്ചുവിട്ടു. കോൺഗ്രസിലെ ജഗദംബികാ പാലിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചു. '98 ്രെബഫുവരി 21 ന് ജഗദംബികാ പാൽ സത്യപ്രതിജ്ഞ ചെയ്തു. ഒരു ദിവസമേ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനായുള്ളൂ. കല്ല്യാൺ സിംഗ് കോടതിയെ സമീപിച്ചു. അലഹാബാദ് ഹൈക്കോടതിയുടെ വിധിയനുസരിച്ച് കല്ല്യാൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം തിരിച്ചുപിടിച്ചു. ്രെബഫുവരി 23ന്.


ഇതിനിടയിൽ 1998ലും '99ലും ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നു. 98ൽ യു.പിയിൽ നിന്ന് ബി.ജെ.പിക്ക് 58 സീറ്റുകിട്ടിയതാണ്. '99 ൽ അത് 29ആയി ഇടിഞ്ഞു. അതോടെ കല്ല്യാൺസിംഗിനെതിരെ ഉപജാപങ്ങൾ തുടങ്ങി. കല്ല്യാൺ സിംഗിനെ താഴെയിറക്കി ബി.ജെ.പിയിലെത്തന്നെ റാം പ്രകാശ് ഗുപ്ത മുഖ്യമന്ത്രിയായി. യു.പിയിലെ ജാട്ട് സമുദായത്തെ ഒ.ബി.സി പട്ടികയിൽ ചേർത്ത്കൊണ്ട് വോട്ട്ബാങ്ക് ഏർപ്പാടുകൾ കൈകാര്യം ചെയ്യാൻ തുടങ്ങിവച്ചു ഗുപ്ത.

പതിനൊന്ന് മാസത്തോളമാണ് ഗുപ്ത ഭരിച്ചത്. വിഭാഗീയത വഷളായപ്പോൾ ഗുപ്തയെ മാറ്റി രാജ്നാഥ് സിംഗ് വന്നു. 18 മാസമാണ് രാജ്നാഥ് സിംഗ് ഭരിച്ചത്. അകന്നു നിന്നിരുന്ന ജാതിസമുദായങ്ങളിലേക്ക് വഴിവെട്ടാനുള്ള നടപടികൾ രാജ്നാഥ് സിംഗ് ഉൗർജിതമാക്കി. യാദവരേക്കാൾ പിന്നാക്കമാണ് ജാട്ടുകൾ എന്ന കണ്ടെത്തലൊക്കെ അതിന്റെ ഭാഗമാണ്. എന്നിട്ടും 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടു.

2002 മാർച്ച് മുതൽ മെയ് വരെ രാഷ്ട്രപതി ഭരണം. പിന്നീട് ബി.ജെ.പി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായി. മായാവതിയുടെ മൂന്നാമൂഴം. അപ്പോഴേക്ക് കല്ല്യാൺ സിംഗ് ബി.ജെ.പി വിട്ട് സ്വന്തം പാർട്ടി ഉണ്ടാക്കിയിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ടായി വന്നത് വിനയ് കത്യാരാണ്. അദ്ദേഹം ബി.എസ്.പി സഖ്യത്തെ നന്നായി പരിപാലിച്ചെങ്കിലും 2003 ആഗസ്റ്റിൽ മായാവതി വീണു. മുലായം പിന്നെയും മുഖ്യമന്ത്രിയായി. മുലായമിന്റേയും മൂന്നാമൂഴമാണ്. ഇത്തവണ ബി.എസ്.പി വിമതരാണ് ഭൂരിപക്ഷമുണ്ടാക്കാൻ മുലായമിനെ സഹായിച്ചത്.

ബി.ജെ.പിക്ക് വേണമെങ്കിൽ മുലായമിനെ തള്ളി താഴെയിടാമായിരുന്നു. അവരത് ചെയ്തില്ല. ഭരിക്കാൻ അനുവദിച്ചാൽ 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുലായമിന്റെ സഹായം കിട്ടുമെന്ന് സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കൾ വാജ്പേയിയെ ധരിപ്പിച്ചിരുന്നു.

