മുന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരെ രാജിവെപ്പിച്ച് മന്ത്രിസഭയില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം - റസാഖ് പാലേരി

ജാതി സെന്‍സസ്, എയിഡഡ് മേഖലയിലെ നിയമനങ്ങള്‍, ആനുപാതിക പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ നവംബര്‍ - ഡിസംബര്‍ മാസങ്ങളിലായി സംസ്ഥാന വ്യാപകമായി സമര പരിപാടികള്‍ നടത്തി വരുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. സമര പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി ജനുവരി മൂന്നിന് കേരള സെക്രട്ടേറിയറ്റ് വളയുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നു. സമര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുമായി ഷഹ്‌ല പെരുമാള്‍ നടത്തിയ അഭിമുഖ സംഭാഷണം.

Update: 2024-01-08 07:24 GMT
Advertising

ജാതി സെന്‍സസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതേവരെ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്താണ് വെല്‍ഫെയര്‍ പാര്‍ട്ടി ഈ സമരത്തിലൂടെ പ്രധാനമായും ഉന്നയിക്കാന്‍ ശ്രമിക്കുന്നത്?

ജാതി-സമുദായ സെന്‍സസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും സുപ്രീം കോടതി വരെ നീണ്ടു പോയ നിയമ പോരാട്ടത്തിനൊടുവില്‍ ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുകയും അതിന്റെ പ്രഥമിക ഘട്ട കണക്കുകള്‍ പുറത്തു വിടുകയും ചെയ്തതോടെയാണ് സമൂഹത്തില്‍ ജാതി സെന്‍സസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ഇടം പിടിക്കുന്നത്. 2024 തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിക്കപ്പെട്ട ഇന്‍ഡ്യ പ്രതിപക്ഷ മുന്നണി ജാതി സെന്‍സസിനെ അവരുടെ സുപ്രധാന വാഗ്ദാനമായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളൊക്കെ ഇന്‍ഡ്യ മുന്നണിയിലെ അംഗങ്ങളുമാണ്. എന്നാല്‍, ബീഹാര്‍ മാതൃകയില്‍ കേരളത്തില്‍ ജാതി സെന്‍സസ് നടത്തുന്നതിനെ കുറിച്ച് ഈ പാര്‍ട്ടികള്‍ ഒന്നും തന്നെ ഉരിയാടുന്നില്ല. മുഖ്യമന്ത്രിയും സി.പി.എമ്മും പത്ത് വര്‍ഷം കൂടുമ്പോള്‍ കേന്ദ്രം നടത്തുന്ന സെന്‍സസില്‍ ജാതി - സമുദായ കണക്കെടുപ്പ് കൂടി നടത്തട്ടെ എന്നാണ് പറയുന്നത്. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാര്‍ അതിന് ഒരിക്കലും തയ്യാറാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. സംഘ്പരിവാറിന്റെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്നു കൊണ്ടാണ് ബീഹാര്‍ സര്‍ക്കാര്‍ അവിടെ ജാതി സെന്‍സസ് നടത്തിയത്. കേരള സംസ്ഥാന സര്‍ക്കാരിനും അങ്ങനെ തീരുമാനിക്കാവുന്നതേ ഉള്ളൂ.

സംവരണ വ്യവസ്ഥ കാലങ്ങളായി ഇവിടെ നിലവിലുണ്ടല്ലോ. കേരളത്തില്‍ ജാതി സെന്‍സസ് നടത്തേണ്ടതിന്റെ സവിശേഷമായ അനിവാര്യത എന്താണ്?

