ചെങ്കോല്‍ കൊണ്ടുവരുന്നത് അശോകസ്തംഭം ഇല്ലാതാക്കാന്‍ - രാം പുനിയാനി

നാട്ടുരാജ്യത്തിന്റെ സ്വഭാവത്തിലേക്ക് ഭരണകൂടത്തെ മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ചെങ്കോലിന്റെ കഥയൊക്കെ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കണ്ടെത്തിയതാണ്. ചരിത്രപരമായ ഒരു തെളിവും ഇല്ലാതെയാണ് ചെങ്കോലിന്റെ കഥ മെനഞ്ഞുണ്ടാക്കിയത്. | അഭിമുഖം: രാം പുനിയാനി / മുഹമ്മദ് അന്‍വര്‍

Update: 2023-05-28 02:44 GMT

പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഡോ. രാം പുരാനി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന 'ചെങ്കോല്‍' വിവാദവുമായി ബന്ധപ്പെട്ടും മറ്റു ദേശീയ വിഷയങ്ങളിലും പ്രതികരിക്കുന്നു.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഭരണഘടനയുടെ കസ്റ്റോഡിയനായ രാഷ്ട്രപതി ഇല്ല. എങ്ങനെയാണ് ഈ നീക്കത്തെ കാണുന്നത്?

എല്ലാ അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ചാണ് നമ്മുടെ പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നത്. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും അനുസരിച്ച് രാഷ്ട്രപതിയാണ് ഭരണഘടനയുടെ കസ്റ്റോഡിയന്‍. ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു വനിതയെ പ്രസിഡന്റാക്കിയത് വെറും ഷോ ഓഫ് ആണ്. രാഷ്ട്രപതി എന്ന പദവിയുടെ പ്രാധാന്യം ഇല്ലാതാക്കാനാണ് ഈ നീക്കം. പ്രധാനമന്ത്രിയുടെ ആഗ്രഹം മാത്രമാണ് നടപ്പാക്കപ്പെടുന്നത്. ഉദ്ഘാടനപ്രിയനാണ് നമ്മുടെ പ്രധാനമന്ത്രി. വന്ദേഭാരത് ട്രെയിനിന്റെ ഏത് ചെറിയ റൂട്ട് ഉദ്ഘാടനം ചെയ്യുന്നതും പ്രധാനമന്ത്രിയാണ്. ഖജനാവിന് കോടികളാണ് ഉദ്ഘാടന മഹാമഹത്തിനായി ചെലവാക്കുന്നത്. ഭരണഘടന അനുശാസിക്കുന്നതിന് വിരുദ്ധമായി എല്ലാ അധികാരവും തന്നിലേക്ക് കേന്ദ്രീകരിക്കുകയാണ് പ്രധാനമന്ത്രി. പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിക്ക് അവസരം കിട്ടാത്തത് രാജ്യത്തിന് തന്നെ സങ്കടകരമായ കാര്യമാണ്.

നാട്ടുരാജ്യത്തിന്റെ സ്വഭാവത്തിലേക്ക് ഭരണകൂടത്തെ മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. ചെങ്കോലിന്റെ കഥയൊക്കെ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കണ്ടെത്തിയതാണ്. ചരിത്രപരമായ ഒരു തെളിവും ഇല്ലാതെയാണ് ചെങ്കോലിന്റെ കഥ മെനഞ്ഞുണ്ടാക്കിയത്.

ചെങ്കോല്‍ കൈമാറ്റമാണ് പാര്‍ലെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലെ പ്രധാന ചടങ്ങായി ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്നത്. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ അന്തിമ വിജയമായാണ് രാജ്യത്തിന് 1947 ആഗസ്റ്റ് 15 അര്‍ധരാത്രി സ്വാതന്ത്ര്യം ലഭിക്കുന്നത്. ഒരു രാജകുടുംബത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള കേവല അധികാര കൈമാറ്റം ആയാണോ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തേണ്ടത്?

രാജാവും രാജഗുരുവും ഇമാമും പോപ്പും ഉള്ള ഒരു നാട്ടുരാജ്യമായാണ് ഇപ്പോള്‍ ഭരണിത്തിലുള്ളവര്‍ ഈ രാജ്യത്തെ കാണുന്നത്. ശക്തമായ പോരാട്ടങ്ങളിലൂടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നത്. അതിനെയാണ് ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയിലേക്കുള്ള കേവല അധികാരകൈമാറ്റമായി ബി.ജെ.പി ചിത്രീകരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ചടങ്ങായിരുന്നു അന്ന് നടന്നത് എങ്കില്‍ ചെങ്കോല്‍ പാര്‍ലമെന്റില്‍ തന്നെ സൂക്ഷിക്കുമായിരുന്നല്ലോ. നെഹ്‌റു ഒരിക്കലും അതിനെ അംഗീകരിച്ചിട്ടില്ല. തമിഴ്‌നാട്ടിലുള്ള ഒരു മഠാധിപതി മൗണ്ട് ബാറ്റന് സമ്മാനമായി അയച്ചതാണ് ഈ ചെങ്കോല്‍.