അങ്ങനെയൊരു സഹായം ഉണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ഭരണം നഷ്ടപ്പെട്ടു. ഉത്തർപ്രദേശിൽ നിന്ന് എസ്.പിക്ക് 39 എം.പിമാരുണ്ടായി. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം. മുലായമിനെ താഴെയിറക്കാനൊന്നും ആരും ശ്രമിച്ചില്ല. നാലു വർഷം ഭരിച്ചു. പക്ഷേ, ആ കാലം സംസ്ഥാനത്തിന് പ്രശ്നഭരിതമായിരുന്നു. ക്രമസമാധാനം തകർന്നു. കുറ്റകൃത്യങ്ങൾ കൂടി.

മായാവതിയുടെ ബ്രാഹ്മണ സഖ്യം

മുലായം സിംഗ് ഭരിച്ച് വിയർക്കുമ്പോൾ മായാവതി പുതിയ സാമൂഹിക സമവാക്യങ്ങൾ കണ്ടെത്തുകയായിരുന്നു. ബ്രാഹ്മണ സമുദായത്തോട് അടുക്കാനുള്ള വഴി വെട്ടുകയായിരുന്നു അവർ. ബി.എസ്.പിയുടെ ആചാര്യനായ കാൻഷി റാം പല്ലും നഖവും ഉപയോഗിച്ച് ബ്രാഹ്മണരെ എതിർത്തതാണ്. അവരെ രാഷ്ട്രീയ സുഹൃത്തുക്കളാക്കാൻ മായാവതി കിണഞ്ഞു ശ്രമിച്ചു. അത് ഫലം കണ്ടു. ദലിത്-ബ്രാഹ്മണ കൂട്ടുകെട്ട് ബി.എസ്.പിയ്ക്ക് 206 സീറ്റ് നേടിക്കൊടുത്തു. മുഖ്യമന്ത്രിക്കസേരയിൽ മായാവതിക്ക് നാലാമൂഴം. അതിൽ അഞ്ചുവർഷം തികച്ചും ഇരുന്നു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി കാലാവധി തികച്ച മുഖ്യമന്ത്രി എന്ന ഖ്യാതിയും മായാവതി സ്വന്തമാക്കി.




 

2012 തെരഞ്ഞെടുപ്പ് വർഷമാണ്. സ്വന്തം നിലക്ക് അഞ്ചുവർഷം ഭരിച്ചതിന്റെ ആത്മവിശ്വാസത്തിൽ മായാവതി. ബി.ജെ.പിയാകട്ടെ മദ്ധ്യപ്രദേശിൽ നിന്ന് ഉമാഭാരതിയെ കൊണ്ടുവന്നു. ബുന്ദേൽഖണ്ഡിലെ ചാർക്കാരി മണ്ഡലത്തിൽ മത്സരിപ്പിച്ചു. മുലായമാകട്ടെ പ്രതിപക്ഷത്തിരുന്ന അഞ്ചുവർഷം മുതലെടുത്ത് എന്തിനുംപോന്ന പാർട്ടി എന്ന പ്രതിഛായ എസ്.പിക്ക് നേടിക്കൊടുത്തിരുന്നു. പോരാത്തതിന് എഞ്ചിനിയറായ മകൻ അഖിലേഷിനെ ഗോദയിലിറക്കുകയും ചെയ്തു.

പുതിയ കാലത്തിന്റെ താരം

അഖിലേഷ് യാദവിന്റെ തുടക്കം ഗംഭീരമായിരുന്നു. അധോലോക പരിവേഷമുള്ള ഡി.പി യാദവ് എസ്.പി യിൽ ചേരാൻ ചെന്നപ്പോൾ വാതിലടച്ചു. അങ്ങനെയൊരു നിലപാടെടുക്കാൻ ബി.ജെ.പി ക്ക് കഴിഞ്ഞില്ല. മായാവതി മന്ത്രിസഭയിലിരുന്ന് അഴിമതിക്കാരൻ എന്ന് പേരുകേട്ട ബാബു സിംഗ് കുഷ്വാഹയെ ബി.ജെ.പി സ്വീകരിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അഖിലേഷിന് കയ്യടി നേടിക്കൊടുത്തു. വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ്. യുവാക്കൾക്ക് തൊഴിലില്ലായ്മാ വേതനം. പ്രതിഛായ അഖിലേഷിനെ മുഖ്യമന്ത്രിയാക്കി. 38 വയസ്സേയുള്ളൂ. 224 എം.എൽ.എമാരുണ്ട് കൂടെ.