കേരളത്തിലെന്നല്ല എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തണം. ഇവിടെ, 1931 വരെ ബ്രിട്ടീഷ് ഭരണത്തില്‍ ജാതി - സമുദായ കണക്കെടുപ്പുകള്‍ നടന്നിരുന്നു. പിന്നീട് മതവിഭാഗങ്ങളുടെ കണക്കെടുപ്പും പട്ടികജാതി - പട്ടികവര്‍ഗ കണക്കെടുപ്പും മാത്രമായി അത് ചുരുങ്ങി. വിവിധ ജാതി - സമുദായങ്ങളുടെ കണക്കെടുപ്പ് വ്യവസ്ഥാപിതമായി നടക്കുന്നില്ല. അശാസ്ത്രീയമായ സാംപിള്‍ സര്‍വേയിലൂടെ കൃത്യമായ കണക്കുകള്‍ ലഭ്യമാകില്ല. നമ്മുടെ സമൂഹത്തിന്റെ ഘടനയിലുള്ള വൈവിധ്യങ്ങളെ കുറിച്ച് പലപ്പോഴും നമ്മള്‍ അഭിമാനിക്കാറുണ്ട്. എന്നാല്‍, ആ വൈവിധ്യങ്ങള്‍ ഇപ്പോഴും സമൂഹത്തിന്റെ മുകള്‍പരപ്പില്‍ മാത്രമേ കാണുന്നുള്ളൂ. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മുതല്‍, കളക്ട്രേറ്റുകള്‍, വില്ലേജ് - പഞ്ചായത്ത് ഓഫീസുകള്‍, സിവില്‍ സ്റ്റേഷനുകള്‍ എന്നീ അധികാര കേന്ദ്രങ്ങളില്‍ ഈ സാമൂഹിക വൈവിധ്യം എന്ത് കൊണ്ടാണ് നമുക്ക് കാണാന്‍ കഴിയാത്തത്? നിയമസഭ മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ വരെയുള്ള ഇടങ്ങളിലെ ജനപ്രതിനിധികളും കോടതിമുറികളിലെ ന്യായാധിപന്മാരും പൊലീസ് ആസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യൂണിവേഴ്സിറ്റി ആസ്ഥാനങ്ങളിലെ വി.സി - പി.വി.സി തൊട്ട് രജിസ്ട്രാര്‍മാര്‍ വരെയുള്ളവരും ഇരിക്കുന്ന കസേരകളില്‍ സവര്‍ണ്ണ - മുന്നാക്ക സമുദായങ്ങളുടെ ആധിപത്യവും അധികാര കേന്ദ്രീകരണവുമാണ് നിലനില്‍ക്കുന്നത്.  


ലളിതമായ ഒരുദാഹരണം നോക്കൂ: ഇപ്പോഴത്തെ കേരള മന്ത്രിസഭയില്‍ ജനസംഖ്യയുടെ 20 ശതമാനത്തില്‍ താഴെ വരുന്ന മുന്നാക്ക സമുദായങ്ങള്‍ക്ക് 60 ശതമാനത്തോളം പ്രതിനിധ്യമുണ്ടെന്ന് കാണാന്‍ സാധിക്കും. അതേ സമയം ലത്തീന്‍ കത്തോലിക്ക, നാടാര്‍, ആദിവാസി, ദലിത് ക്രൈസ്തവര്‍ പോലുള്ള പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വട്ടപ്പൂജ്യമാണ്. മുസ്ലിം പ്രാതിനിധ്യം 10 ശതമാനത്തില്‍ താഴെ മാത്രമാണ്. ദലിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മാത്രമേ മന്ത്രിസഭയില്‍ എപ്പോഴും പ്രാതിനിധ്യം ലഭിക്കാറുള്ളൂ. മുന്നണി സമവാക്യവും ഘടകകക്ഷി ധാരണയുമാണ് കാരണം എന്ന് ന്യായീകരിക്കുന്നവര്‍ പറയും. പക്ഷെ, സാമൂഹ്യനീതി എന്ന ആശയത്തോട് തെല്ലെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ മുന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരെ രാജി വെപ്പിച്ച് വിവിധ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പ് വരുത്താന്‍ സി.പി.എം വിചാരിച്ചാല്‍ സാധിക്കുന്നതെ ഉള്ളൂ എന്നാണെനിക്ക് തോന്നുന്നത്. പക്ഷെ, അവരതിനെ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് പ്രശ്‌നം. യു.ഡി.എഫ് നേതൃത്വം സമ്പൂര്‍ണ്ണമായും മുസ്ലിം സമുദായത്തിന്റെ കൈയിലാണെന്ന് ഉന്നയിച്ച് പത്രസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് നേട്ടത്തിനായി പ്രചാരണം നടത്തിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയുടെ മന്ത്രിസഭയിലാണ് മുന്നാക്ക സമുദായങ്ങളുടെ ഈ അധികാര കേന്ദ്രീകരണം എന്നോര്‍ക്കണം.

ക്രമരഹിതവും ജനാധിപത്യ വിരുദ്ധവുമായ അധികാര കേന്ദ്രീകരണത്തെ തകര്‍ക്കണമെങ്കില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം എല്ലാ മേഖലകളിലും ഉറപ്പ് വരുത്തണം. അതിനായി ഔദ്യോഗികവും ആധികാരികവുമായ കണക്കെടുപ്പ് സര്‍ക്കാര്‍ നടത്തണം. ഈ കണക്കെടുപ്പാണ് ജാതി സെന്‍സസ്. കണക്കെടുപ്പിലൂടെ പുറത്തു വരുന്ന കണക്കുകള്‍ മുന്നില്‍ വെച്ച് ഉചിതമായ നിയമനിര്‍മാണങ്ങളിലൂടെ എല്ലാ വിഭാഗങ്ങളുടെയും ആനുപാതികമായ പ്രാതിനിധ്യം അധികാര - ഉദ്യോഗ - വിദ്യാഭ്യാസ മേഖലകളില്‍ നടപ്പില്‍ വരുത്തുകയാണ് വേണ്ടത്.