ചെങ്കോല്‍ വിവാദം ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്നത് തന്നെ ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ്. എന്തുകൊണ്ട് രാജ്യത്തിന്റെ പ്രസിഡന്റ് പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നില്ല എന്ന ചോദ്യത്തില്‍ നിന്ന് തടിയൂരാനുള്ള വിവാദമാണ് ബി.ജെ.പി നടത്തുന്നത്. അശോകസ്തംഭം പോലുള്ള ദേശീയ ചിഹ്നങ്ങളെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായും ചെങ്കോലിനെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ബുദ്ധമതവിശ്വാസിയായ അശോകചക്രവര്‍ത്തിയുടെ പ്രസക്തി ചരിത്രത്തില്‍ നിന്ന് നീക്കാനും കൂടി ബി.ജെ.പി ശ്രമിക്കുകയാണ്. നാട്ടുരാജ്യത്തിന്റെ സ്വഭാവത്തിലേക്ക് ഭരണകൂടത്തെ മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. ചെങ്കോലിന്റെ കഥയൊക്കെ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കണ്ടെത്തിയതാണ്. ചരിത്രപരമായ ഒരു തെളിവും ഇല്ലാതെയാണ് ചെങ്കോലിന്റെ കഥ മെനഞ്ഞുണ്ടാക്കിയത്.

കര്‍ണാടക അംസബ്ലി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, താങ്കള്‍ 'ദി ഹിന്ദു'വിലെഴുതിയ ലേഖനത്തില്‍, ഇന്ത്യയുടെ ഒരുമ തിരിച്ചുവരുന്നുവെന്നത് ആശ്വാസകരമായ കാര്യമാണെന്ന് പറയുന്നുണ്ട്. ഒരു അസംബ്ലി തെരഞ്ഞെടുപ്പിലെ ഫലം വിശകലനം ചെയ്ത് മാത്രം അങ്ങനെയൊരു തീര്‍പ്പിലെത്തുന്നത് എങ്ങനെയാണ്?

കര്‍ണാടക തെരഞ്ഞെടുപ്പിനെ ഏകശിലാരൂപത്തിലല്ല കാണേണ്ടത്. രാജ്യം കണ്ട ഐതിഹാസിക സമരങ്ങളായിരുന്ന കര്‍ഷക സമരവും, ഷാഹീന്‍ ഭാഗിലെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധവും, ഭാരത് ജോഡോ യാത്രയുമൊക്കെ വലിയ മാറ്റത്തിന് വഴി വെച്ചിട്ടുണ്ട്. ഈ മൂന്ന് ഘടകങ്ങളുടേയും പശ്ചാത്തലത്തിലാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തേണ്ടത്. ബി.ജെ.പി സമൂഹത്തിലുണ്ടാക്കിയ വര്‍ഗീയമായ വേര്‍തിരിവ് മറികടക്കാന്‍ രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കഴിഞ്ഞു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സ്ത്രീകള്‍ക്കും ദലിതുകള്‍ക്കും എതിരായ അക്രമം തുടങ്ങിയ വിഷയങ്ങളാണ് ഭാരത് ജോഡോ യാത്ര ചര്‍ച്ച ചെയ്തത്.

ബജ്‌റംഗ്ബലി ഉള്‍പ്പടെയുള്ള വര്‍ഗീയ വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കിയാണ് ബി.ജെ.പി പ്രചാരണം നടത്തിയത്. അതിലൊന്നും വീഴാതെ കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് പ്രചാരണായുധമാക്കിയത്. ബജ്‌റംഗ്ദളും ബജ്‌റംഗ്ബലിയും രണ്ടാണെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ തെളിയിച്ച് തന്നില്ലേ.