പക്ഷേ, മുഖ്യമന്ത്രിയായതോടെ അഖിലേഷിന്റെ തിളക്കം മങ്ങി. പാർട്ടിക്കകത്താണ് പ്രശ്നങ്ങൾ തുടങ്ങിയത്. അത് കുടുംബത്തിലേക്ക് വ്യാപിച്ചു. അഛന്റെ വിശ്വസ്ഥനും അമ്മാവനുമായ ശിവപാൽ യാദവിനോട് ഉരസിയത് നഷ്ടമായി. പല മുതിർന്ന നേതാക്കളേയും തഴഞ്ഞു. അതോടെ പല സമുദായങ്ങളും എസ്.പിക്ക് എതിരായി. അപ്പുറത്ത് ബി.ജെ.പി സമുദായങ്ങളെ പിടിക്കാൻ നിൽക്കുകയാണല്ലോ.




 

യാദവരും മുസ്ലിംകളും മാത്രമാണ് എസ്.പിയിൽ എന്ന് ബി.ജെ.പി പ്രചരിപ്പിച്ചു. പി.എസ്.സി അംഗങ്ങളായി യാദവരെ മാത്രമാണ് നിയമിച്ചതെന്നും പ്രചരിപ്പിച്ചു. ഇതൊക്കെയും തെരഞ്ഞെടുപ്പ് പ്രചാരണമായും മാറി. 2017 ആയി. തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്.

പഴയ മഠത്തിലെ പുതിയ യോഗി

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ ബി.ജെ.പി പ്രത്യേക തരത്തിലാണ് ഒരുങ്ങിയത്. പരമ്പരാഗതമായി രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചു വന്ന നേതാക്കളെയൊക്കെ പിൻവലിച്ചു. വിശ്വഹിന്ദു പരിഷത്ത് വഴിവന്ന് എം.പിയായ കേശവ പ്രസാദ് മൗര്യയാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ്. ആർ.എസ്.എസിന്റെ വിശ്വസ്ഥനായ സുനിൽ ബൻസാൽ സംഘടനാ സെക്രട്ടറി. രണ്ടുപേരും ചേർന്നാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതും മറ്റും. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് സൂചന പോലുമില്ല. ആരെയും ഉയർത്തിക്കാട്ടാതെയാണ് 2017 ൽ പ്രചാരണം. 312 സീറ്റ് നേടി ഭൂരിപക്ഷം ഉറപ്പിച്ച ശേഷമാണ് യോഗി ആതിഥ്യനാഥാണ് മുഖ്യമന്ത്രി എന്ന് നാടകീയമായി പ്രഖ്യാപിക്കുന്നത്.

1972 ൽ ജനിച്ച അജയ് മോഹൻ ബിഷ്ട് ആണ് യോഗി ആതിഥ്യനാഥ്. ഇപ്പോഴത്തെ ഉത്തർഖണ്ഡിൽ ഉൾപ്പെടുന്ന പുരി ഗ്വൽഹറാണ് ജനനസ്ഥലം. പ്രവർത്തന മണ്ഡലം മതമായിരുന്നു. രാഷ്ട്രീയ പ്രവർത്തനം ഉണ്ടെങ്കിൽ തന്നെ ബി.ജെ.പിയിലുണ്ടായിരുന്നില്ല. ഹിന്ദു യുവവാഹിനി എന്ന സ്വന്തം സംഘടനയെ നയിക്കുകയായിരുന്നു. 1990കളിൽ രാമജ•ഭൂമി പ്രസ്ഥാനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് ഗോരക് നാഥ് മഠത്തിന്റെ അധിപനായ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. പിന്നെ നിഴലായി. 2014 ൽ അവൈദ്യനാഥ് സമാധിയായപ്പോൾ ആതിഥ്യനാഥ് മഠാധിപതിയുമായി. ആ പ്രതിഛായ തന്നെയാണ് 2017ൽ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തന്നത്.