മറുഭാഗത്തു കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ലിസ്റ്റ് നോക്കിയാലും ഈ അനുപാതക്കുറവുകള്‍ കാണാം. 1962 ന് ശേഷം ദലിത് ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് കേരളത്തില്‍ എം.എല്‍.എമാര്‍ ഉണ്ടായിട്ടില്ല. കേരളത്തിലെ ക്രൈസ്തവ സമൂഹത്തില്‍ 30 ശതമാനത്തോളം ദലിത് ക്രൈസ്തവര്‍ ആണെന്നാണ് പറയുന്നത്. ക്രൈസ്തവ പ്രാതിനിധ്യം എന്നാല്‍ എന്തുകൊണ്ടാണ് അതെപ്പോഴും മുന്നാക്ക ക്രൈസ്തവ പ്രാതിനിധ്യം മാത്രമാകുന്നത്? കേരളത്തിന്റെ ചരിത്രത്തില്‍ ഒരേയൊരു തവണ മാത്രമാണ് ആദിവാസി വിഭാഗത്തില്‍ നിന്നൊരാള്‍ മന്ത്രിയായിട്ടുള്ളത്. 2011 ല്‍. ആദിവാസി സമൂഹത്തില്‍ നിന്നുള്ള സി.പി.എം ജനപ്രതിനിധികള്‍ ഇപ്പോഴും നിയമസഭയില്‍ ഇരിക്കുന്നുണ്ടല്ലോ. എന്തുകൊണ്ടാണ് അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് സി.പി.എമ്മിനകത്ത് ചര്‍ച്ചകള്‍ പോലും നടക്കാത്തത്?

ഇത്തരത്തില്‍ ചെറുതും വലുതുമായ എല്ലാ അധികാര ഇടങ്ങളിലും നില നില്‍ക്കുന്ന മുന്നാക്ക - സവര്‍ണ്ണ അധികാര കേന്ദ്രീകരണത്തെയാണ് ഡോ. അംബേദ്കര്‍ 'ഒലിഗാര്‍ക്കി' എന്ന് വിശേഷിപ്പിച്ചത്. ഒലിഗാര്‍ക്കി നിലനില്‍ക്കുവോളം നമ്മുടെ ജനാധിപത്യം പൂര്‍ണ്ണമാകില്ല. ആ സംവിധാനത്തിലൂടെ നടപ്പാക്കപ്പെടുന്ന ബഹുഭൂരിഭാഗം നയങ്ങളും തീരുമാനങ്ങളും എപ്പോഴും പിന്നാക്ക വിരുദ്ധവും സാമൂഹ്യനീതിയുടെ താല്‍പര്യങ്ങളെ പരിഗണിക്കാത്തതുമായിരിക്കും. ക്രമരഹിതവും ജനാധിപത്യ വിരുദ്ധവുമായ ഈ അധികാര കേന്ദ്രീകരണത്തെ തകര്‍ക്കണമെങ്കില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം എല്ലാ മേഖലകളിലും ഉറപ്പ് വരുത്തണം. അതിനായി ഔദ്യോഗികവും ആധികാരികവുമായ കണക്കെടുപ്പ് സര്‍ക്കാര്‍ നടത്തണം. ഈ കണക്കെടുപ്പാണ് ജാതി സെന്‍സസ്. കണക്കെടുപ്പിലൂടെ പുറത്തു വരുന്ന കണക്കുകള്‍ മുന്നില്‍ വെച്ച് ഉചിതമായ നിയമനിര്‍മാണങ്ങളിലൂടെ എല്ലാ വിഭാഗങ്ങളുടെയും ആനുപാതികമായ പ്രാതിനിധ്യം അധികാര - ഉദ്യോഗ - വിദ്യാഭ്യാസ മേഖലകളില്‍ നടപ്പില്‍ വരുത്തുകയാണ് വേണ്ടത്.

