വിക്‌ടോറിയക്കാകുമോ വിക്ടറി?

വിക്ട്‌ടോറിയ നടത്തിയ ന്യൂനപക്ഷ വിരുദ്ധ ഇടപെടലുകള്‍, ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനം എന്നിവയൊക്കെ ഇതിനകം പൊക്കിയെടുത്തിട്ടുണ്ട്. ജനത്തെ രണ്ട് കള്ളികളിലായി തിരിച്ചു കാണുന്നവര്‍, ഭിന്നിപ്പിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ എങ്ങനെ ജഡ്ജിയാകും എന്നതാണ് ചോദ്യം.

Update: 2023-02-07 03:12 GMT
വിക്‌ടോറിയക്കാകുമോ വിക്ടറി?
AddThis Website Tools

രാവിലെ 10.35 ന് വിക്ട്‌ടോറിയ ഗൗരി അഡീഷണല്‍ ജഡ്ജി ആയി മദ്രാസ് ഹൈക്കോടതിയില്‍ സത്യപ്രതിജ്ഞ ചെയ്യും. വിക്ട്‌ടോറിയക്ക് എതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിലെ ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, എം. സുന്ദരേശ് എന്നിവരുടെ ബെഞ്ച് പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയിലെ അന്നാ മാത്യുസ് ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ വിക്ടോറിയക്ക് എതിരായി നല്‍കിയ ഹരജിയില്‍ മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനാണ് ഹാജരാകുക.

ജനുവരി 17 ന് ചേര്‍ന്ന കോളീജിയം യോഗമാണ് വിക്ട്‌ടോറിയയെ ജഡ്ജിയാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. മദ്രാസ് ഹൈക്കോടതി കോളീജിയം നല്‍കിയ ശുപാര്‍ശ സുപ്രീംകോടതി കോളീജിയം തൊണ്ടതൊടാതെ വിഴുങ്ങി കേന്ദ്രത്തിന് അയക്കുകയായിരുന്നു. കുറച്ചു നാളായി പുതിയ ശുപാര്‍ശകള്‍ കേന്ദ്രം പരണത്ത് വച്ചിരിക്കുകയാണ്. നരേന്ദ്രമോദിക്കെതിരായ ലേഖനങ്ങള്‍ ഷെയര്‍ ചെയ്യുക, ലൈക് ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യം ചെയ്ത അഭിഭാഷകരെ ജഡ്ജിയാക്കണം എന്ന ശുപാര്‍ശകള്‍ക്കൊപ്പം ചൗകിദാര്‍ എന്ന് സ്വയം വിശേഷിപ്പിച്ച വിക്ട്‌ടോറിയയുടെ പേരും കോള്‍ഡ് സ്റ്റോറേജില്‍ ആകുമെന്നാണ് കരുതിയിരുന്നത്.

ബി.ജെ.പിക്കാരിയാണ്, മോദിഭക്ത ആണ് എന്നൊക്കെയുള്ള ആരോപണമാണ് ആദ്യം ഉയര്‍ന്നത്. അഭിഭാഷകര്‍ ആയിരിക്കുമ്പോള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും സമരങ്ങളില്‍ പങ്കെടുക്കുകയുമൊക്കെ സ്വാഭാവികം. സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു നിയമസഭയില്‍ എത്തി ഇ.എം.എസ്മന്ത്രി സഭയില്‍ അംഗമായ ശേഷമാണ് വി.ആര്‍ കൃഷ്ണയ്യര്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ജഡ്ജി ആയത്. അതുകൊണ്ട് ആദ്യ രണ്ട് ആരോപണങ്ങള്‍ തള്ളിക്കളയാം. പക്ഷെ, പരാതികള്‍ ഇവിടെ അവസാനിക്കുന്നില്ല.


വിക്ട്‌ടോറിയ നടത്തിയ ന്യൂനപക്ഷ വിരുദ്ധ ഇടപെടലുകള്‍, ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനം എന്നിവയൊക്കെ പൊക്കിയെടുത്തു. ജനത്തെ രണ്ട് കള്ളികളിലായി തിരിച്ചു കാണുന്നവര്‍, ഭിന്നിപ്പിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ എങ്ങനെ ജഡ്ജിയാകും എന്നതാണ് ചോദ്യം.