അജയ് കുമാർ ബിഷ്ട് എന്ന യോഗി ആതിഥ്യ നാഥ് കടുത്ത വർഗീയ അജണ്ടയോടെ അഞ്ചു വർഷം പൂർത്തിയാക്കിയാണ് 2022 ൽ അടുത്ത ഉൗഴത്തിന് മത്സരിക്കുന്നത്. കോൺഗ്രസ്സിന്റെ രാഷ്ട്രീയ തറവാടായിരുന്ന ഉത്തർപ്രദേശ് ഇങ്ങനെ മാറിവന്നതെങ്ങനെ എന്നായിരിക്കും ഇനി ഉയർന്നുവരുന്ന ചോദ്യം.

ഉത്തരം ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. ഹിന്ദുത്വചിന്ത അതിന് അന്യമായിരുന്നില്ല. സോഷ്യലിസ്റ്റായ നെഹ്റു ലോകവിഹായസ്സിൽ പാറിപ്പറന്നു നടക്കുമ്പോഴും പുരുഷോത്തം ദാസ് ഠണ്ഡനെപ്പോലുള്ള ഹിന്ദുത്വവാദികൾക്ക് ഉത്തർപ്രദേശ് കോൺഗ്രസിൽ നല്ല സ്വാധീനമുണ്ടായിരുന്നു.

1952 ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നാണ് നെഹ്റു മത്സരിച്ചത് എന്ന് പറഞ്ഞല്ലോ. അലഹബാദ് ജില്ലയിലെ ഫൂൽപൂർ മണ്ഡലത്തിൽ നിന്ന്. 1947ൽ പ്രധാനമന്ത്രിയായി അഞ്ചു വർഷം തികച്ചിട്ട് ആദ്യത്തെ മത്സരമാണ്. ലോകത്തിനു മുന്നിൽ തിളങ്ങുന്ന താരമാണ്. ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകനാണ്. സോഷ്യലിസത്തിന്റേയും ശാസ്ത്ര ചിന്തയുടേയും പ്രചാരകനാണ്.




 

അങ്ങനൊയെക്കെയാണെങ്കിലും മറുചേരിയിൽ മത്സരിച്ചത് ഒരു സന്യാസിയാണ്. സ്വാമി പ്രഭുദത്ത് ബ്രഹ്മചാരി. അഖില ഭാരതീയ രാമരാജ്യ പരിഷത്തിന്റെ സ്ഥാനാർത്ഥിയായാണ് പ്രഭുദത്ത് രംഗത്തുവന്നത്. അപ്പോൾതന്നെ അഖിലേന്ത്യാ ഹിന്ദുമഹാസഭ പിന്തുണ പ്രഖ്യാപിച്ചു.

ഹിന്ദുകോഡ് ബില്ല്, ഗോവധ നിരോധനം തുടങ്ങിയ മതവൈകാരിക പ്രശ്നങ്ങളായിരുന്നു ബ്രഹ്മചാരിയുടെ പ്രചാരണ വിഷയങ്ങൾ. നെഹ്റുവാകട്ടെ മതേതരത്വവും തന്റെ ഭാവനയിലെ ഭാവി ഇന്ത്യയും അതിനുവേണ്ട വികസന പരിപാടികളുമാണ് വിശദീകരിച്ചത്. പ്രസംഗത്തേക്കാളേറെ ശ്ലോകങ്ങളും മന്ത്രങ്ങളുമാണ് ബ്രഹ്മചാരി മുഴക്കിയത്. ഭജനസംഘങ്ങൾ മണ്ഡലത്തിൽ ചുറ്റിയടിച്ചു. പ്രസംഗമായിരുന്നു നെഹ്റുവിന്റെ ഏക ആയുധം. ഒടുവിൽ പ്രഭാവപൂർണനായ ആ രാഷ്ട്രീയ നേതാവ് 73 ശതമാനം വോട്ട്നേടി ജയിച്ചു. ബ്രഹ്മചാരിക്ക് 10 ശതമാനം തികഞ്ഞില്ല. നിരവധി വർഷങ്ങൾ നെഹ്റുവും അതിനു ശേഷം വിജയലക്ഷ്മി പണ്ഡിറ്റും പ്രതിനിധാനം ചെയ്ത ആ മണ്ഡലത്തിൽ ഇപ്പോൾ ബി.ജെ.പി എം.പിയാണ്. കേസരി ദേവി പട്ടേൽ.