ഈ പറയുന്ന സംവരണം, പ്രാതിനിധ്യം, അതിന്റെ ജാതി - സമുദായം തിരിച്ചുള്ള കണക്ക്... ഇതെല്ലാം പൊതുവില്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ ആണല്ലോ. ഇന്ത്യയുടെ കഴിഞ്ഞ കാല ചരിത്രത്തില്‍ തന്നെ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട്, തുടര്‍ന്ന് വലിയ കോലാഹലം സൃഷ്ടിച്ച യൂത്ത് ഫോര്‍ ഇക്വാലിറ്റി പോലുള്ള സംവരണ വിരുദ്ധ കൂട്ടായ്മകള്‍, ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്ന കുക്കി - മെയ്തേയ് വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന സംവരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍. ഇത്തരത്തില്‍ സംവരണവുമായും പ്രാതിനിധ്യവുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നും സംഘര്‍ഷഭരിതമായിരുന്നു എന്ന് കാണാം. ജാതി - സമുദായ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമുദായ സ്പര്‍ധയ്ക്ക് ഇട വരുത്തില്ലേ എന്ന ആശങ്ക പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരാറുണ്ട്. അതിനെ കുറിച്ച്?

അത്തരം ആശങ്കകള്‍ പലരും പങ്ക് വെക്കുന്നത് കാണാറുണ്ട്. അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും ചരിത്രത്തില്‍ എല്ലായിടത്തും സംഘര്‍ഷഭരിതമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നെഹ്റു - ജിന്ന ദ്വയം ഒരു ഭാഗത്തും ഗാന്ധി - അംബേദ്കര്‍ ദ്വയം മറ്റൊരു ഭാഗത്തുമായി നടന്ന ചര്‍ച്ചകള്‍ പ്രസിദ്ധമാണ്. കേരളത്തിലേക്ക് വന്നാല്‍ കേരളീയ നവോത്ഥാനം എന്ന് വിളിക്കപ്പെടുന്ന ചരിത്ര സംഭവങ്ങളുടെ സുപ്രധാന ഉള്ളടക്കം തന്നെ ഇങ്ങനെ അധികാര - ഉദ്യോഗ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട കീഴാളപക്ഷ മുന്നേറ്റങ്ങള്‍ ആയിരുന്നല്ലോ. അതും ശാന്തസുന്ദരമായോ സ്വാഭാവികമായോ നടന്ന സംഭവങ്ങളല്ല. അവകാശവാദങ്ങള്‍, പരിഹാരവാദങ്ങള്‍, പോരാട്ടങ്ങള്‍, സംഭാഷണങ്ങള്‍ ഒക്കെ ഇതിലൊക്കെയും നടന്നിട്ടുണ്ട്. സാമൂഹ്യനീതിക്കായുള്ള മുന്നേറ്റങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നത് നേരാണ്. എന്നാല്‍, അസ്വസ്ഥതകളെ ഭയന്നുകൊണ്ട് അത്തരം ശബ്ദങ്ങള്‍ ഉയര്‍ത്തരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല. അവിടെ മറ്റൊരു സാമൂഹിക ബോധമാണ് നമ്മെ നയിക്കേണ്ടത് എന്നാണ് തോന്നുന്നത്.

ഞാന്‍ എന്നെ കുറിച്ചും ഞാന്‍ ഉള്‍ക്കൊള്ളുന്ന സാമൂഹിക വിഭാഗത്തെ, അല്ലെങ്കില്‍ സമുദായത്തെ കുറിച്ചും മാത്രം വേവലാതിപ്പെടുന്നതിനെയല്ല സാമൂഹ്യനീതിയുടെ താല്‍പര്യം എന്ന് പറയുന്നത്. എനിക്കെന്ത് കിട്ടി അല്ലെങ്കില്‍ എന്റെ സമുദായത്തിന് എന്ത് ലഭിച്ചു എന്നതിനേക്കാള്‍ അര്‍ഹതപ്പെട്ടതും ആനുപാതികമായതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടോ എന്ന വേവലാതിയാണ് സാമൂഹ്യനീതിയുടെ താല്‍പര്യത്തിന്റെ അടിസ്ഥാനം. അധികാരങ്ങളുടെയും വിഭവങ്ങളുടെയും കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണ് അതിന്റെ ആണിക്കല്ല്. 