സുപ്രീംകോടതി ചൂരലുമായി നില്‍ക്കുന്നത് കൊണ്ടാണ് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ഉത്തരേന്ത്യയില്‍ പൊലീസ് തയ്യാറാകുന്നത്. യു.പിയില്‍ ഒരു എഫ്.ഐ.ആര്‍ ഇടാന്‍ പോലും ഒന്നരവര്‍ഷവും സുപ്രീംകോടതി ഇടപെടലും വേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ ജഡ്ജിയാകുന്നവര്‍ക്കുള്ള സാമൂഹ്യ ഉത്തരവാദിത്വം ഏറെയാണ്. എല്ലാ പൗരന്മാരെയും ഒന്നായി കാണുന്ന ഭരണഘടനയുടെ അടിസ്ഥാനശില നെഞ്ചോട് ചേര്‍ക്കുന്നവരാകണം ന്യായാധിപ സ്ഥാനത്ത് എത്തേണ്ടത്. ഏതെങ്കിലും സമുദായത്തെയോ ജാതിയെയോ മതത്തേയോ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന കളങ്കിത ഭൂതകാലം പേറുന്ന വ്യക്തികള്‍ ആകരുത്.

ഇസ്‌ലാമിന്റെ പച്ച ഭീകരത, ക്രിസ്ത്യാനിയുടെ വെള്ള ഭീകരത എന്നൊക്കെ തട്ടിവിട്ട ആളാണ് വിക്ടോറിയ എന്ന് പരാതിയില്‍ സൂചിപ്പിക്കുണ്ട്. സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും വിക്ട്‌ടോറിയക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോള്‍ കുറേ പ്രശ്‌നങ്ങള്‍ ഉണ്ട്. രാഷ്ട്രപതി നിയമന ഉത്തരവില്‍ ഒപ്പിട്ടതോടെ ലക്ഷ്മണ ചന്ദ്ര വിക്‌റ്റോറിയ ഗൗരി അഡീ. ജഡ്ജി ആയി. ഇനി നിയമന ശുപാര്‍ശ സുപ്രീംകോടതിക്ക് പിന്‍വലിക്കാന്‍ കഴിയുമോ എന്നതാണ് കാതലായ ചോദ്യം. പദവിക്ക് യോജിക്കാത്തവര്‍ എന്ന നിലയില്‍ കോ വാറന്റോ കൊണ്ടുവരാന്‍ കഴിയുമോ എന്നത് മറ്റൊരു ചോദ്യം. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ മദ്രാസ് ഹൈക്കോടതിയില്‍ സത്യപ്രതിജ്ഞ നടന്നു കഴിയാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ കേസുകള്‍ പരിഗണിക്കാന്‍ നല്‍കാതെ, വകുപ്പില്ലാ മന്ത്രിയെ പോലെ ഒരു അഡീ. ജഡ്ജിയെ മദ്രാസ് ഹൈക്കോടതിയില്‍ കുടിയിരുത്താനുള്ള നിര്‍ദേശം നല്‍കാന്‍ കഴിയുമോ എന്നതും ചോദ്യമാണ്.


വിക്റ്റോറിയക്ക് എതിരായ ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് താല്‍പര്യം. മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വെള്ളിയാഴ്ചത്തേക്ക് പോസ്റ്റ് ചെയ്തത്. ഈ നടപടി കോടതിയില്‍ നിന്നുണ്ടായി മിന്നിറ്റുകള്‍ക്കകമാണ്, വിക്ട്‌ടോറിയയെ ജഡ്ജിയാക്കിയെന്നു ട്വിറ്ററിലൂടെ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു പ്രഖ്യാപിക്കുന്നത്. നിയമനം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ തീരുമാനിച്ചത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ഡി. ധനസുമോദ്

contributor

Similar News