കോൺഗ്രസും നെഹ്റുവിയൻ ചിന്തയും തകർന്നടിഞ്ഞപ്പോൾ ഹിന്ദുത്വ രാഷ്ട്രീയം തനിയെ ബലപ്പെടുകയായിരുന്നു. അത് യാദൃശ്ചികമല്ല. അവസരം ലഭിച്ചതുകൊണ്ടുണ്ടായ താൽക്കാലിക നേട്ടവുമല്ല. യോഗി ആതിഥ്യനാഥിന്റെ രാഷ്ട്രീയതറവാടായ ഗോരക്പൂർ നഗരം ആ നേട്ടത്തിന്റെ പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തിത്തരും.

ലക്നോവിൽ നിന്ന് 270 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഗോരക്പൂർ പുകഴ്പെറ്റ ഗോരക്നാഥ് ക്ഷേത്രത്തിന്റെ പേരിൽ പ്രസിദ്ധമായ നഗരമാണ്. പശുപതിനാഥൻ എന്നും വിളിക്കപ്പെടുന്ന ഹിന്ദു ദേവനാണ് ഗോരക് നാഥൻ. നേപ്പാളി സ്വാധീനമുള്ള ശൈവ വിശ്വാസധാരയാണ്. ശിവൻ തന്നെയാണ് പശുപതിനാഥ്. അതൊക്കെ വിശ്വാസം.

എന്നാൽ, ആ നഗരത്തിന്റെ രാഷ്ട്രീയത്തെ പരുവപ്പെടുത്തിയത് മറ്റ് രണ്ട് സ്ഥാപനങ്ങളാണ്. ഒന്ന് പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടതാണ്. ഗോരക് നാഥ് മഠം. നേപ്പാൾ മട്ടിലുള്ള നാഥ്മാർഗം പിന്തുടരുന്ന യോഗിമാരാണ് മഠം സ്ഥാപിച്ചത്. ഇൗ മഠത്തിലെ യോഗിമാരാണ് ഹഠയോഗം കണ്ടു പിടിച്ചത് എന്നും പറയപ്പെടുന്നു. മനശ്ശക്തികൊണ്ട് മറ്റൊരാളുടെ മനസ്സിനേയും ശരീരത്തേയും മാത്രമല്ല അചേതന വസ്തുക്കളെ പോലും നിയന്ത്രിക്കാൻ ഹഠയോഗിക്ക് കഴിയുമെന്നും വിശ്വാസമുണ്ട്. അതിനാൽ ഒരുകാലത്ത് മഹാരാജാക്ക•ാർ ഗോരക് നാഥ് മഠത്തിലെ യോഗിമാരുടെ സഹായം തേടിയിരുന്നതായി കഥകളുണ്ട്.

1894 ൽ ജനിച്ച് 1969 വരെ ജീവിച്ചിരുന്ന ദിഗ്വിജയ് നാഥിന്റെ വരവോടെയാണ് മഠത്തിന്റെ ആത്മീയതയിൽ രാഷ്ട്രീയം കലരുന്നത്. വളരെ ചെറുപ്പത്തിലേ അമ്മാവൻ മഠത്തിൽ ഏൽപ്പിക്കുന്നതാണ് ദിഗ്വിജയ് നാഥിനെ. സംന്യാസത്തേക്കാൾ കായിക ശക്തിയിൽ താൽപ്പര്യം കാണിച്ച ദിഗ്വിജയ് നാഥ് 1920ൽ കോൺഗ്രസിൽ അംഗത്വമെടുത്തു. നിസ്സഹകരണ സമരത്തിൽ സജീവമായി. 1922ൽ ചൗരീചൗരാ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതിയായി. 1936ൽ മഠാധിപതിയായി. മൂന്നുവർഷം കഴിഞ്ഞപ്പോൾ ഹിന്ദുമഹാസഭയിൽ അംഗത്വമെടുത്തു. 1939ലാണത്. ആ വർഷം തന്നെയാണ് വി.ഡി സവർക്കർ ഹിന്ദുമഹാസഭാ പ്രസിഡണ്ടായത്. ദിഗ്വിജയ് നാഥ് വളരെ പെട്ടെന്നുതന്നെ സംസ്ഥാനത്തെ പ്രധാന ഹിന്ദുമഹാസഭാ നേതാവായി ഉയർന്നു.