അധികാര - വിഭവ മേഖലകളില്‍ പിന്നാക്കം പോയ സമൂഹങ്ങളെയാണല്ലോ നമ്മള്‍ പിന്നാക്ക സമൂഹങ്ങള്‍ എന്ന് വിളിക്കുന്നത്. അവര്‍ സ്വയം തീരുമാനിച്ചു പിന്നാക്കം പോയതല്ല എന്നാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. ഒരു സമൂഹവും വ്യക്തിയും അങ്ങനെ സ്വയം തീരുമാനിച്ച് പിന്നാക്കം പോവുകയില്ല. മറിച്ച് ചരിത്രപരമായ ചില കാരണങ്ങളാല്‍ പിന്നാക്കം പോയതാണ്. ഉദാഹരണത്തിന്, ദലിത് - ആദിവാസി വിഭാഗങ്ങള്‍. നൂറ്റാണ്ടുകള്‍ നിലനിന്ന ജാതിവിവേചന സമ്പ്രദായം അത്തരം സാമൂഹിക വിഭാഗങ്ങളുടെ വളര്‍ച്ചയിലും വികാസത്തിലും അവരുടെ വിഭവ - മൂലധനശേഷിയിലും വലിയ വിലങ്ങു തടിയായിരുന്നല്ലോ. ഇതെല്ലാവരും അംഗീകരിക്കുന്നുണ്ട്. അതേപോലെ തന്നെയാണ് ഹിന്ദു ഫോള്‍ഡിനകത്തുള്ള ഇതര പിന്നാക്ക സമുദായങ്ങള്‍. ഈഴവ സമൂഹം അടക്കമുള്ള അത്തരം സമുദായങ്ങളും ദീര്‍ഘകാലം അയിത്തത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും വലയത്തിനകത്തായിരുന്നു. മുസ്ലിം സമൂഹം അന്നത്തെ സാമ്രാജ്യത്വ - അധിനിവേശ ശക്തികളോട് സന്ധിയായി അധികാര - വിഭവങ്ങള്‍ നേടിയെടുക്കുന്നതില്‍ ആയിരുന്നില്ല; മറിച്ച് സാമ്രാജ്യത്വ - ജന്മിത്ത ശക്തികളോട് പോരാടുന്നതിലായിരുന്നു കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അങ്ങനെയാണ് മുസ്ലിം കൂട്ടക്കൊലകളും ആന്‍ഡമാനിലേക്കുള്ള നാട് കടത്തലുമൊക്കെ സംഭവിക്കുന്നത്. കീഴാള - പിന്നാക്ക സമൂഹങ്ങളില്‍ നിന്ന് മുസ്ലിം സമൂഹത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവരുടെ മൂലധന ശേഷിയും അധികാര സ്വാധീനവും തുലോം കുറവായിരുന്നു. മറുവശത്ത് ഇന്ന് മുന്നാക്ക സമൂഹങ്ങളായി പരിഗണിക്കപ്പെടുന്ന സമൂഹങ്ങള്‍ ഭൂമി, അധികാരം, വിദ്യാഭ്യാസം തുടങ്ങി എല്ലാ സാമൂഹിക വിഭവങ്ങളുടെയും ഉടമകളും കൈകാര്യകര്‍ത്താക്കളുമായിരുന്നു. സാമ്രാജ്യത്വ ശക്തികളുമായുള്ള വിലപേശലുകളിലൂടെയും നിരന്തര ബന്ധങ്ങളിലൂടെയും അവര്‍ക്കത് നില നിര്‍ത്താനും ശക്തിപ്പെടുത്താനും സാധിച്ചു.

പ്രീണന രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഇവിടെയുള്ള മുന്നാക്ക - സവര്‍ണ്ണ സമുദായങ്ങളെയാണ് ഭരണ - പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരേ പോലെ പ്രീണിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് യാതൊരു പഠനമോ ഗവേഷണമോ കൂടാതെ രാജ്യത്ത് തന്നെ ഏറ്റവും ആദ്യം 10% സവര്‍ണ്ണ - മുന്നാക്ക സംവരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.

ഈ ചരിത്രബോധമാണ് ആദ്യം ഉണ്ടാകേണ്ടത്. രാജ്യം പിന്നീട് സ്വാതന്ത്രമാകുന്നുണ്ട്. അതിന് ശേഷമാണ് ഐക്യകേരളം രൂപപ്പെടുന്നത്. കോളനി ഭരണവും രാജവാഴ്ചയും വഴി മാറി നമ്മളെ നമ്മള്‍ തന്നെ ഭരിക്കുന്നു എന്ന് പറയുന്ന ജനാധിപത്യത്തിലേക്ക് നമ്മള്‍ വഴി നടന്നു തുടങ്ങിയെങ്കിലും വിഭവ വിതരണത്തിന്റെ കാര്യത്തില്‍ ഒരു പൊളിച്ചെഴുത്ത് നടത്താന്‍ നമുക്കിതേ വരേയ്ക്കും സാധിച്ചിട്ടില്ല. പുറത്ത് വന്ന ഔദ്യോഗികമോ അനൗദ്യോഗികമോ ആയ എല്ലാ കണക്കുകളും അതാണ് നമ്മോട് വിളിച്ചു പറയുന്നത്. ഇതിങ്ങനെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നാണോ പറയുന്നത്? സമുദായങ്ങളും സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇതേക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കണം. ആവശ്യമായ പുനഃക്രമീകരണം നടത്തണം. അങ്ങനെ പുനഃക്രമീകരിക്കുമ്പോള്‍ വിഭവങ്ങള്‍ അധികം കൈവശപ്പെടുത്തിയ വിഭാഗങ്ങള്‍ സ്വാഭാവികമായും ചിലത് കൈയൊഴിയേണ്ടി വരും. ഇല്ലാത്തവര്‍ക്ക് നല്‍കേണ്ടി വരും. അതൊരു സ്വാഭാവികനീതിയാണ്. വിഭവങ്ങളുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട ആലോചനകളും ചര്‍ച്ചകളും സമൂഹത്തില്‍ നടക്കുമ്പോള്‍ അതിനോട് കൂടുതല്‍ ജനാധിപത്യപരവും വിശാലവും ക്രിയാത്മകവുമായ സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടത്.