ബിജെപിക്കെതിരെ ഒറ്റ സ്ഥാനാര്‍ഥിയേ മത്സരിക്കുന്നുള്ളൂവെങ്കില്‍, കെട്ടിച്ചമച്ചുണ്ടാക്കിയ മോദിയുടെ പ്രതിഛായ തകര്‍ന്ന് തരിപ്പണമാകുമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം കാണിച്ചുതന്നു. പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ അവര്‍ക്ക് മെച്ചമുണ്ടാകും. വര്‍ധിച്ചു വരുന്ന വിഭാഗീയ രാഷ്ട്രീയത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുമാകും.


കര്‍ണാടക തെരഞ്ഞെടുപ്പില്‍ സിവില്‍ സൊസൈറ്റികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ബി.ജെ.പി വിരുദ്ധ വോട്ട് ഒന്നിപ്പിക്കുന്നതില്‍ സിവില്‍ സൊസൈറ്റി സംഘടനകള്‍ അഹോരാത്രം പ്രയത്‌നിച്ചിട്ടുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവരുടെ റോള്‍ എങ്ങനെയാകണമെന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?

വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സൊസൈറ്റികളെ രണ്ട് പ്ലാറ്റ്‌ഫോമുകളാക്കി ചേര്‍ത്തായിരുന്നു കര്‍ണാടകയിലെ പ്രവര്‍ത്തനം. ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ സംഘടിതമായി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു. ബി.ജെ.പി ഭരണത്തിലെ കെടുകാര്യസ്ഥത ജനങ്ങളിലേക്കെത്തിച്ചു. ബി.ജെ.പി സര്‍ക്കാറിന്റെ കമീഷന്‍ ഇടപാടുകള്‍ വ്യക്തമാക്കുന്ന '40% സര്‍ക്കാര' കാമ്പയിന്‍ വിജയകരമായി നടന്നു. ജനങ്ങളില്‍ സ്വാധീനമുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനഫലം കൂടിയാണ് തെരഞ്ഞെടുപ്പ് റിസല്‍ട്ടില്‍ കണ്ടത്.

ദേശീയ തലത്തിലും ഇത്തരം നീക്കങ്ങള്‍ ഇപ്പോള്‍ സജീവമാണ്. ഭാരത് ജോഡോ അഭിയാന്റെ നേതൃത്വത്തില്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളെ ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ചെറിയ ഗ്രൂപ്പുകളാണെങ്കിലും അവയ്ക്ക് ജനങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന സ്വാധീനം വളരെ വലുതാണ്. കര്‍ണാടകയില്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ചെയ്ത കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും നടപ്പായാല്‍ വലിയ മാറ്റങ്ങളുണ്ടാകും.


കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരു എം.പിയോ എം.എല്‍.എയോ ഇല്ല. ഭരണതലത്തില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ സാന്നിധ്യം ഇല്ലെന്ന് തന്നെ പറയാം. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാതിരിക്കാന്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവര്‍ ദക്ഷിണേന്ത്യയെ മാതൃകയാക്കും എന്ന് കരുതുന്നുണ്ടോ?

കേരളം ഞാന്‍ എപ്പോഴും വരാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ്. ഉത്തരേന്ത്യപോലെ വര്‍ഗീയ വിദ്വേഷപ്രചാരണം ഇവിടെ ഏശില്ല. കേരളത്തിനെതിരെ വിദ്വേഷപ്രചാരണത്തിനായി കേരള സ്റ്റോറിയെന്ന സിനിമ പോലും ഇറങ്ങി. കേരളത്തിലുള്ളവര്‍ക്കെതിരേയും മുസ്‌ലിംകള്‍ക്കെതിരേയും വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയാണത്. വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ കേരളം ഒരു മാതൃക തന്നെയാണ്. പക്ഷെ, അതില്‍ തൃപ്തിയടഞ്ഞ് കഴിഞ്ഞുകൂടരുത്. സാധ്യമായ എല്ലാ വഴിയും ഉപയോഗിച്ച് കേരളത്തിലേക്ക് കടക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമം.

കേരളം കാണിച്ചുതന്ന വഴി ഇന്ത്യയിലെ ജനങ്ങളും പിന്തുടരണം. കേരളത്തില്‍ സ്‌നേഹവും സന്തോഷവും സാഹോദര്യവും സമാധാനവും ഉണ്ട്. തീര്‍ച്ചയായും കേരളം ഒരു വഴികാട്ടിയാണ്. അതുപോലെത്തന്നെ തമിഴ്‌നാടും കര്‍ണാടകയും ഇന്ത്യന്‍ ജനാധിപത്യത്തിന് വഴികാട്ടികളാണ്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിന്റെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കും വഴികാട്ടാനാകും.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മുഹമ്മദ് അന്‍വര്‍

Media Person

Similar News