1948 ൽ മഹാത്മജിയെ കൊന്ന കേസിൽ പ്രതി ചേർത്ത് ദിഗ്വിജയ് നാഥിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. തെളിവില്ലാത്തതിനാൽ കോടതി വെറുതെവിട്ടതാണ്. 1949 ൽ രാമജ•ഭൂമി പ്രസ്ഥാനം ഉടലെടുത്തു വരുമ്പോൾ തലപ്പത്തുതന്നെയുണ്ട്. പിന്നീട് ഒരിക്കൽ ലോകത്തിന്റെ ശ്രദ്ധയിൽ വരുന്നത് 1966- 67 കാലത്തെ ഗോസംരക്ഷണ പ്രക്ഷോഭത്തിലൂടെയാണ്. അന്ന് ദിഗ്വിജയ്് നാഥ് കൂട്ടിക്കൊണ്ടു വന്ന നിരവധി സന്യാസിമാരും യോഗിമാരും പാർലിമെന്റിൽ ഇരച്ചു കയറി മുദ്രാവാക്യം മുഴക്കി. അന്ന് ഗോരക്പൂരിൽ നിന്നുള്ള ലോക്സഭാ അംഗവും ഗോരക് നാഥ് മഠത്തിന്റെ അധിപനുമാണ് ദിഗ്വിജയ് നാഥ്.

ശ്രീരാമചന്ദ്ര മഹാരാജനെ രാംലല്ല ആക്കി മാറ്റിയെടുക്കുന്നതിന് തറയൊരുക്കിയത് ദൂരദർശന്റെ സീരിയൽ മാത്രമാണ് എന്നും കരുതാനാവില്ല. അതിന് സഹായിച്ച ഒരു സ്ഥാപനവും ഗോരക്പൂരിലുണ്ട്. 1923 ൽ സ്ഥാപിച്ച ഗീതാ പ്രസ്സ്. ഹിന്ദു സാഹിത്യവും ഭജനകളും മറ്റും ചുരുങ്ങിയ വിലയ്ക്ക് സാധാരാണക്കാരുടെ കൈകളിൽ എത്തിക്കാനായിരുന്നു പ്രസ്സ് സ്ഥാപിച്ചത്. ഹിന്ദി ബെൽറ്റ് എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങൾ പശുബെൽറ്റ് എന്ന മട്ടിലേക്ക് മാറുന്നതിൽ ഗീതാ പ്രസ്സിനും ഗോരക് നാഥ് മഠത്തിനും തുല്യ പങ്കുണ്ട്. കോൺഗ്രസിന്റെ കോട്ട കാവി രാഷ്ട്രീയത്തിന്റെ കൊത്തളമായത് ഇങ്ങനെയൊക്കെയാണ്.

ഇതിനിടയിൽ ഉത്തർ പ്രദേശിലെ സോഷ്യലിസ്റ്റുകളുടെ ഇപ്പോഴത്തെ തലമുറ എസ്.പിയുടെ കൊടിക്കു പിന്നിലെങ്കിലും മറഞ്ഞു നിൽക്കുന്നുണ്ട്. പാവം, കോൺഗ്രസുകാർ അവരുടെ പിൻമുറക്കാർക്ക് കൊടിമരത്തണൽ പോലുമില്ല.

നെഹ്റുവിന്റെ ഫൂൽപൂർ ഇപ്പോൾ ബി.ജെ.പിയുടെ അധീനതയിലാണ്. ദിഗ്വിജയ് നാഥ് അധിപനായിരുന്ന അതേ മഠത്തിന്റെ ഇപ്പോഴത്തെ അധിപനാണ് ആതിഥ്യനാഥ്. അതു രണ്ടും കൂട്ടിവായിക്കുമ്പോൾ കോൺഗ്രസിന്റെ കഥ കഴിഞ്ഞു. ഉത്തർപ്രദേശിന്റേയും.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - പി.ടി നാസര്‍

contributor

Similar News