കേരളത്തില്‍ ജാതി സെന്‍സസിനെതിരെ എന്‍.എസ്.എസ് പോലുള്ള സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ടല്ലോ. പ്രീണന രാഷ്ട്രീയമാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് പിറകിലുള്ളത് എന്ന ആരോപണം എന്‍.എസ്.എസ് ഉന്നയിക്കുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ?

എന്‍.എസ്.എസ് നേതൃത്വം കേരളത്തില്‍ നടന്ന മലയാളി മെമ്മോറിയല്‍ പോലുള്ള ചരിത്രാധ്യായങ്ങള്‍ മറക്കാന്‍ പാടില്ലാത്തതാണ്. അന്ന് തിരുവിതാംകൂറില്‍ ഉദ്യോഗ മേഖലയിലെ തമിഴ് ബ്രാഹ്മണ അധികാര കേന്ദ്രീകരണത്തിനെതിരില്‍ പ്രാതിനിധ്യം ഉന്നയിച്ചു കൊണ്ട് ആ മെമ്മോറിയല്‍ സമര്‍പ്പിച്ചത് കേരളത്തിലെ നായര്‍ സമുദായമാണ്. അന്നത് തികച്ചും ന്യായമായ ഒരാവശ്യമായിരുന്നു. തുടര്‍ന്നാണ് കേരളത്തില്‍ ഈഴവ മെമ്മോറിയലും നിവര്‍ത്തന പ്രക്ഷോഭവും അതോടൊപ്പം അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രയുമൊക്കെ നടക്കുന്നത്. നേരത്തെ സൂചിപ്പിച്ചതു പോലെ സമൂഹത്തിലെ മുഴുവന്‍ സാമൂഹിക ജനവിഭാഗങ്ങളെയും കുറിച്ചുള്ള ആലോചനകളാണ് നമുക്കിടയില്‍ നടക്കേണ്ടത്. ജാതി സെന്‍സസ് അതിന്റെ ആദ്യപടി മാത്രമാണ്. കണക്കെടുപ്പ് പോലും നടത്തരുത്, കണക്കുകള്‍ പുറത്തു വരരുത് എന്നൊക്കെ ശഠിക്കുന്നതിന്റെ യുക്തിയാണ് മനസ്സിലാകാത്തത്. ഇനി പ്രീണന രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഇവിടെയുള്ള മുന്നാക്ക - സവര്‍ണ്ണ സമുദായങ്ങളെയാണ് ഭരണ - പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരേ പോലെ പ്രീണിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് യാതൊരു പഠനമോ ഗവേഷണമോ കൂടാതെ രാജ്യത്ത് തന്നെ ഏറ്റവും ആദ്യം 10% സവര്‍ണ്ണ - മുന്നാക്ക സംവരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.

ജാതി സെന്‍സസിനൊപ്പം കേരളത്തിലെ എയിഡഡ് നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കണമെന്ന ഒരാവശ്യം കൂടി വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തുന്നതായി മനസ്സിലാക്കുന്നു. കേരളത്തില്‍ പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ആവശ്യങ്ങള്‍ മുമ്പ് അങ്ങനെ ശക്തമായി ഉയര്‍ത്തിയിട്ടില്ല. എയിഡഡ് മേഖലയെ പ്രത്യേകമായി അഭിമുഖീകരിക്കാനുള്ള കാരണം?

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ മേഖലയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഉള്ളത് എയിഡഡ് മേഖലയിലാണ്. അത്തരം സ്ഥാപനങ്ങളിലെ അധ്യാപക - അനധ്യാപക നിയമനങ്ങള്‍ തീരുമാനിക്കുന്നത് അതാത് മാനേജ്മെന്റുകളാണ്. സംവരണ തത്വങ്ങള്‍ അവിടെ ബാധകമാകുന്നില്ല. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതാകട്ടെ, സര്‍ക്കാരിന്റെ പൊതുഖജനാവില്‍ നിന്നാണ്. ആസ്തി വികസനത്തിനായി പൊതുഖജനാവില്‍ നിന്നുള്ള എം.പി - എം.എല്‍.എ ഫണ്ടുകളും എയിഡഡ് സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു പോരുന്നുണ്ട്. ഈ പൊതുഖജനാവില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വിഹിതമുണ്ട്. അതേസമയം, വിവിധ സമുദായ മാനേജ്മെന്റുകള്‍ നടത്തുന്ന എയിഡഡ് സ്ഥാപനങ്ങളില്‍ നിയമിതരാകുന്ന ജീവനക്കാര്‍ ബഹുഭൂരിഭാഗവും അതാത് സമുദായങ്ങളില്‍ നിന്നുള്ളവരാണ്. ഇതര ജാതി - മത - സമുദായങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും ഇല്ലാത്ത സ്ഥാപനങ്ങള്‍ വരെയുണ്ട്. ഇതില്‍ സാമൂഹികമായ വലിയ അനീതിയുണ്ട്. നേരത്തെ സൂചിപ്പിച്ച ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ, സാമൂഹികമോ സാമ്പത്തികമോ ആയ മൂലധനശേഷിയും വിഭവശേഷിയും കുറഞ്ഞ ജാതി - സമുദായങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എയിഡഡ് മേഖലയില്‍ ജോലി ലഭിക്കുന്നില്ല. എന്നാല്‍, കഴിവും യോഗ്യതയും ഉള്ള ധാരാളം ഉദ്യോഗാര്‍ഥികള്‍ അത്തരം സമുദായങ്ങളില്‍ ഉണ്ട് താനും. ഉദാഹരണത്തിന്, കേരളത്തിലെ ദലിത് - ആദിവാസി വിഭാഗങ്ങളില്‍ പെട്ട നിരവധി യുവതി - യുവാക്കള്‍ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും വിദേശ സര്‍വകലാശാലകളില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി അര്‍ഹതപ്പെട്ട ഉദ്യോഗം ലഭിക്കാത്തവരായുണ്ട്. സമീപ കാലത്ത് ചില പിന്നാക്ക സമുദായ മാനേജ്മെന്റുകള്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. തികച്ചും സ്വാഗതാര്‍ഹമാണത്. എല്ലാ എയിഡഡ് സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കാനുള്ള നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തണം. 


റസാഖ് പാലേരി, നിലമ്പൂരില്‍ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരം സന്ദര്‍ശിക്കുന്നു.

സമാനമായ മറ്റൊരു മേഖലയാണ് കേരളത്തിലെ വിവിധ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും. രാഷ്ട്രീയ നിയമനങ്ങളാണ് അവിടെ നടക്കുന്നത്; ശമ്പളവും മറ്റാനുകൂല്യങ്ങളും പൊതുഖജനാവില്‍ നിന്നും. ഇതിലെ അനീതിയെയാണ് ഞങ്ങള്‍ പ്രശ്‌നവത്കരിക്കുന്നത്. പിന്നാക്ക സമൂഹങ്ങള്‍ക്ക് അര്‍ഹമായ രീതിയിലുള്ള പ്രവേശനവും പ്രാതിനിധ്യവും നിഷേധിക്കപ്പെട്ട ഇത്തരം മേഖലകളിലെ നിയമനങ്ങളിലും ആനുപാതികമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണം. അതുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ ചര്‍ച്ചകളിലൂടെയും മറ്റും ഉരുത്തിരിഞ്ഞു വരേണ്ടതാണ്. ഈ സാമൂഹ്യ അനീതിയെ മറി കടക്കുന്ന നടപടിക്രമങ്ങളിലേക്ക് നമ്മള്‍ കടക്കുക എന്നതാണ് ഏറ്റവുമാദ്യം നടക്കേണ്ടത്.

പൊതുവില്‍ കേരള മോഡല്‍ എന്ന ആശയം പലപ്പോഴും നാം കേള്‍ക്കാറുള്ള ഒന്നാണല്ലോ. ഇടതുപക്ഷ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണെന്ന നിലയില്‍ സവിശേഷമായി ആളുകള്‍ കേരളത്തെ ശ്രദ്ധിക്കാറുണ്ട്. സംവരണം മികച്ച രീതിയില്‍ നടപ്പാക്കാറുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള യാത്രക്കിടെ അവകാവശപ്പെടുകയുമുണ്ടായി. ഇത്തരം പ്രക്ഷോഭങ്ങള്‍ ഈ അവകാശ വാദങ്ങള്‍ക്ക് കൂടി പ്രഹരമേല്‍പ്പിക്കുന്നുണ്ടോ?

നമ്മുടെ നാട്ടിലെ ജനാധിപത്യം തനിയെ അങ്ങ് രൂപപ്പെട്ടതല്ല. അതിനെ രൂപപ്പെടുത്തി എടുത്തതാണ്. അവകാശങ്ങള്‍ക്കും പ്രാതിനിധ്യങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളുമാണ് ജനാധിപത്യത്തെ യഥാര്‍Lത്തില്‍ ആകൃതിപ്പെടുത്തിയത്. ഒരു ആശയവും സ്വപ്നവും മാത്രമായി കടലാസില്‍ ഉറങ്ങിക്കിടന്നിരുന്ന ജനായത്ത വാഗ്ദാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് അധീശത്വങ്ങള്‍ക്കും മേധാവിത്വങ്ങള്‍ക്കും പുറന്തള്ളലുകള്‍ക്കും എതിരായ പോരാട്ടങ്ങളായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി വൈക്കത്ത് ഒരു വലിയ ജനകീയ സംഗമം സംഘടിപ്പിച്ചിരുന്നു. നവജനാധിപത്യ സമ്മേളനം എന്നാണതിന് പേരിട്ടിരുന്നത്. വൈക്കത്തേത് കേവലമായ ഒരു ക്ഷേത്രപ്രവേശന വിഷയം എന്നതിലുപരി അവകാശ - പ്രാതിനിധ്യ മാനങ്ങളുള്ള ജനാധിപത്യ മുന്നേറ്റമായതു കൊണ്ടാണ് ആ പരിപാടിക്ക് അങ്ങനെ പേരിട്ടത്. രാജഭരണത്തില്‍ വിലക്കപ്പെട്ട ഇടങ്ങളിലേക്ക് പ്രകോപനപരമായി വില്ലുവണ്ടി പായിച്ചതിന് ശേഷമാണ് രാജവീഥികള്‍ പൊതുവീഥികളായി മാറ്റിയത്. പഞ്ചമിമാരുടെ പ്രാതിനിധ്യ പ്രശ്‌നങ്ങളാണ് 'പാഠമില്ലെങ്കില്‍ പാടത്തേക്കില്ല' സമരങ്ങള്‍ പ്രധാനമായും ഉന്നയിച്ചത്. കര്‍ഷക പ്രശ്‌നം എന്നതിനേക്കാള്‍ പ്രാതിനിധ്യ പ്രശ്‌നമാണ് അവിടെ നമുക്ക് കാണാന്‍ കഴിയുക. കേരളത്തിലെ എല്ലാ 'പൊതു'കളും അങ്ങനെ ഉണ്ടായതാണ്; അല്ല ഉണ്ടാക്കിയതാണ്. എന്നാല്‍, ഇന്നും പൊതുവായി മാറിയിട്ടില്ലാത്ത നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. സവര്‍ണ്ണ അഗ്രഹാരങ്ങളുടെ തനി സ്വരൂപങ്ങള്‍. അത്തരം ഇടങ്ങളെ ജനാധിപത്യവത്കരിക്കുന്നതിനെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. കേരളപ്പിറവിയോടെ, ബാലറ്റിലൂടെ ലോകത്തെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ, ഭൂപരിഷ്‌കരണത്തിലൂടെ പ്രശ്‌നങ്ങളൊക്കെ അവസാനിച്ചു എന്ന് പറഞ്ഞു പറ്റിക്കാന്‍ ശ്രമിക്കുന്നവരോട് എങ്കില്‍ നിങ്ങള്‍ പറയുന്നത് വിശ്വസിക്കണമെങ്കില്‍ കണക്കുകള്‍ ഒന്ന് കാണിച്ചു തരൂ എന്ന് മാത്രമാണ് നമ്മള്‍ തിരിച്ചു പറയുന്നത്. അപ്പോള്‍ കണക്കെടുപ്പ് കേന്ദ്രം നടത്തട്ടെ എന്നും കണക്കെടുപ്പ് ഭീമമായ ചിലവുള്ള ഏര്‍പ്പാടാണെന്നും പറഞ്ഞ് തടി തപ്പുന്നത് പരിഹാസ്യമായ നിലപാടാണ്.


 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷഹ്‌ല പെരുമാള്‍

Writer

Similar News